നാലടിച്ച് കസ്റ്റല്ലാനോസ്; റയലിനെ നാണംകെടുത്തി ജിറോണ
|ഈ നൂറ്റാണ്ടില്‍ റയലിനെതിരെ ലാലീഗയില്‍ നാല് ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടം അര്‍ജന്‍റീനക്കാരന്‍ കസ്റ്റല്ലാനോസ് തന്‍റെ പേരില്‍ കുറിച്ചു
സ്പാനിഷ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ നാണംകെടുത്തി ഒമ്പതാം സ്ഥാനക്കാരായ ജിറോണ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ റയലിനെ പരാജയപ്പെടുത്തിയത്. ജിറോണയുടെ നാല് ഗോളുകളും സ്‌കോർ ചെയ്തത് അർജന്റൈൻ സ്‌ട്രൈക്കർ ടാറ്റി കസ്റ്റല്ലാനോസാണ്. ഈ നൂറ്റാണ്ടില്‍ റയലിനെതിരെ ലാലീഗയില്‍ നാല് ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടം കസ്റ്റല്ലാനോസ് തന്‍റെ പേരില്‍ കുറിച്ചു.
കളിയുടെ 11ാം മിനിറ്റിൽ ജിറോണ തന്നെയാണ് ആദ്യം മുന്നിലെത്തിയത്. മനോഹരമായൊരു ഹെഡ്ഡറിലൂടെ കസ്റ്റല്ലാനോസ് ലോസ് ബ്ലാങ്കോസിന് വരാനിക്കുന്നൊരു കൊടുങ്കാറ്റിന്റെ സൂചന നൽകി. 23ാം മിനിറ്റിൽ കസ്റ്റല്ലാനോസിന്റെ രണ്ടാം ഗോളും പിറന്നു. 33ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയറിലൂടെ റയലിന്റെ തിരിച്ചടി.
രണ്ടാം പകുതി ആരംഭിച്ച് ഒരു മിനിറ്റ് പിന്നിടും മുമ്പേ ജിറോണ മൂന്നാം തവണയും റയൽ വലകുലുക്കി. 61ാം മിനിറ്റിൽ റയലിന്റെ ശവപ്പെട്ടിയിൽ കസ്റ്റല്ലാനോസ് അവസാന ആണിയും അടിച്ചു. 84ാം മിനിറ്റിൽ വലകുലുക്കി ലൂകാസ് വാസ്‌ക്വെസ് റയലിന്റെ തോൽവിയുടെ കാഠിന്യം കുറച്ചു. മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ജിറോണയിലെത്തിയ കസ്റ്റല്ലാനോസ് സീസണില്‍ ജിറോണക്കായി 11 ഗോളുകള്‍ തന്‍റെ പേരില്‍ കുറിച്ച് കഴിഞ്ഞു.
ലാലീഗ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 65 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സക്കാവട്ടെ 76 പോയിന്റും. ബാഴ്‌സ റയലിനേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.