Tennis
Djokovic won french open 2023
Tennis

ഫ്രഞ്ച് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; നദാലിനെ മറികടന്നു, ഗ്രാൻഡ്സ്ലാമിൽ റെക്കോർഡ്

Web Desk
|
12 Jun 2023 1:20 AM GMT

ജോക്കോയുടെ 23-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. റാഫേൽ നദാലിനെ മറികടന്ന് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്വന്തമാക്കി.

പാരീസ്: ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടത്തോടെ ചരിത്രം കുറിച്ച് നോവാക് ജോക്കോവിച്ച്. നോർവേ താരം കാസ്പർ റൂഡോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ നോവാക് ജോക്കോവിച്ച് മുത്തമിട്ടത്. ഇതോടെ റാഫേൽ നദാലിനെ പിന്തള്ളി ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന പുരുഷ താരമായി ജോക്കോവിച്ച്.

റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ പുതിയ ചരിത്രം കുറിച്ചാണ്, നോവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്. കളിമൺ കോർട്ടിലെ മിന്നും താരമായിരുന്ന റാഫേൽ നാദാലിനൊപ്പം ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം പങ്കിട്ടിരുന്ന ജോക്കോ, കിരീടനോട്ടത്തോടെ നദാലിനെ മറികടന്നു. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ച് നേടിയത്. നാല് ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പുകൾ കുറഞ്ഞത് മൂന്ന് തവണയെങ്കിലും നേടിയ താരവുമായി ഇതോടെ ജോകോവിച്ച്.

കിരീടനേട്ടത്തോടെ ലോക ഒന്നാം നമ്പർ പദവിയിലേക്കും ജോക്കോ തിരിച്ചെത്തി. കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാസ്പർ റൂഡോയെ 7-6, 6-3, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് മൂന്നാം തവണയും ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ കിരീടമണിഞ്ഞത്. ആദ്യ സെറ്റിൽ മികച്ച പ്രകടനത്തോടെയാണ് റൂഡോ തുടങ്ങിയതെങ്കിലും, ജോക്കോവിച്ചിന്റെ കൃത്യതക്കും അനുഭവ സമ്പത്തിനും മുന്നിൽ റൂഡോക്ക് കാലിടറി. തന്റെ കളിയഴക് മുഴുവൻ പുറത്തെടുത്തായിരുന്നു രണ്ടാം സെറ്റ് അനായാസമായി ജോക്കോവിച്ച് നേടിയത്. മൂന്നാം സെറ്റിൽ ചെറുത്തുനിൽക്കാനുള്ള റൂഡോയുടെ ശ്രമം, ചടുലതയും വേഗതയും കൊണ്ട് മറികടക്കുകയായിരുന്നു നോവാക് ജോക്കോവിച്ച്.


Similar Posts