ചരിത്രത്തിലേക്ക് എയ്‌സ് പായിച്ച് ഉൻസ് ജാബിർ; വിംബിൾഡൻ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിത
|ക്വാർട്ടറിൽ രണ്ടാം സീഡ് അര്‍യാന സബലെങ്കയാണ് ഒൻസിന്റെ എതിരാളി
വിംബിൾഡ്ൺ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയെന്ന നേട്ടം സ്വന്തമാക്കി തുനീഷ്യൻ ടെന്നിസ് താരം ഉൻസ് ജാബിർ. വനിതാ സിംഗിൾസിൽ ഏഴാം സീഡ് ഇഗാ സ്വിയാടെകിനെ 5-7, 6-1, 6-1 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ഉൻസ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ക്വാർട്ടറിൽ രണ്ടാം സീഡ് അര്‍യാന സബലെങ്കയാണ് ഒൻസിന്റെ എതിരാളി. വിംബിൾഡണിൽ രണ്ടു പേരുടെയും ആദ്യ ക്വാർട്ടർ ഫൈനലാണ്.
പ്രീക്വാർട്ടറിൽ 2020ലെ ഫ്രഞ്ച് ഓപൺ ചാമ്പ്യനായ സ്വിയാടെകിനെതിരെ ആദ്യ സെറ്റിൽ കീഴടങ്ങിയ ശേഷമാണ് ഒൻസ് തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. കളിയിൽ താരം എട്ട് എയ്‌സുകൾ ഉതിർത്തപ്പോൾ എതിരാളിക്ക് രണ്ടെണ്ണം മാത്രമേ പായിക്കാനായുള്ളൂ. രണ്ടാം റൗണ്ടിൽ ഇതിഹാസ താരം വീനസ് വില്യംസിനെയും മൂന്നാം റൗണ്ടിൽ ഗബ്രിനെ മുഗുരുസയെയും തോൽപ്പിച്ചാണ് ഒൻസ് പ്രീക്വാർട്ടറിലെത്തിയത്.
2020ലെ ഓസ്‌ട്രേലിയൻ ഓപണിൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് ഇതിനു മുമ്പുള്ള താരത്തിന്റെ വലിയ നേട്ടം. ഫ്രഞ്ച് ഓപണിൽ നാലാം റൗണ്ടിലും യുഎസ് ഓപണിൽ മൂന്നാം റൗണ്ടിലുമെത്തിയിരുന്നു. നിലവിൽ ലോകറാങ്കിങ്ങിൽ 24-ാം സ്ഥാനക്കാരിയാണ്.