Sports
Devdutt Padikkal ,opener, Yusuf Pathan,ipl 2023,rr vs pbks

പഞ്ചാബിനെതിരായ മത്സരത്തില്‍ അശ്വിനും (ഇടത്) ദേവ്ദത്ത് പടിക്കലും (വലത്) 

Sports

''പടിക്കല്‍ ഓപ്പണിങ് ഇറങ്ങിയിരുന്നെങ്കില്‍ പൊളിച്ചേനെ..."; സഞ്ജു ചെയ്തത് അബദ്ധമെന്ന് യൂസുഫ് പത്താന്‍

Web Desk
|
6 April 2023 2:56 PM GMT

അവസാന പന്ത് വരെ വിജയസാധ്യത മാറിമറിഞ്ഞ കളിയില്‍ വെറും അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ തോല്‍വി. തോല്‍വിക്ക് കാരണമായതാകട്ടെ ദേവ്ദത്ത് പടിക്കലിന്‍റെ സ്ലോ ഇന്നിങ്സും

ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ തോല്‍വിയില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ റോയല്‍സ് താരം യൂസുഫ് പത്താന്‍. ദേവ്ദത്ത് പടിക്കലിനെ ഓപ്പണിങിനിറക്കാത്തതാണ് തോല്‍വിക്ക് കാരണമായതെന്നാണ് യൂസുഫ് പത്താന്‍റെ വിലയിരുത്തല്‍. പടിക്കല്‍ ഓപ്പണിങ് റോളിലെത്തിയിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നായേനെയെന്നും യൂസുഫ് പത്താന്‍ പറയുന്നു. അവസാന പന്ത് വരെ വിജയസാധ്യത മാറിമറിഞ്ഞ കളിയില്‍ വെറും അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ തോല്‍വി. തോല്‍വിക്ക് കാരണമായതാകട്ടെ ദേവ്ദത്ത് പടിക്കലിന്‍റെ സ്ലോ ഇന്നിങ്സും, 26 പന്തില്‍ നിന്നും 21 റണ്‍സാണ് പടിക്കല്‍ നേടിയത്. അതുപോലെ തന്നെ രാജസ്ഥാന്‍റെ പരീക്ഷണങ്ങളില്‍ പരാജയമായി മാറിയ ഒന്നായിരുന്നു അശ്വിനെ ഓപ്പണറായിറക്കിയതും, ബട്‍ലറിന് പരിക്കേറ്റതുകൊണ്ടായിരുന്നു ഓപ്പണിങ് സ്ഥാനത്തേക്ക് അശ്വിനെ പരീക്ഷിച്ചത്. പക്ഷേ, നാല് പന്തില്‍ പൂജ്യം റണ്‍സുമായി അശ്വിന്‍ മടങ്ങിയതോടെ ആ പദ്ധതിയും പാളി.

ഇന്നലെ അശ്വിനെ ഓപ്പണറായി എത്തിച്ച തീരുമാനം തന്നെ ഞെട്ടിച്ചെന്നായിരുന്നു യൂസുഫ് പത്താന്‍റെ പ്രതികരണം. അശ്വിനു പകരം ദേവ്ദത്ത് പടിക്കലിനെ ഓപ്പണിങ് റോളില്‍ ഇറക്കണമായിരുന്നെന്നും യൂസുഫ് പറഞ്ഞു. "രവിചന്ദ്രൻ അശ്വിൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. പടിക്കൽ ആദ്യം ഇറങ്ങുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്, വർഷങ്ങളായി ന്യൂബോള്‍ കളിക്കുകയും പവര്‍പ്ലേയില്‍ മികച്ച റെക്കോര്‍ഡുള്ള താരവുമായിരിക്കെ പടിക്കൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു''. യൂസുഫ് പത്താന്‍ പറഞ്ഞു. ഒരിക്കലും നാലാം നമ്പറല്ല പടിക്കലിന്‍റെ പൊസിഷന്‍, മറിച്ച് ഓപ്പണർ ആയാണ് പടിക്കൽ എന്നും തിളങ്ങിയിട്ടുള്ളതെന്നും യൂസുഫ് ഓർമ്മിപ്പിച്ചു.

പൊരുതിത്തോറ്റ് രാജസ്ഥാൻ; റോയലായി പഞ്ചാബിന് രണ്ടാം ജയം

ആദ്യ മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ പഞ്ചാബിനെതിരെ പോരിനിറങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഇന്നലെ നിരാശയുടെ ദിവസമായിരുന്നു. ധവാന്റെ ചുമലിലേറി പഞ്ചാബ് ഉയർത്തിയ 198 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് അഞ്ച് റൺസ് അകലെ കാലിടറുകയായിരുന്നു.

രാജസ്ഥാൻ നിരയിൽ ക്യാപ്റ്റൻ സഞ്ജുവും ഷിംറോൺ ഹെറ്റ്മീറും ധ്രുവ് ജുറെലും മാത്രമാണ് തിളങ്ങിയത്. ഓപ്പണറായ ആർ അശ്വിൻ തുടക്കം തന്നെ നിരാശപ്പെടുത്തി. പുറത്താവുമ്പോൾ നാല് പന്ത് നേരിട്ട അശ്വിന് ഒരു റൺസ് പോലും സംഭാവന ചെയ്യാൻ സാധിച്ചില്ല. പിന്നീടെത്തിയ ജോസ് ബട്ട്‌ലർ 11 പന്തിൽ 19 റണ്ണെടുത്ത് നിൽക്കെ നