'ദിവസവും പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചുവീഴുന്നു, എനിക്ക് ഉറക്കം വരുന്നില്ല'; ഫലസ്തീന് സഹായവുമായി ടെന്നിസ് താരം ഒൻസ് ജബീർ
|"ക്ഷമിക്കണം. ഇതൊരു രാഷ്ട്രീയ സന്ദേശമല്ല. മനുഷ്യത്വം മാത്രമാണ്"
കാന്‍കണ്‍: വിമൺ ടെന്നിസ് അസോസിയേഷൻ (ഡബ്യൂടിഎ) ഫൈനൽസിലെ സമ്മാനത്തുകയിൽ നിന്ന് ഒരു ഭാഗം ഫലസ്തീനിലെ ജനങ്ങൾക്കായി മാറ്റിവയ്ക്കുമെന്ന് തുനീഷ്യൻ ടെന്നിസ് താരം ഒൻസ് ജബീർ. ടൂർണമെന്റിൽ ചെക്ക് താരം മാർകറ്റെ വോൻഡ്രൗസോവയെ തോൽപ്പിച്ച ശേഷം കണ്ണീരോടെയായിരുന്നു ജബീറിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'വിജയത്തിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ടയാണ്. എന്നാൽ അതിനു ശേഷം സന്തോഷമുണ്ടാകില്ല. ലോകത്തിന്റെ ഈ സാഹചര്യം എന്നെ ആഹ്ളാദവതിയാക്കുന്നില്ല. ഓരോ ദിവസവും കുഞ്ഞുങ്ങൾ മരിക്കുന്നതു കാണുന്നത് കഠിനമാണ്. ഹൃദയഭേദകമാണത്. അതുകൊണ്ട് ഇതിന്റെ സമ്മാനത്തുകയിൽ നിന്ന് ഒരു ഭാഗം ഫലസ്തീനെ സഹായിക്കാനായി ഞാൻ തീരുമാനമെടുത്തിട്ടുണ്ട്.' - അവർ പറഞ്ഞു.
മധ്യേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും മനുഷ്യാവകാശ വിഷയങ്ങളിൽ പല തവണ നിലപാടു വ്യക്തമാക്കിയ താരമാണ് 29കാരിയായ ഒൻസ് ജബീർ. തന്റെ തീരുമാനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
'എന്നോട് ക്ഷമിക്കണം. ഇതൊരു രാഷ്ട്രീയ സന്ദേശമല്ല. മനുഷ്യത്വം മാത്രമാണ്. ഈ ലോകത്ത് സമാധാനം വേണം. ഓരോ ദിവസവും അവിടെ നിന്ന് കാണുന്ന വീഡിയോകൾ സങ്കടകരമാണ്. അതെന്നെ ഉറങ്ങാൻ അനുവദിക്കുന്നില്ല. ഒന്നും ചെയ്യാൻ കഴിയാത്ത പോലെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യത്വം തിരിച്ചുവരുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സമാധാനവും.' - അവർ കൂട്ടിച്ചേർത്തു.
വനിതാ ഗ്രാൻഡ് സ്ലാം ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക അറബ്-മുസ്‌ലിം കളിക്കാരിയാണ് ജബീർ. കഴിഞ്ഞ വർഷം നടന്ന വിംബിൾഡൻ ടൂർണമെന്റിനിടെ കറുത്ത വസ്ത്രം ധരിച്ചതിന് ജബീറിനെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കിയത് വിവാദമായിരുന്നു. ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിൽ കറുത്ത വസ്ത്രം ധരിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിന്റെ മാർഗനിർദേശ പ്രകാരം കളിയിലും പരിശീലനത്തിലും എല്ലാ കളിക്കാരും വെള്ള വസ്ത്രം മാത്രമേ ധരിക്കാവൂ.