![സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിയറ വച്ച പരമ്പര; ഗംഭീര്‍ എയറില്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിയറ വച്ച പരമ്പര; ഗംഭീര്‍ എയറില്‍](https://www.mediaoneonline.com/h-upload/2024/08/08/1437286-mhgsjgfs.webp)
സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിയറ വച്ച പരമ്പര; ഗംഭീര്‍ എയറില്‍
![](/images/authorplaceholder.jpg?type=1&v=2)
പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ശ്രീലങ്കൻ സ്പിന്നർമാർ കൊയ്തത് 27 വിക്കറ്റുകളാണ്
'ശ്രീലങ്കക്കെതിരെ ഒരു പരമ്പര നഷ്ടപ്പെട്ടു എന്ന് വച്ച് ലോകം അവസാനിക്കാൻ പോവുന്നൊന്നുമില്ല. അതൊക്കെ എവിടെ വച്ചും സംഭവിക്കാം' ശ്രീലങ്കൻ മണ്ണിൽ ഏകദിന പരമ്പര അടിയറ വച്ചതിന് പിറകേ ഇന്ത്യൻ നായകൻ രോഹിത് ശർമ ഏറെ വികാരഭരിതനായിരുന്നു. നീണ്ട 27 വർഷങ്ങൾ. 21ാം നൂറ്റാണ്ടിൽ ഇതാദ്യമായാണ് ശ്രീലങ്കയോട് ഇന്ത്യ ഒരു ഏകദിന പരമ്പര തോൽക്കുന്നത്. ഏറ്റവും അവസാനമായി തോറ്റത് 1997 ൽ. ഗൗതം ഗംഭീർ പരിശീലക വേഷത്തിലെത്തിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പര തോറ്റ് തുടങ്ങാനായിരുന്നു വിധി.
ശ്രീലങ്കൻ സ്പിന്നർമാരുടെ കറങ്ങിത്തിരിയുന്ന പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് ലങ്കൻ മണ്ണിൽ നമ്മൾ കണ്ടത്. തോറ്റ രണ്ട് മത്സരങ്ങളിലും സ്പിന്നർമാരാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരക്ക് വാരിക്കുഴിയൊരുക്കിയത്. രണ്ടാം ഏകദിനത്തിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന രോഹിതിനേയും സംഘത്തേയും വീഴ്ത്തിയത് ജെഫ്രി വാൻഡർസേ ആയിരുന്നെങ്കിലും നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ വീണത് ദുനിത് വെല്ലലഗേക്ക് മുന്നിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും ടൂർണമെന്റിൽ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനായിട്ടില്ല എന്നത് ഈ തോൽവിയുടെ ആഴമേറ്റുന്നുണ്ട്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യൻ സ്‌കോർ ബോർഡ് കണ്ടത് രണ്ടേ രണ്ട് അർധ സെഞ്ച്വറികൾ. രണ്ടും പിറന്നത് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്ന്. അക്‌സർ പട്ടേൽ രണ്ടാം ഏകദിനത്തിൽ അടിച്ചെടുത്ത 44 റൺസാണ് ഇന്ത്യയുടെ മികച്ച മൂന്നാമത്തെ ടോപ് സ്‌കോർ. വിരാട് കോഹ്ലിയടക്കമുള്ള വമ്പൻ പേരുകാർക്കൊക്കെ ലങ്കൻ മൈതാനങ്ങളിൽ മുട്ടിടിച്ചു.
മൂന്നാം ഏകദിനത്തിൽ ഏറെ ദയനീയമായിരുന്നു ഇന്ത്യയുടെ തോൽവി. 110 റൺസിന്റെ കൂറ്റൻ ജയമാണ് ലങ്ക സ്വന്തമാക്കിയത്. വെറും 27ാം ഓവർ പിന്നിടും മുമ്പേ ഇന്ത്യൻ ബാറ്റർമാരെല്ലാം കൂടാരത്തിലെത്തി. ഇക്കുറിയും ക്യാപ്റ്റൻ രോഹിത് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. എന്നാൽ വെല്ലലഗേയും വാൻഡർസേയും തീക്ഷ്ണയും ചേർന്ന് ഇന്ത്യൻ പ്രതീക്ഷകൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തി. ആറ് ബാറ്റർമാരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കാണാതെ വീണത്. ശുഭ്മാൻ ഗില്ലും, ശ്രേയസ് അയ്യറും, ഋഷഭ് പന്തും, ശിവം ദൂബേയും അക്‌സർ പട്ടേലുമൊക്കെ അക്കൂട്ടത്തിലുണ്ട്.
രണ്ടാം ഏകദിനത്തിൽ 13 ഓവർ പിന്നിടുമ്പോൾ 97 റൺസെടുക്കുന്നതിനിടെ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടമായ ഇന്ത്യയെ ലങ്ക തോൽപ്പിക്കുമെന്ന് സ്വപ്‌നത്തിൽ പോലും ആരും കരുതിക്കാണില്ല. അത് വരെ ക്രിക്കറ്റ് ലോകത്ത് അത്ര ഉച്ചത്തിൽ മുഴങ്ങിക്കേട്ടിട്ടില്ലാത്ത ജെഫ്രി വാൻഡർസേയുടെ പേര് പിന്നെയെല്ലാവരും കേട്ടു. വാൻഡർസേയുടെ പന്തിന്റെ ഗതിയറിയാതെ പ്രേമദാസ സ്‌റ്റേഡിയത്തിൽ വീണവരിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും കെ.എൽ രാഹുലും ശുഭ്മാൻ ഗില്ലുമൊക്കെ ഉണ്ടായിരുന്നു.ജെഫ്രി അന്ന് വീഴ്ത്തിയ ആറ് പേരും ഇന്ത്യയുടെ മികച്ച ബാറ്റർമാർ.
പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ശ്രീലങ്കൻ സ്പിന്നർമാർ മാത്രം കൊയ്തത് 27 വിക്കറ്റുകൾ. ഒരു ഏകദിന പരമ്പരയിൽ ഇന്ത്യക്കെതിരെ മറ്റൊരു ടീമിനും ഇങ്ങനെയൊരു നേട്ടമില്ലെന്നോർക്കണം. തോറ്റ രണ്ട് മത്സരങ്ങളിലും ഒന്ന് പൊരുതി നോക്കാൻ പോലുമാവാതെയാണ് ഇന്ത്യ വീണത്. ഓപ്പണർമാർ മികച്ച തുടക്കം നൽകുമ്പോഴും മിഡിൽ ഓർഡർ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. സ്പിന്നർമാരെ തുണക്കുന്ന പിച്ചുകളിൽ ശ്രീലങ്കൻ സ്പിന്നർമാർക്കെതിരെ ഗൗതം ഗംഭീറിന് പ്രത്യേകിച്ച് പ്ലാനുകളൊന്നുമുണ്ടായില്ല. അനായാസം ജയിക്കാമായിരുന്ന ആദ്യ മത്സരം. കൈവെള്ളയിലുണ്ടായിട്ടും കൈവിട്ട് കളഞ്ഞ രണ്ടാം മത്സരം. ഇതിൽ നിന്നൊന്നും പാഠമുൾക്കൊള്ളാതെ അടിയറവ് പറഞ്ഞ് മൂന്നാം മത്സരം. ലങ്കക്കെതിരായ പരമ്പര തോല്‍വിയെ ഇങ്ങനെ വായിക്കാം.
ടൂർണമെന്റിൽ രോഹിത് ശർമയൊഴികെ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ വമ്പൻ പേരുകാരിൽ പലരുടേയും ബാറ്റിങ് ആവറേജ് 20 കടന്നിട്ടില്ല എന്നോര്‍ക്കണം. 19.33 ശരാശരിയിലാണ് കോഹ്ലി സീരീസ് അവസാനിപ്പിച്ചത്. ശ്രീലങ്കക്കെതിരെ 7 പരമ്പരകളിൽ ബാറ്റ് വീശിയ കോഹ്ലിയുടെ ഏറ്റവും കുറഞ്ഞ ശരാശരി ഇതാണ്.
