Tennis
അങ്ങനെ ചൂടാകേണ്ട; റാക്കറ്റ് തല്ലിത്തകർത്ത ജോക്കോവിച്ചിന് ഏഴു ലക്ഷം രൂപ പിഴ
Tennis

അങ്ങനെ ചൂടാകേണ്ട; റാക്കറ്റ് തല്ലിത്തകർത്ത ജോക്കോവിച്ചിന് ഏഴു ലക്ഷം രൂപ പിഴ

Sports Desk
|
14 Sep 2021 10:43 AM GMT

റഷ്യൻ താരം ഡാനിൽ മെദ്‌വദേവാണ് സൂപ്പർ താരത്തെ തോൽപ്പിച്ചത്

ന്യൂയോർക്ക്: യുഎസ് ഓപൺ ഫൈനലിനിടെ റാക്കറ്റ് തല്ലിത്തകർത്ത ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന് കനത്ത പിഴ. പതിനായിരം യുഎസ് ഡോളറാണ് (7.37 ലക്ഷം രൂപ) അധികൃതർ പിഴയിട്ടത്. രണ്ടാം സെറ്റിൽ പോയിന്റ് കളഞ്ഞ ദേഷ്യമാണ് ജോക്കോ റാക്കറ്റിനോട് തീർത്തത്. കളിയില്‍ 38 അണ്‍ഫോഴ്സ്ഡ് പിഴവുകളാണ് താരം വരുത്തിയത്. റഷ്യൻ താരം ഡാനിൽ മെദ്‌വദേവാണ് സൂപ്പർ താരത്തെ തോൽപ്പിച്ചത്. സ്‌കോർ 6-4, 6-4,6-4.

മെദ്‌വദേവിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്. എന്നാൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ജോക്കോയ്ക്ക് കലണ്ടർ സ്ലാം സ്വന്തമാക്കാനുള്ള അവസരമാണ് തോൽവിയിലൂടെ നഷ്ടപ്പെട്ടത്. വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപൺ, ഫ്രഞ്ച് ഓപൺ, യുഎസ് ഓപൺ എന്നിവ ഒരേ വർഷത്തിൽ സ്വന്തമാക്കുന്നതിനാണ് കലണ്ടർ സ്ലാം എന്നു പറയുന്നത്.

അതേസമയം, യെവ്ഗനി കഫെലിനിക്കോവ്, മററ്റ് സാഫിൻ എന്നിവർക്ക് ശേഷം ഗ്ലാൻഡ് സ്ലാം നേടുന്ന ആദ്യത്തെ റഷ്യൻ താരമായി മെദ്‌വദേവ്. 1995ൽ ഫ്രഞ്ച് ഓപണും 1999ൽ ഓസ്‌ട്രേലിയൻ ഓപണുമാണ് കഫെലിനിക്കോവ് നേടിയത്. സാഫിൻ 2000ത്തിൽ യുഎസ് ഓപണും 2005ൽ ഓസ്‌ട്രേലിയൻ ഓപണും.

മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മെദ്‌വദേവ് ജോക്കോവിച്ചിനോട് ക്ഷമ ചോദിച്ചു. 'നിങ്ങളുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നു. എന്തിനാണ് അദ്ദേഹം ഇവിടെ എത്തിയത് എന്ന് എല്ലാവർക്കും അറിയാമായിരുന്നു. കരിയറിലെ നേട്ടങ്ങൾ നോക്കുമ്പോൾ നിങ്ങളാണ് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ' - അദ്ദേഹം പറഞ്ഞു. മെദ്‌വദേവ് വിജയം അർഹിച്ചിരുന്നു എന്നാണ് ജോക്കോവിച്ച് ഇതിനോട് പ്രതികരിച്ചത്.

Similar Posts