ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍
|പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചായിരുന്നു പേസിന്‍റെ പാര്‍ട്ടി പ്രവേശനം
നടി നഫീസ അലിക്കു പിന്നാലെ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചായിരുന്നു പേസിന്‍റെ പാര്‍ട്ടി പ്രവേശനം.
വെള്ളിയാഴ്ചയാണ് പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി മമത ബാനര്‍ജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ''ലിയാണ്ടര്‍ പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. അവന്‍ എന്‍റെ ഇളയ സഹോദരനാണ്. സ്പോര്‍ട്സ്,യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലം തൊട്ടേ പേസിനെ അറിയാം. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു'' മമത പറഞ്ഞു. പശ്ചിമബംഗാളുകാരനായ പേസ് നിലവില്‍ മുംബൈയിലാണ് താമസം. എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡ് നേടിയിട്ടുമുണ്ട്.
Panaji: Tennis champion Leander Paes joins TMC in Goa, in the presence of West Bengal CM and party chief Mamata Banerjee. pic.twitter.com/rfcDXGjSAa
— ANI (@ANI) October 29, 2021