Sports
school athletic meet kerala

പ്രതീകാതമക ചിത്രം

Sports

65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം

Web Desk
|
16 Oct 2023 1:37 AM GMT

15 വർഷത്തിനുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത്

തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും. ഇന്ന് രജിസ്ട്രേഷനും മറ്റു കാര്യങ്ങളുമാണ് നടക്കുക. 15 വർഷത്തിനുശേഷമാണ് തൃശൂര്‍ ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത്. ഗ്രൗണ്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

ഇനിയുള്ള നാല് ദിനങ്ങൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾ കാണാം. പുത്തൻ താരങ്ങളും പുതിയ വേഗവും കുന്ദംകുളത്തെ ഗ്രൗണ്ടിൽ പിറക്കും. 98 ഇനങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ ആറ് വിഭാഗങ്ങളിലായി കായികമേളയിൽ മാറ്റുരയ്ക്കും. കഴിഞ്ഞ തവണ സംഘടിപ്പിച്ചതുപോലെ ഇത്തവണയും പകലും രാത്രിയുമായിട്ടാണ് കായികോത്സവം. ദേശീയ സ്കൂൾ മത്സരങ്ങൾ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതൽ ഗോവയിൽ നടക്കുന്നത് കൊണ്ടുമാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സർക്കാർ തീരുമാനിച്ചത്. കായിക മാമാങ്കത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും കുന്നംകുളത്തേക്ക് എത്തിത്തുടങ്ങി.

ഇരുപതാം തിയതി വൈകിട്ടാണ് സമാപന സമ്മേളനവും സമ്മാനദാനവും. ജില്ലയിലെ 15ലധികം സ്കൂളുകളിലാണ് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.കായി കോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 2,20,000 രൂപയാണ് സമ്മാനം. രണ്ടാമതെത്തുന്ന ജില്ലയ്ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നൽകും. ഗ്രൗണ്ടിൽ അത്യാധുനിക സംവിധാനത്തോടെ മെഡിക്കൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.



Similar Posts