Sports
മൊറോക്കോയെ ഭയക്കണം... കഴിഞ്ഞ ലോകകപ്പിലെ ഓര്‍മകളില്‍ സ്പെയിന്‍
Sports

മൊറോക്കോയെ ഭയക്കണം... കഴിഞ്ഞ ലോകകപ്പിലെ ഓര്‍മകളില്‍ സ്പെയിന്‍

Web Desk
|
6 Dec 2022 1:19 PM GMT

ഇതിനുമുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്ന ഒരേയൊരു ലോകകപ്പ് പോരാട്ടത്തില്‍ സ്പെയിനെ വിറപ്പിച്ചവരാണ് മൊറോക്കോ.

ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ വീഴ്ത്തി പ്രീക്വാര്‍ട്ടറിലെത്തിയ മൊറോക്കോയെ ഭയക്കണം... ഇന്ന് സ്പെയിന്‍ താരങ്ങളോട് എൻറിക്വെ ടീം മൊറോക്കോയെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ടാകണം കടലാസിലും അനുഭവസമ്പത്തിലുമെല്ലാം സ്പെയിനാണ് മുന്നിലെങ്കിലും മൊറോക്കോയുടെ കരുത്തിനെ ഒരിക്കലും സ്പെയിന്‍ വിലകുറച്ചുകാണാന്‍‌ വഴിയില്ല.

ചരിത്രത്തില്‍ രണ്ടാം തവണയാണ് സ്പെയിനും മൊറോക്കോയും ലോകകപ്പില്‍ ഏറ്റുമുട്ടാന്‍ പോകുന്നത്. ഇതിനുമുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്ന ഒരേയൊരു ലോകകപ്പ് പോരാട്ടത്തില്‍ സ്പെയിനെ വിറപ്പിച്ചവരാണ് മൊറോക്കോ. 2018ലെ റഷ്യന്‍ ലോകകപ്പിലായിരുന്നു ആ മത്സരം. അന്ന് രണ്ട് തവണയാണ് മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനെതിരെ മൊറോക്കോ ലീഡ് ചെയ്തതത്. അന്ന് രണ്ട് തവണ പിന്നില്‍ നിന്ന് ശേഷം തിരിച്ച് ഗോളടിച്ചാണ് സ്പെയിന്‍ സമനില പിടിച്ചത്.

അന്ന് കളി തുടങ്ങി 14-ാം മിനുട്ടില്‍ ഖാലിദ് ബൌത്തായിബിലൂടെ സ്പെയിനെ ഞെട്ടിച്ച് മൊറോക്കോ ആദ്യം സ്കോര്‍ ചെയ്തു. എന്നാല്‍ അഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍ സ്പെയിന്‍ തിരിച്ചടിച്ചു. ഇസ്കോയിലൂടെയായിരുന്നു സ്പെയിന്‍റെ ആക്രമണം. പിന്നീട് തുടരെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തില്‍ കളിയുടെ 81-ാം മിനുട്ടില്‍ മൊറോക്കോ വീണ്ടും ലീഡെടുത്തു. യൂസുഫ് എന്‍ നെസിരിയാണ് ഇത്തവൺ മൊറോക്കോക്കായി വെടിപൊട്ടിച്ചത്.

അങ്ങനെ അന്ന് ലോകഫുട്ബോളില്‍ 46-ാം റാങ്കിലുള്ള മൊറോക്കോ ഒന്‍പതാം റാങ്കുകാരായ സ്പെയിനെ അട്ടിമറിക്കുമെന്ന് ഏവരും കരുതി. പക്ഷേ ഇന്‍ജുറി ടൈമിന്‍റെ അവസാനം ലാഗോ അസ്പാസിലൂടെ സ്പെയിന്‍ മാനം കാത്തു. ജയത്തോളം പോന്ന സമനിലയുമായാണ് അന്ന് മൊറോക്കോ തിരിച്ചുകയറിയത്.

