'സഞ്ജുവിന്‍റെ ഫോമിന്റെ ക്രെഡിറ്റ് എനിക്കല്ല, അവന് തന്നെ'- ഗൗതം ഗംഭീർ
|'അവന്‍റെ മികച്ച പ്രകടനങ്ങൾ നിങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ'
ടി20 ക്രിക്കറ്റിൽ തുടരെ രണ്ട് സെഞ്ച്വറികളുമായി തകർപ്പൻ തിരിച്ച് വരവ് നടത്തിയ മലയാളി താരം സഞ്ജു സാംസണിപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ഹോട് ടോപിക്കുകളിൽ ഒന്നാണ്. നേരത്തേ അവസരം കിട്ടിയപ്പോൾ പലപ്പോഴും പരാജയപ്പെട്ട സഞ്ജുവിന്‍റെ കരിയറിന് മുകളിൽ കരിനിഴൽ വീണ് തുടങ്ങിയ കാലത്താണ് പുതിയ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ടി20 നായകൻ സൂര്യകുമാർ യാദവും ചേർന്ന് മലയാളി താരത്തിന് നിരന്തരം അവസരങ്ങൾ നൽകാൻ തീരുമാനിച്ചത്.
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 യിൽ സെഞ്ച്വറി കുറിച്ച താരം ദക്ഷിണാഫ്രിക്കൻ മണ്ണിലും ആദ്യ മത്സരത്തിൽ സെഞ്ച്വറി കണ്ടെത്തിയതോടെ അടുത്തൊന്നും താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ഉറപ്പായി. ഓപ്പണറുടെ റോളിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ചവക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിന്റെ ഫോമിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ.
''സഞ്ജുവിന്റെ ഫോമിന്റെ ക്രെഡിറ്റ് അവന് തന്നെയാണ്. എനിക്ക് മൈതാനത്ത് എന്ത് ചെയ്യാനാവും. കഠിനാധ്വാനം കൊണ്ടാണ് അവൻ ഉയരങ്ങൾ കീഴടക്കുന്നത്. നമുക്ക് ചെയ്യാനാവുന്നത് അവന് കൃത്യമായ പൊസിഷൻ കണ്ടെത്തിക്കൊടുക്കുക എന്നതാണ്. ഒപ്പം നിരന്തര പിന്തുണയും. ഇന്ത്യൻ ക്രിക്കറ്റില്‍ അവന്റെ മികച്ച പ്രകടനങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ. ഇതൊരിക്കലും അവസാനമല്ല. ഈ ഫോം അവൻ തുടരുമെന്നാണ് എന്റെ ഉറച്ച പ്രതീക്ഷ'' കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം.
അതേ സമയം തൻറെ കംബാക്കുകളുടെ ക്രെഡിറ്റ് മുഴുവൻ സഞ്ജു നൽകുന്നത് സൂര്യകുമാർ യാദവിനും ഗൗതം ഗംഭീറിനുമാണ്. വീഴ്ച്ചകളിൽ പലരും മൈതാനത്തിന് പുറത്ത് വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ സൂര്യയും ഗംഭീറും അയാളെ ഫോണിൽ വിളിച്ച് കൊണ്ടേയിരുന്നു.
'ഗ്രൗണ്ടിൽ പരാജയപ്പെടുന്ന സമയങ്ങൾ. നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളെ സ്വയം നഷ്ടപ്പെട്ടു പോവുന്നത് പോലെ തോന്നും. ആ സമയങ്ങളിലൊക്കെ എനിക്ക് പിന്തുണയുമായി ക്യാപ്റ്റനും കോച്ചും കൂടെയുണ്ടായിരുന്നു. എന്താണ് ഇനി ചെയ്യേണ്ടത് എന്നവർ എന്നോട് പറഞ്ഞ് കൊണ്ടിരുന്നു. മൈതാനത്ത് ഞാനത് മനോഹരമായി നടപ്പിലാക്കി'- സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ച്വറി നേട്ടത്തിന് ശേഷം പ്രതികരിച്ചു.