Tennis
‘Namaz first,’ says Sania Mirza at Hyderabad’s Daawat-e-Ramzan

സഹോദരി അനാം മിര്‍സയ്‍ക്കൊപ്പം സാനിയ

Tennis

'ആദ്യം നമസ്‌കാരം, ബാക്കിയെല്ലാം അതുകഴിഞ്ഞ്'; ആരാധകരോട് സാനിയ

Web Desk
|
2 April 2024 6:06 AM GMT

ഹൈദരാബാദിൽ സഹോദരി അനാം മിർസ സംഘടിപ്പിക്കുന്ന 'ദഅ്‌വത്തെ റംസാൻ' എന്ന പേരിലുള്ള എക്‌സിബിഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സാനിയ

ഹൈദരാബാദ്: വ്രതമാസക്കാലമായ റമദാനിൽ ആരാധനകളുടെ പ്രാധാന്യം ഉണർത്തി ടെന്നീസ് താരം സാനിയ മിർസ. റമദാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്‌കാരം ഉൾപ്പെടെയുള്ള ആരാധനാകർമങ്ങൾ നിർവഹിക്കണമെന്ന് അവർ ആരാധകരോട് ആവശ്യപ്പെട്ടു. 'ദഅ്‌വത്തെ റംസാൻ' എന്ന പേരിൽ ഹൈദരാബാദിൽ നടക്കുന്ന റമദാൻ എക്‌സിബിഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

സാനിയയുടെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അനാം മിർസയുടെ നേതൃത്വത്തിലാണ് ദഅ്‌വത്തെ റംസാൻ നടക്കുന്നത്. രാജ്യത്തെ തന്നെ വലിയ റമദാൻ എക്‌സിബിഷനുകളിലൊന്നാണിത്. കഴിഞ്ഞ ദിവസം പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു സാനിയ. ഇതിനിടെയാണ് അവർ ആരാധകരെ അഭിസംബോധന ചെയ്തു സംസാരിച്ചത്.

'ആരാധനകളും നിർവഹിക്കണം. തറാവീഹിനും പോകണം. തറാവീഹിനുമുൻപ് ഇങ്ങോട്ട് വരരുത്. ഇവിടെ തഹജ്ജുദ് നമസ്‌കരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്'-സാനിയ പറഞ്ഞു.

ഹൈദരാബാദിലെ ഗുഡിമൽകാപൂരിലുള്ള കിങ്‌സ് പാലസിലാണ് റമദാൻ പ്രദർശനം നടക്കുന്നത്. മാർച്ച് 27ന് ആരംഭിച്ച പരിപാടി ഏപ്രിൽ 10 വരെ നീണ്ടുനിൽക്കും. ഹലീം, കബാബ്, ഹൈദരാബാദി ബിരിയാണി, മധുരങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളാണ് എക്‌സിബിഷനിലുള്ളത്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള വൻ ഷോപ്പിങ് സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

അതിനിടെ, സാനിയയെ ഹൈദരാബാദിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയെ അദ്ദേഹത്തിന്റെ തട്ടകത്തിൽ നേരിടാനാണ് ഹൈദരാബാദുകാരി കൂടിയായ ടെന്നീസ് ഇതിഹാസത്തെ ഇറക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സർപ്രൈസ് നീക്കത്തിനു ചരടുവലിക്കുന്നത്. അതേസമയം, സാനിയയോ കോൺഗ്രസ് വൃത്തങ്ങളോ ഇതുവരെ വാർത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Summary: ‘Namaz first,’ says Sania Mirza at Hyderabad’s Daawat-e-Ramzan

Similar Posts