തമ്മില്‍ ഏറ്റുമുട്ടിയതിന്‍റെ കണക്ക് പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം സ്പെയിന് തന്നെയാണ്. ആകെ ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച സ്പെയിന്‍ അവസാന മത്സരത്തില്‍ സമനിലയും വഴങ്ങി. അതേസമയം ചരിത്രത്തില്‍‌ രണ്ടാം തവണ മാത്രമാണ് മൊറോക്കോ നോക്കൌട്ട് റൌണ്ടിലേക്ക് എത്തുന്നത്. ഇതിനുമുമ്പ് 1986ല്‍ പോര്‍ച്ചുഗലിനെ (3-1)ന് തകര്‍ത്താണ് മൊറോക്കോ ആദ്യമായി പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത് അന്നുപക്ഷേ വെസ്റ്റ് ജര്‍മനിയുമായി തോറ്റ് മടങ്ങാനായിരുന്നു മൊറോക്കോയുടെ വിധി.

സ്പെയിന്‍

ഏഴ് അടിച്ച് നേടിയ ആദ്യ ജയം. ഗോൾ അടിച്ചങ്കിലും ജർമനിയോട് സമനില. ജപ്പാനോട് ഏറ്റ അപ്രതീക്ഷിത തോൽവി. സ്പാനിഷ് സംഘത്തിന്റെ കരുത്തും ദൗർബല്യവും ഗ്രൂപ്പ് സ്റ്റേജിൽ തന്നെ വ്യക്തം. പക്ഷേ പ്രീക്വാർട്ടറിനിറങ്ങുമ്പോൾ മുൻതൂക്കം സ്പെയിനിന് തന്നെയാണ്.ഒരു ടീം എന്ന നിലയിൽ സംഘടിതമാണ് എൻറിക്വെയുടെ പട. കുറിയ പാസുകളിൽ കളി മെനയുന്ന ശൈലിയിൽ തന്നെയാണ് വിശ്വാസം. യുവത്വവും പരിജയസമ്പത്തും ചേർന്നതാണ് മധ്യനിര. മുന്നേറ്റം ഇതിനോടകം കഴിവ് തെളിയിച്ചവരാണ്. പ്രതിരോധനിരയിൽ പാളിച്ചകളുണ്ട്. ഫെറൻ ടോറസ്, ഗാവി, പെഡ്രി, മെറാട്ട, ഓൽമോ ഈ ലോകകപ്പിൽ ഗോൾ നേടിയവർ ഇനിയുമുണ്ട് സ്പാനിഷ് സംഘത്തിൽ.

മൊറോക്കോ

അതേസമയം പ്രവചനങ്ങളെ കാറ്റിൽ പറത്തി തോൽവി അറിയാതെ കുത്തിക്കുകയാണ് മൊറോക്കോ. സമനിലയോടെ തുടങ്ങിയ യാത്ര തുടർ വിജയങ്ങളിലാണ് എത്തിനിൽക്കുന്നത്. തോൽപ്പിച്ചവരുടെ കൂട്ടത്തിൽ ലോകരണ്ടാം റാങ്കുകാരുമുണ്ട്. കായികക്ഷമതയും, ആസൂത്രണവുമാണ് ടീമിന്റെ കരുത്ത്. യൂറോപ്യൻ ലീഗുകളിലെ ഒരുപിടി താരങ്ങളും മൊറോക്കോയുടെ പ്രതീക്ഷയാണ്. ചടുലമായ കൗണ്ടർ നീക്കങ്ങളിലൂടെ ഗോൾ നേടുന്നതാണ് കളിശൈലി. ഇതിനോടകം നാലു ഗോളുകൾ നേടിയ മുന്നേറ്റനിര അവസരങ്ങൾ മുതലാക്കാൻ കെൽപ്പുള്ളവരാണ്. സ്പാനിഷ് ടിക്കിടാക്കയെ മറിക്കടക്കാൻ പോന്നതാണ് അഷ്റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധം. കടലാസിൽ കരുത്തർ സ്പെയിനാണ്, പക്ഷേ ആരെയും വീഴ്ത്തുമെന്ന് തെളിയിച്ചവരാണ് മൊറോക്കൊ. അവകാശവാദങ്ങളൊന്നും ഇല്ലാതെയായിരുന്നു മൊറോക്കോയുടെ വരവ്


Similar Posts