റെക്കോർഡിന്റെ 'സ്കൈ'യിൽ വീണ്ടും സൂര്യകുമാർ; കുറഞ്ഞ പന്തുകളിൽ അതിവേഗത്തില്‍ 1000 റൺസ്
|കേവലം 574 പന്തുകൾ നേരിട്ടാണ് ടി20യിൽ സൂര്യകുമാർ 1000 റൺസ് തികച്ചത്.
ഗുവാഹത്തിയിൽ നടന്ന രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തകർത്ത് ടീം ഇന്ത്യയെ വിജയാകാശത്ത് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൂര്യകുമാർ ഗ്രൗണ്ടിൽ നിന്നും കാലെടുത്തു വച്ചത് റെക്കോർഡിന്റെ പുതിയ സ്കൈയിലേക്ക്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 1000 ടി20 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് സ്കൈ എന്ന് വിളിക്കപ്പെടുന്ന സൂര്യകുമാർ സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
കേവലം 574 പന്തുകൾ നേരിട്ടാണ് ടി20യിൽ സൂര്യകുമാർ 1000 റൺസ് തികച്ചത്. ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിനെ മറികടന്നാണ് സൂര്യകുമാർ പുതിയ റെക്കോർഡ് കുറിച്ചത്. മാക്സ്വെൽ തന്റെ 604ാം പന്തിലാണ് ടി20യിൽ 1000 റൺ പൂർത്തിയാക്കിയത്.
ന്യൂസിലൻഡ് താരം കോളിൻ മൻറോ ഈ പട്ടികയിൽ മൂന്നാമത്- 635 പന്തുകൾ. 640 പന്തുകളിൽ 1000 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് താരം എവിന്‍ ലൂയിസും 654 പന്തുകളിൽ ഈ നേട്ടത്തിലെത്തിയ മുൻ ശ്രീലങ്കൻ താരം തിസര പെരേരയുമാണ് നാലും അഞ്ചും സ്ഥാനത്ത്.
അതേസമയം, ഇന്നിങ്സുകളുടെ കണക്കെടുത്താൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായും ഈ 32കാരൻ മാറി. 31ാം ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം. ഈ നേട്ടത്തിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലുമാണ് സൂര്യകുമാറിന് മുമ്പേ ഈ നേട്ടം ഗ്ലൗസിലൊതുക്കിയവർ. 27 കളികളിൽ നിന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനായ കോഹ്ലി 1000 തികച്ചത്. രാഹുൽ 29ാം ഇന്നിങ്സിലും സഹസ്രനേട്ടം കുറിച്ചു.
ഉജ്വല ഫോമിൽ തുടരുന്ന സൂര്യകുമാർ, ഇന്നലത്തെ കളിയിൽ വെറും 22 പന്തിൽ 61 റൺസ് നേടിയാണ് ഇന്ത്യയെ 20 ഓവറിൽ 237 എന്ന കൂറ്റൻ സ്കോറിലേക്കെത്തിക്കുന്നതിൽ മുഖ്യ പടയാളിയായത്. 18 പന്തിലാണ് താര അർധ സെഞ്ച്വറി നേടിയത്. ഒടുവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 16 റൺസിന്റെ വിജയം നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് അപരാജിത ലീഡ് നേടിയിരിക്കുകയാണ്.
കാര്യവട്ടത്തു നടന്ന ആദ്യ മത്സരത്തിലും സ്കൈ ഇന്ത്യൻ വിജയത്തിന്റെ നെടുംതൂണായിരുന്നു. 107 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസോടെ എതിരാളികളെ വീഴ്ത്തി. സൂര്യകുമാർ 33 ബോളിൽ 50 തികച്ചപ്പോൾ രാഹുൽ 56 ബോളിലാണ് 51 എടുത്തത്. ടി20യില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരം എന്ന റെക്കോര്‍ഡും സ്കൈയുടെ പേരിലാണ്- 117 റണ്‍സ്. ഇതുകൂടാതെ, ഏറ്റവും കൂടുതല്‍ കരിയര്‍ സ്ട്രൈക്ക് റൈറ്റുള്ള താരവും ഈ മുംബൈ സ്വദേശിയാണ്.