Sports
aiden markram

aiden markram

Sports

അടിയോടടി; പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

Web Desk
|
7 Oct 2023 3:15 PM GMT

കളിയുടെ 49ാം ഓവറിലാണ് ദക്ഷിണാഫ്രിക്ക 400 എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടത്

ന്യൂഡല്‍ഹി: അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബോളിങ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ശനക ഇത്രയും വലിയൊരു ദുരന്തം പ്രതീക്ഷിച്ച് കാണില്ല. രണ്ടാം ഓവറിൽ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംപാ ബാവുമ പുറത്തായപ്പോള്‍ ശനകയുടെ തീരുമാനം ശരിയായിരുന്നുവെന്ന് ആരാധകര്‍ മനസ്സില്‍ പറഞ്ഞു കാണണം.

എന്നാല്‍ ശ്രീലങ്കയുടെ മുഴുവൻ കണക്കു കൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പിന്നീട് പുറത്തെടുത്തത്. മൂന്ന് ബാറ്റർമാരാണ് ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി കുറിച്ചത്. അതും ടി20 മോഡില്‍. ഓപ്പണർ ക്വിന്റൺ ഡീക്കോക്ക് 100 റൺസെടുത്തപ്പോൾ റസി വാൻഡർ ഡസൻ 108 റൺസും എയ്ഡൻ മാർക്രം 106 റൺസുമെടുത്തു. ഒടുക്കം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് ഒരു കൂറ്റന്‍ സംഖ്യ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

ലോകകപ്പിലെ ഒരുപിടി റെക്കോര്‍ഡുകളാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പഴങ്കഥയാക്കിയത്. ലോകകപ്പില്‍ ഒരു മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് ദക്ഷിണാഫ്രിക്കയുടേത്. 2015 ല്‍ ഓസീസ് അഫ്ഗാനിസ്താനെതിരെ നേടിയ 417 റണ്‍സിന്‍റെ റെക്കോര്‍ഡാണ് തകര്‍ന്നത്. ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്കോറും ഇതു തന്നെ. ലോകകപ്പിലെ ഒരു മത്സരത്തില്‍ മൂന്ന് ബാറ്റര്‍മാര്‍ ടീമിനായി സെഞ്ചുറി കുറിക്കുന്നത് ഇതാദ്യമായിട്ടാണ്. ഒപ്പം ലോകകപ്പില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കുറിച്ച് എയ്ഡന്‍ മാര്‍ക്രവും ചരിത്രമെഴുതി. 2011 ല്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍റ് താരം കെവിന്‍ ഒബ്രയാന്‍ 50 പന്തില്‍ കുറിച്ച സെഞ്ചുറിയുടെ റെക്കോര്‍ഡാണ് മാര്‍ക്രം പഴങ്കഥയാക്കിയത്.

രണ്ടാം ഓവറില്‍ നായകന്‍ ടെംപാ ബാവുമ പുറത്തായ ശേഷം ഒത്തു ചേർന്ന ക്വിന്‍റന്‍ ഡീക്കോക്ക് വാൻഡർ ഡസൻ സഖ്യം ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. സ്‌കോർബോർഡിൽ 200 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്. 84 പന്തിൽ 12 ഫോറും മൂന്ന് ഫോറും സഹിതമാണ് ഡീക്കോക്ക് 100 റൺസ് അടിച്ചെടുത്തത്. പിന്നീട് ക്രീസിലെത്തിയ എയ്ഡൻ മാർക്രമിനൊപ്പം സ്‌കോറുയർത്തിയ വാൻഡർഡസൻ 37ാം ഓവറിൽ വെല്ലലഗെക്ക് മുന്നിൽ വീണു.

എന്നാൽ വാൻഡർ ഡസൻ നിർത്തിയേടത്ത് നിന്ന് മാർക്രം തുടങ്ങുകയായിരുന്നു. വെറും 49 പന്തിലാണ് മാർക്രം സെഞ്ച്വറി തികച്ചത്. 14 ഫോറുകളും മൂന്ന് സിക്‌സുകളും മാർക്രമിന്റെ ഇന്നിങ്‌സിന് അകമ്പടിയേകി. പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച ഹെൻഡ്രിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്‌കോർബോർഡിന് വേഗം കൂട്ടി. ഒടുക്കം 49ാം ഓവറിൽ ദക്ഷിണാഫ്രിക്ക 400 എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടു. ക്ലാസൻ 32 റൺസെടുത്തപ്പോൽ മില്ലർ 39 റൺസെടുത്ത് പുറത്താവാതെ നിന്നു.

മത്സരത്തില്‍ ശ്രീലങ്കക്കായി പന്തെടുത്തവരൊക്കെ അടിവാങ്ങിക്കൂട്ടി. കസൂൻ രജിത പത്തോവറിൽ 90 റൺസ് വഴങ്ങിയപ്പോൾ പതിരാന 95 റൺസും വെല്ലലഗെ 81 റൺസുമാണ് വഴങ്ങിയത്.

Similar Posts