Sports
sunil chhetri

sunil chhetri

Sports

ഇതിഹാസം ബൂട്ടഴിക്കുന്നു; ഛേത്രിയുടെ അവസാന മത്സരത്തിനൊരുങ്ങി കൊൽക്കത്ത

Web Desk
|
6 Jun 2024 8:02 AM GMT

ഇന്ന് കുവൈത്തിനെതിരെ ഇന്ത്യൻ ദേശീയ ടീമിനായി ചേത്രി അവസാനമായി ബൂട്ട് കെട്ടും

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ഇന്ന് ദേശീയ ടീമിന്റെ കുപ്പായമഴിക്കും. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയാണ് ഛേത്രി കളമൊഴിയുന്നത്. ജയത്തോടെ സുനിൽ ഛേത്രിക്ക് യാത്രയയപ്പ് നൽകാൻ കാത്തിരിക്കുകയാണ് സഹതാരങ്ങളും ആരാധകരും.

ലോക ഫുട്ബോളിൽ ഇന്ത്യയുടെ മേൽവിലാസം, കുറിക്കാൻ, പ്രായത്തെ പോലും തോൽപ്പിച്ച് ബൂട്ട് കെട്ടിയ പോരാളിയാണ് സുനിൽ ഛേത്രി. പുതിയ തലമുറയിലെ താരങ്ങൾക്ക് ഊർജ്ജവും ആവേശവുമാണ് കളിക്കളത്തിലെ ഈ പതിനൊന്നാം നമ്പറുകാരൻ. 19 വർഷം ദേശീയ ടീമിൽ കളിച്ച ഛേത്രി, കളമൊഴിയാൻ സമയമായെന്ന് തീരുമാനിച്ചു. ഇന്ന് കുവൈത്തിനെതിരെ ഇന്ത്യൻ ദേശീയ ടീമിനായി ചേത്രി അവസാനമായി ബൂട്ട് കെട്ടും.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് 39 ആം വയസ്സിൽ ബൂട്ടഴിക്കുമ്പോൾ, ഇന്ത്യൻ ഫുട്ബാളിന്റെ ഇതിഹാസമായാണ് ഛേത്രിയുടെ മടക്കം. 2005 ജൂൺ 12-ന് പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച താരം 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തൊട്ടുപിന്നിലാണ് ഇന്ത്യയുടെ, ‍ഛേത്രിയുടെ സ്ഥാനം. ഇന്ത്യൻ ജേഴ്സിയിൽ ജയത്തോടെ സുനിൽ ഛേത്രിയെ യാത്രയാക്കാൻ, ഞങ്ങൾ തയ്യാർ ആണെന്ന് ഇന്ത്യൻ താരങ്ങളും പറയുന്നു

പ്രതിരോധ വലയം ഭേദിച്ച്, എതിർ ഗോൾ പോസ്റ്റുകളിൽ നിരന്തരം ഗോൾ വർഷിച്ച്, ഗ്യാലറികളിൽ ഇന്ത്യൻ ആവേശത്തിന് നിരവധിതവണ തിരികൊളുത്തിയിട്ടുണ്ട് ഛേത്രി.നീലക്കുപ്പായമഴിച്ചാലും ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ സുനിൽ ചേത്രി എന്ന പേര് എന്നും ഏറെ തിളക്കം മായാതെ നിൽക്കും.

കുവൈത്തിനെതിരെ ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നില്ല, കളിച്ചത് നാലു മത്സരങ്ങൾ,ലഭിച്ചത് നാലു പോയിന്റ്, രണ്ടാം റൗണ്ടിൽ ഖത്തറിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് നിലവിൽ ടീം ഇന്ത്യ. യോഗ്യതാ റൗണ്ടിൽ 22 വർഷങ്ങൾക്ക് ശേഷം വിദേശ മണ്ണിൽ ഇന്ത്യൻ ടീം നേടിയ ജയം കഴിഞ്ഞവർഷം കുവൈത്തിനെതിരെ ആയിരുന്നു.

കുവൈത്തിനെ ഒരിക്കൽ കൂടി കടക്കാൻ ആയാൽ സ്വപ്നതുല്യമായ നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിലാണ് മത്സരം നടക്കുന്നതെന്ന ആത്മവിശ്വാസവും ഇന്ത്യയ്ക്കുണ്ട്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി മൂന്നാം റൗണ്ടിലേക്ക് കുതിക്കാൻ ഇന്ത്യയ്ക്ക് സാധ്യത തെളിയും. ആഭ്യന്തര ഫുട്ബോളിൽ, പ്രത്യേകിച്ച് ഐഎസ്എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ, ഭുവനേശ്വരിൽ പരിശീലനം പൂർത്തിയാക്കിയാണ് ഇന്ത്യ കൊൽക്കത്തപ്പോരിനിറങ്ങുന്നത്, മധ്യനിരയിലും പ്രതിരോധത്തിലും ഉണ്ടായ വീഴ്ചകൾ, പരിഹരിച്ചു കഴിഞ്ഞുവെന്ന കണക്ക് കൂട്ടലിലാണ് കോച്ച് ഇഗോർ സ്റ്റിമാച്ച്, ഇന്ത്യൻ കുപ്പായത്തിൽ നായകൻ സുനിൽ ഛേത്രിയുടെ അവസാന മത്സരം കൂടിയാണ്, കുവൈത്തിനെതിരായ ഇന്നത്തെ മത്സരം

Similar Posts