പരമ്പരയിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ പരീശീലകന്‍ ഗൌതം ഗംഭീറും റിഷഭ് പന്തും ആരാധകരും ക്രൂരമായ ട്രോളുകള്‍ക്കിരയായി. 28 വര്‍ഷത്തിന് ശേഷം ലോകകപ്പ് നേടിയപ്പോള്‍ അതിന്‍റെ ക്രെഡിറ്റ് ആവശ്യപ്പെട്ട ഗംഭീര്‍ 27 വര്‍ഷത്തിന് ശേഷം ലങ്കക്കെതിരായ പരമ്പരയിലെ തോല്‍വിയുടെ ക്രെഡിറ്റ് കൂടെ ഏറ്റെടുക്കണം എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്.
ഒരു സ്റ്റൈലിഷ് സ്റ്റമ്പിങ് ശ്രമം പാളിയതാണ് ഋഷഭ് പന്തിന് വിനയായത്. കുൽദീപ് യാദവ് എറിഞ്ഞ് 49-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. മഹീഷ് തീക്ഷണയായിരുന്നു അപ്പോള്‍ ക്രീസില്‍. കുല്‍ദീപിനെതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച തീക്ഷ്ണക്ക് പാളി. പന്ത് ബാറ്റിൽതൊടാതെ കീപ്പറുടെ കൈകളിലേക്ക്. ശ്രീലങ്കന്‍ താരത്തെ അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കാമായിരുന്നെങ്കിലും ബോൾ കൈവശംവെച്ച് സമയമെടുത്താണ് പന്ത് ബെയ്ൽസ് ഇളക്കിയത്. എന്നാൽ അപ്പോഴേക്കും ബാറ്റർ ക്രീസിലെത്തിയിരുന്നു.
സ്റ്റമ്പിങ് നഷ്ടപ്പെടുത്തിയതിന് താരത്തിന് രോഹിത് ശർമയിൽ നിന്ന് ശകാരവും ഏറ്റുവാങ്ങേണ്ടിവന്നു. പിന്നെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ ഘോഷയാത്രയായിരുന്നു. എം.എസ് ധോണിയെപോലെയാകാൻ നോക്കിയതാണ്. പക്ഷെ പാളി പോയെന്നാണ് പലരും എഴുതിയത്. ബാറ്റിങ്ങിലും പന്ത് അമ്പേ പരാജയമായിരുന്നു. തോല്‍വിക്ക് ശേഷം മലയാളി താരം സഞ്ജു സാംസണും ട്രോളുകളില്‍ നിറഞ്ഞു. സഞ്ജുവിന് ടൂര്‍ണമെന്‍റില്‍ അവസരം ലഭിക്കാതിരുന്നത് നന്നായെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ തുടരെ പരാജയപ്പെടുന്ന പലരും ടീമില്‍ സ്ഥിരസാന്നിധ്യമാവുന്നതും സഞ്ജുവിനോടുള്ള അവഗണനയും വീണ്ടും ചിലര്‍ കുത്തിപ്പൊക്കി.
ഇന്ത്യന്‍ നായകന്‍ പറഞ്ഞത് പോലെ ഒരു പരമ്പര തോല്‍വി കൊണ്ട് ലോകമൊന്നും അവസാനിക്കില്ല. എന്നാല്‍ മാസങ്ങളകലെ ചാമ്പ്യൻ ട്രോഫി മുന്നിൽ നിൽക്കേ ടൂര്‍ണമെന്‍റിന് യോഗ്യത പോലും നേടാത്ത ശ്രീലങ്കയോടുള്ള പരാജയം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെ ഇരുത്തിച്ചിന്തിക്കുമെന്നുറപ്പ്.