റഷ്യക്കെതിരെ കായികലോകത്തും പ്രതിഷേധം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റിയേക്കും
|വിവിധ രാജ്യങ്ങളും താരങ്ങളും റഷ്യയിൽ കളിക്കാനാകില്ലെന്ന് വ്യക്തമാക്കി
യുക്രൈൻ ആക്രമണത്തിൽ റഷ്യക്കെതിരെ കായികലോകത്തും പ്രതിഷേധം ശക്തമാകുന്നു. വിവിധ രാജ്യങ്ങളും താരങ്ങളും റഷ്യയിൽ കളിക്കാനാകില്ലെന്ന് വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദിമാറ്റം ചർച്ച ചെയ്യാനായി അടിയന്തരയോഗം ചേരുമെന്ന് യുവേഫ അറിയിച്ചു.
ക്ലബ് ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടമായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേദിയാകേണ്ടത് റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗായിരുന്നു. എന്നാൽ യുദ്ധം ആരംഭിച്ചതോടെ പല ടീമുകളും റഷ്യയിൽ കളിക്കാനാകില്ലെന്ന് അറിയിച്ചു. പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ ടീമുകളാണ് പ്രധാനമായും എതിർപ്പറിയിച്ചത്.
സുരക്ഷാ പ്രശ്നം കൂടി കണക്കിലെടുത്ത് കലാശപ്പോരിന്റെ വേദിമാറ്റം തീരുമാനിക്കാനായി യുവേഫ ഇന്ന് അടിയന്തരയോഗം ചേരും. റഷ്യയെ ഫിഫയിൽ നിന്ന് തന്നെ പുറത്താക്കണമെന്നാണ് യുക്രൈനിന്റെ ആവശ്യം. യൂറോപ്പ ലീഗിലെ ഇന്നലത്തെ മത്സരത്തിന് മുമ്പ് ബാഴ്സലോണയും നാപ്പോളിയും യുദ്ധത്തിനെതിരെ ബാനറുയർത്തി. അത്‍ലാന്റക്കായി ഇരട്ടഗോൾ നേടിയ യുക്രൈൻ താരം മലിനോവ്സ്ക്കിയും യുദ്ധത്തിനെതിരെ നിലപാട് വ്യക്തമാക്കി.
ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം ഡാനിൽ മെദ്വദേവ് , ഫോർമുലവൺ ജേതാവ് മാക്സ് വേഴ്സറ്റപ്പൻ, മുൻ ചാമ്പ്യൻ സെബാസ്റ്റന്‍ വെറ്റൽ തുടങ്ങിയവരും യുക്രൈന് ഐക്യദാർഢ്യമറിയിച്ചു. വേഴ്സറ്റപ്പനും വെറ്റലും ഇത്തവണ റഷ്യൻ ഗ്രാൻഡ് പ്രിക്സിൽ കളിക്കില്ല.