സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം
|നാലാം ദിനത്തിൽ പാലക്കാടിന്റെ അമൃത് ട്രിപ്പിൾ സ്വർണം നേടി
എറണാകുളം: സംസ്ഥാന സ്കൂൾ കായികമേളയിൽ 1905 പോയിന്റോടെ തിരുവനന്തപുരം ഓവറോൾ കിരീടം ഉറപ്പിച്ചു. തൃശൂരും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. അത്ലറ്റിക്സിൽ നാലാം ദിനത്തിലും മലപ്പുറം മുന്നേറ്റം തുടരുകയാണ്. പാലക്കാടാണ് തൊട്ടുപിന്നിൽ.
സ്‌കൂളുകളിൽ കോതമംഗലം മാർ ബേസിലിനെ പിന്തള്ളി കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി ഒന്നാമതെത്തി. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോടിന്റെ സർവാൻ കെ.സി മീറ്റ് റെക്കോർഡോടെ സ്വർണം നേടി. ഉച്ചകഴിഞ്ഞ് 16 ഫൈനലുകൾ കൂടി നടക്കും.
നാലാം ദിനത്തിൽ പാലക്കാടിന്റെ അമൃത് ട്രിപ്പിൾ സ്വർണം നേടി. നേരത്തെ ജൂനിയർ ആൺകുട്ടികളുടെ 800 മീറ്ററിലും 400 മീറ്ററിലും സ്വർണം നേടിയ അമൃത് ഇന്ന് രാവിലെ നടന്ന 1500 മീറ്ററിൽ കൂടി സ്വർണം നേടിയതോടെയാണ് മേളയിലെ ആദ്യ ട്രിപ്പിൾ സ്വർണം സ്വന്തം പേരിൽ ആക്കിയത്. കല്ലടി ജിഎച്എസ്എസിലെ വിദ്യാർഥിയായ അമൃതിന്റെ പരിശീലകൻ നവാസാണ്. 1500 മീറ്ററിൽ മികച്ച സമയം കണ്ടെത്താനായില്ല എന്നും, ട്രിപ്പിൾ നേട്ടം സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്നും അമൃത് പ്രതികരിച്ചു .