വാരിക്കുഴിയൊരുക്കി വാന്‍ഡര്‍സേ; ഇന്ത്യക്ക് 32 റണ്‍സിന്‍റെ തോല്‍വി
|ജെഫ്രി വാന്‍ഡര്‍സേക്ക് ആറ് വിക്കറ്റ്
കൊളംബോ: ജെഫ്രി വാൻഡർസേയുടെ കറങ്ങിത്തിരിയുന്ന പന്തുകൾക്ക് മുന്നിൽ പേരുകേട്ട ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 32 റൺസിനാണ് ലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിത്. ശ്രീലങ്ക ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 208 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജെഫ്രി വാൻഡർഡേ പത്തോവറിൽ വെറും 33 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. വാൻഡർസേ തന്നെയാണ് കളിയിലെ താരം.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. സ്‌കോർ ബോർഡിൽ 97 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് ജോഡി വേർപിരിഞ്ഞത്. ഇന്ത്യ അനായാസം വിജയം പിടിച്ചെടുക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മാന്ത്രികപ്പന്തുമായി വാൻഡർസേ അവതരിച്ചത്. 14ാം ഓവറിൽ അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയെ പതൂം നിസംഗയുടെ കയ്യിലെത്തിച്ച വാൻഡർസേ 18ാം ഓവറിൽ ഗില്ലിനെ കമിന്ദു മെൻഡിസിന്റെ കയ്യിലെത്തിച്ചു. അതേ ഓവറിൽ തന്നെ ശിവം ദൂബേയേയും കൂടാരം കയറ്റി വാൻഡർസേ ഒരു വലിയ മുന്നറിയിപ്പ് നൽകി. പിന്നെ തുടരെ വിക്കറ്റുകൾ. വിരാട് കോഹ്‍ലിയും ശ്രേയസ് അയ്യറും കെ.എൽ രാഹുലുമൊക്കെ വാൻഡർസേയുടെ കറങ്ങിത്തിരിയുന്ന പന്തുകൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ വീണു.
അക്‌സർ പട്ടേൽ പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ വിജയതീരമണക്കാനായില്ല. അക്സര്‍ 44 റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കക്കായി ചരിത് അസലങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തേ ആവിഷ്‌ക ഫെർണാണ്ടോയും കമിന്ദു മെന്റിസും ദുനിത് വെല്ലലകയും കുശാൽ മെന്റിസും ചേർന്നാണ് ലങ്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റ് വീഴ്ത്തി.