ഫെബ്രുവരിയിൽ അവസാന മത്സരം; വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ
|ഡബ്ലിൾസിൽ ആറ് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ ഈ മാസം നടക്കുന്ന ആസ്ത്രേലിയൻ ഓപണിലും റാക്കേറ്റേന്തും.
ഹൈദരാബാദ്: ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ കോർട്ടിൽനിന്ന് വിടവാങ്ങുന്നു. ഫെബ്രുവരിയിൽ ദുബൈയിൽ നടക്കുന്ന ഡബ്ലു.ടി.എ 1000 മത്സരത്തോടെ കരിയർ അവസാനിപ്പിക്കുമെന്ന് താരം പറഞ്ഞു. വിമെൻസ് ടെന്നിസ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് സാനിയ വിരമിക്കൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം അവസാനത്തോടെ വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. കഴിഞ്ഞ വർഷത്തെ യു.എസ് ഓപണിൽ കൈമുട്ടിന് പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഈ മാസം ആസ്ത്രേലിയൻ ഓപണിൽ കസാഖ് താരം അന്ന ഡാനിലിനക്കൊപ്പം ഇറങ്ങുന്ന താരം അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റിലാകും റാക്കേറ്റേന്തുന്നത്.
ഡബിൾസിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടം നേടിയിട്ടുള്ള സാനിയ രാജ്യം സംഭാവന ചെയ്ത ഏറ്റവും മികച്ച വനിതാ ടെന്നിസ് താരമാണ്. 2005ൽ ഡബ്ല്യു.ടി.എ കിരീടം നേടിയതോടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്. 2007 ഓടെ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 30ൽ എത്തി. 27 ആയിരുന്നു കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്. ഡബിൾസിലെ ആദ്യ കിരീടം 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ആസ്ത്രേലിയൻ ഓപൺ മിക്സഡ് വിഭാഗത്തിലായിരുന്നു. 2012ൽ ഫ്രഞ്ച് ഓപണിലും ഭൂപതിക്കൊപ്പം ജേതാവായി. 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസിനൊപ്പം യു.എസ് ഓപൺ കിരീടവും നേടി. 2015ൽ മാർടിന ഹിംഗിസിനൊപ്പം ചേർന്ന സാനിയ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് നേടിയത്.