Tennis
ടൂര്‍ണമെന്‍റുകള്‍ നഷ്ടമായാലും കുഴപ്പമില്ല, വാക്സിന്‍ എടുക്കില്ല;നിലപാടിലുറച്ച് നൊവാക്ക് ജോക്കോവിച്ച്
Tennis

"ടൂര്‍ണമെന്‍റുകള്‍ നഷ്ടമായാലും കുഴപ്പമില്ല, വാക്സിന്‍ എടുക്കില്ല";നിലപാടിലുറച്ച് നൊവാക്ക് ജോക്കോവിച്ച്

Web Desk
|
15 Feb 2022 10:04 AM GMT

ഒരാളുടെ ശരീരത്തിൽ എന്ത് കയറ്റണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്ക് തന്നെ നൽകണമെന്ന് ജോകോവിച്ച്

കോവിഡ് വാക്‌സിൻ എടുക്കാത്തതിനെത്തുടർന്ന് ടൂർണമെന്റുകൾ നഷ്ടപ്പെട്ടാൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. താൻ വാക്‌സിൻ വിരുദ്ധനല്ലെന്നും എന്നാൽ ഒരാളുടെ ശരീരത്തിൽ എന്ത് കയറ്റണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്ക് തന്നെ നൽകണമെന്നും ജോക്കോവിച്ച് പറഞ്ഞു. ബി.ബി.സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജോക്കോവിച്ച് മനസ്സ് തുറന്നത്.

"ഞാൻ വാക്‌സിനേഷന് എതിരല്ല. കുട്ടിക്കാലത്ത് ഞാൻ വാക്‌സിൻ എടുക്കാറുണ്ടായിരുന്നു. എന്നാൽ എന്റെ ശരീരത്തിൽ എന്ത് കുത്തിവക്കണം എന്ന് തീരുമാനമെടുക്കേണ്ടത് ഞാനാണ്. ആ അവകാശത്തെ വകവച്ചു നൽകാൻ തയ്യാറാവണം"- ജോക്കോവിച്ച് പറഞ്ഞു.

വാക്‌സിൻ നിർബന്ധമാക്കിയാൽ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നഷ്ടമാവുമോ എന്ന ചോദ്യത്തിന് ജോക്കോവിച്ചിന്‍റെ മറുപടി ഇതായിരുന്നു. ''വാക്‌സിൻ എടുക്കാത്തതിന്റെ പേരിൽ എത്ര ടൂർണമെന്റുകൾ നഷ്ടമായാലും ആ വില നൽകാൻ ഞാൻ തയ്യാറാണ് ''

വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയതിന് ജോക്കോയെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയ തടഞ്ഞത്. കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ ജോക്കോവിച്ച് എത്തിയാൽ തടയും എന്ന് താരം വരുന്നതിന് മുൻപ് തന്നെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മോറിസൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ തന്റെ പക്കൽ മെഡിക്കൽ രേഖകൾ ഉണ്ടെന്നായിരുന്നു ജോക്കോവിച്ചിന്റെ അവകാശവാദം. ഓസ്‌ട്രേലിയയിൽ എത്തിയ ജോക്കോവിച്ചിനെ തടഞ്ഞെങ്കിലും വിസ റദ്ദാക്കിയ നടപടി കോടതി റദ്ദാക്കി. എന്നാൽ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് രണ്ടാമതും ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുകയായിരുന്നു.

Similar Posts