'അവൾക്കൊരു ആലിംഗനം നൽകണം'; ഫ്രഞ്ച് ഓപണിൽ നിന്ന് പിന്മാറിയ ഒസാകയ്ക്ക് പിന്തുണയുമായി സറീന
|മാർട്ടിന നരവതിലോവ, ബിലി ജീൻ കിങ് തുടങ്ങിയ മുൻ താരങ്ങളും ഒസാകയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു
ഫ്രഞ്ച് ഓപണിൽ നിന്നു പിന്മാറിയ ജപ്പാനീസ് താരം നവോമി ഒസാകയ്ക്ക് പിന്തുണയുമായി ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസ്. നവോമിയെ മനസ്സിലാക്കുന്നുവെന്നും അവർക്ക് ഒരാലിംഗനം നൽകാൻ ആഗ്രഹിക്കുന്നുവെന്നും സെറീന പറഞ്ഞു.
'നവോമിക്ക് ഒരു ആലിംഗനം നൽകാൻ ആഗ്രഹിക്കുന്നു. കാരണം ഞാനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. പ്രശ്നങ്ങൾ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കൂ' - അവർ പറഞ്ഞു.
നമ്മൾ വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. ജനങ്ങൾ വ്യത്യസ്തമാണ്. എല്ലാവരും ഒരുപോലെയല്ല. ഞാൻ തടിച്ചിട്ടാണ്. ചിലർ മെലിഞ്ഞിട്ടാണ്. ഓരോരുത്തരും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വ്യത്യസ്തമായാണ്- റോളണ്ട് ഗാരോസിലെ വാർത്താ സമ്മേളനത്തിൽ സെറീന കൂട്ടിച്ചേർത്തു.
സറീനയ്ക്ക് പുറമേ, മാർട്ടിന നരവതിലോവ, ബിലി ജീൻ കിങ് തുടങ്ങിയ മുൻ താരങ്ങളും ഒസാകയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ മൂലമാണ് ലോക രണ്ടാം നമ്പർ താരമായ ഒസാക ഫ്രഞ്ച് ഓപണിൽ നിന്ന് പിന്മാറിയത്. ആദ്യ റൗണ്ടിലെ വിജയ ശേഷം പത്രസമ്മേളനം ബഹിഷ്കരിച്ച ഒസാകയ്ക്ക് അധികൃതർ 15,000 ഡോളർ (ഏകദേശം പത്തുലക്ഷം രൂപ) പിഴയിട്ടിരുന്നു. ടൂർണമെന്റിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താരം നാടകീയമായി ടൂർണമെന്റിൽ നിന്ന് പിന്മാറിയത്.
മാനസികാരോഗ്യം സംരക്ഷിക്കാനാണ് മാധ്യമങ്ങളെ കാണാതിരിക്കുന്നത് എന്നാണ് ഒസാകയുടെ വിശീദകരണം. എന്നാൽ ഒസാകയുടെ പിന്മാറ്റത്തിൽ ദുഃഖിതനാണ് എന്നാണ് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ പ്രസിഡണ്ട് ഗില്ലെസ് മൊറെട്ടൺ പ്രതികരിച്ചത്.