ആസ്ത്രേലിയൻ ഓപ്പണിനിടെ ഫലസ്തീൻ അനുകൂല പ്രതിഷേധം; മത്സരം നിർത്തിവെച്ചു
|ഫലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാണികളിൽ ഒരാൾ ലഘുലേഖകൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞത്.
മെൽബൺ: ആസ്ത്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെ ഫലസ്തീൻ അനുകൂല മുദ്രാവാക്യം. ഫലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാണികളിൽ ഒരാൾ ലഘുലേഖകൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞത്. നീല വസ്ത്രവും തൊപ്പിയും കറുത്ത മാസ്കും ധരിച്ചെത്തിയ സ്ത്രീയാണ് ഫലസ്തീൻ അനുകൂലമായി പ്രതികരിച്ചത്. ഗ്യാലറിയിലെ മുൻനിരയിലാണ് ഇവർ സ്ഥാനം പിടിച്ചിരുന്നത്.
പ്രതിഷേധത്തെ തുടർന്ന് ആസ്ത്രേലിയൻ ഓപ്പൺ നാലാം റൗണ്ട് മത്സരം നിർത്തിവെച്ചു. ഒളിംപിക് ചാമ്പ്യൻ അലക്സാണ്ടർ സ്വരേവും കാമറൂൺ നോറിയും തമ്മിലുള്ള മത്സരത്തിന്റെ മൂന്നാം സെറ്റ് പുരോഗമിക്കവെയാണ് സംഭവം. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധിച്ച സ്ത്രീയെ പുറത്താക്കി. അൽപസമയത്തിനകം മത്സരം പുനരാരംഭിച്ചു.
നേരത്തെയും പ്രധാന കായിക മത്സരങ്ങൾക്കിടെ ഫലസ്തീൻ അനുകൂല പ്രതിഷേധമുയർന്നിരുന്നു. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ ആസ്ത്രേലിയൻ യുവാവ് സുരക്ഷാ ജീവനക്കാരെ മറികടന്ന് മൈതാനത്തേക്ക് ഓടിയെത്തിയിരുന്നു. ഫലസ്തീൻ അനുകൂല ടി ഷർട്ട് ധരിച്ചാണ് താരം എത്തിയത്. ഖത്തറിൽ നടന്നുവരുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഫലസ്തീൻ ടീം പങ്കെടുക്കുന്നുണ്ട്.