ടോക്കിയോ ഒളിംപിക്‌സിന് ഇനി പത്ത് നാള്‍
|ഉദ്ഘാടന ചടങ്ങിൽ ബോക്സിങ് താരം മേരി കോമും ഹോക്കി നായകൻ മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തും.
ടോക്കിയോ ഒളിംപിക്സിന് തിരിതെളിയാന്‍ ഇനി പത്ത് നാൾ. ജൂലൈ 23ന് ആണ് ഇരുപത്തിയൊൻപതാമത് ഒളിപിക്സിന് തുടക്കമാവുക. 206 രാജ്യങ്ങളിൽ നിന്നായി പതിനൊന്നായിരത്തിലേറെ താരങ്ങൾ ലോക കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കും.
നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ലോകം ജപ്പാനിൽ സംഘമിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളുമായാണ് ടോക്കിയോ ഒളിംപിക്സിന് തിരി തെളിയുന്നത്. കോവിഡ് കാരണം ഒരു വർഷം വൈകിയെത്തുന്ന മേളക്കെതിരെ ഇപ്പോഴും പ്രതിഷേധങ്ങളുണ്ട്.
ഒളിമ്പിക്സിന് കാണികളെ അനുവദിച്ചിട്ടില്ല. ഉദ്ഘാടന ചടങ്ങിലും തെരഞ്ഞെടുക്കപ്പെട്ട അതിഥികൾ മാത്രമാകും ഉണ്ടാവുക. ജൂലൈ 23 മുതൽ ഓഗസ്ത് 8 വരെ 17 ദിവസങ്ങളിലാണ് ഒളിമ്പിക്സ് നടക്കുക.
33 മത്സര ഇനങ്ങളിൽ നിന്നായി 339 സ്വർണ മെഡലുകൾ നിശ്ചയിക്കപ്പെടും. കൃത്യമായ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാകും മത്സരങ്ങൾ. കായിക താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ഒഫീഷ്യൽസുമടക്കം 201 പേരടങ്ങുന്ന ഇന്ത്യൻ സംഘവും ടോക്കിയോവിലെത്തും.
ഉദ്ഘാടന ചടങ്ങിൽ ബോക്സിങ് താരം മേരി കോമും ഹോക്കി നായകൻ മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തും. അത്‍ലറ്റിക് സംഘത്തിൽ 26 പേരാണ് ഇന്ത്യക്കുള്ളത്. അതിൽ ഏഴ് മലയാളികളുമുണ്ട്. മഹാമാരിയുടെ കാലത്തും കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ കരുത്തോടെ കായിക ലോകം തയ്യാറാവാനിരിക്കുകയാണ്.