ശ്രീജേഷ് ഇന്നു നാട്ടിലെത്തും; ഗംഭീര വരവേൽപ്പിനൊരുങ്ങി നാട്
|വൈകിട്ട് അഞ്ചു മണിയോടെ നെടുമ്പാശ്ശേരിയിൽ എത്തുന്ന ശ്രീജേഷിന് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും
ഒളിമ്പിക് ഹോക്കി താരം ശ്രീജേഷ് ഇന്ന് നാട്ടിലെത്തും. വൈകിട്ട് അഞ്ചു മണിയോടെ നെടുമ്പാശ്ശേരിയിൽ എത്തുന്ന ശ്രീജേഷിന് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. വാഹന വ്യൂഹത്തിന്‍റെ അകമ്പടിയോടെ ആയിരിക്കും ജന്മനാടായ കിഴക്കമ്പലത്ത് എത്തുക.
വീട്ടുകാരും നാട്ടുകാരുമെല്ലാം ഒരുപോലെ കാത്തിരിക്കുകയാണ് രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിയ ഒളിമ്പിക് ഹോക്കി ടീമിന്‍റെ കാവൽക്കാരനായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർക്കാർ സ്വീകരണം നല്‍കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ, എറണാകുളം ജില്ലാ കലക്ടർ, എന്നിവർ പങ്കെടുക്കും. കാലടി പെരുമ്പാവൂർ പോഞ്ഞാശ്ശേരി വഴി ശ്രീജേഷിന്‍റെ ജന്മനാടായ കിഴക്കമ്പലം വരെ വാഹനവ്യൂഹം അനുഗമിക്കും. മത്സരങ്ങളിൽ ഉടനീളം ധീരമായ പോരാട്ടം കാഴ്ചവെച്ച ശ്രീജേഷിനായി ജന്മനാട്ടിൽ വിവിധ സംഘടനകളുടെയും കായികപ്രേമികളും വക ഊഷ്മള വരവേൽപ്പും ഉണ്ടാകും.