ഫ്രാൻസിന്‍റെ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി; ഗ്രീസ്മൻ
|ടൂർണമെന്‍റിലുടനീളം ഫ്രാൻസിന്റെ മധ്യനിര ഭരിച്ചത് ഗ്രീസ്മനാണ്
ഗോൾകണക്കിൽ എംബാപ്പെയും ജിറൂദുമാണെങ്കിലും ഫ്രാൻസിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി അന്റൊയിൻ ഗ്രീസ്മനാണ്. ടൂർണമെന്‍റിലുടനീളം ഫ്രാൻസിന്റെ മധ്യനിര ഭരിച്ചത് ഗ്രീസ്മനാണ്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിലും വിജയശിൽപി മറ്റാരുമല്ല. ജലം പോലെയാണ് ഗ്രീസ്മൻ, പാത്രത്തിനനുസരിച്ച് രൂപം മാറും ഗോൾ കീപ്പിങ് ഒഴികെ എല്ലാം ചെയ്യുന്നുണ്ട്. പിന്നിൽ വന്ന് ടാക്കിൾ ചെയ്യുമ്പോൾ ഒരു സെൻട്രൽ ഡിഫൻഡർ, മധ്യനിരയിൽ കളി നിയന്ത്രിച്ച് പന്ത് വിതരണം ചെയ്യുന്ന മിഡ്ഫീൽഡ് ജനറൽ, വിങ്ങർ, സ്ട്രൈക്കർ.
കാന്‍റെയും പോഗ്ബയുമില്ലാത്ത മധ്യനിര, ബെൻസേമയെ നഷ്ടമായ മുന്നേറ്റം, കിംബെപ്പെ, ലൂക്കാസ് ഹെർണാണ്ടസ്, എൻകൊക്കു പ്രമുഖരെ പരിക്ക് പിടികൂടിയപ്പോൾ ലോകകപ്പിൽ വാഴാത്ത ലോകചാമ്പ്യൻമാരുടെ ചരിത്രം ആവർത്തികുമെന്നായി പ്രവചനം. ആരാധകർക്കും ആശങ്ക. അവിടെ ഫ്രഞ്ച് പന്ത് തട്ടിത്തുടങ്ങി. എംബാപ്പെയേയും ജിറൂദിനെയും മുൻനിർത്തി ഗ്രീസ്മൻ കളിമെനഞ്ഞു. റാബിയോട്ടും ഷുവാമെനിയും കൂട്ടിനെത്തി. ഓരോ ജയങ്ങളും അനായാസമായി.
ക്വാർട്ടറിൽ എംബാപ്പെയെ പൂട്ടി കളിപിടിക്കാമെന്ന ഇംഗ്ലീഷ് പരിശീലകന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചതും ആ ഏഴാം നമ്പറുകാരൻ തന്നെ. 2-1ന് ഇംഗ്ലണ്ടുകാരെ പറഞ്ഞുവിട്ട് അവസാന നാലിലെത്തുമ്പോൾ ആ രണ്ട് ഗോളിനും ഗ്രീസ്മൻ വഴിയൊരുക്കി . ഫ്രഞ്ച് ജേഴ്സിലെ അസിസ്റ്റുകളുടെ എണ്ണത്തിൽ സിനദിൻ സിദാനെയും തിയറി ഹെൻറിയെയും പിന്നിലാക്കി. 28 അസിസ്റ്റുകൾ, രാജ്യത്തിനായി നേടിയത് 42 ഗോളുകൾ, ജിറൂദിനും ഹെൻറിക്കും പിന്നിൽ മൂന്നാമത്.
ഖത്തർ ലോകകപ്പിന് മുൻപുള്ള ഗ്രീസ്മന്റെ ക്ലബ് റെക്കോർഡ് നോക്കിയാൽ നിരാശയാണ്. ബാഴ്സയിലേക്കുള്ള വരവും മടങ്ങിപ്പോക്കുമെല്ലാം അയാളുടെ ആത്മവിശ്വാസത്തെയാണ് ബാധിച്ചത്. പക്ഷേ ഫ്രഞ്ച് പരിശീലകൻ ദേഷാംപ്സിന്റെ ലിസ്റ്റിലെ ഒന്നാമത്തെ പേരുകാരനായി ഗ്രീസ്മൻ. റഷ്യയിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങുക എന്നതായിരുന്നു ഗ്രീസ്മനിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം. അത് അയാൾ പരിശീലകൻ ഉദ്ദേശിച്ചതിലും ഭംഗിയാക്കി. കുപ്പിയിൽ നിന്നു വന്ന ഭൂതത്തെ പോലെ. തളരാതെ തകരാതെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ താളത്തിൽ ഒരേ വേഗത്തിൽ. ദി റിയൽ പ്ലേ മേക്കർ.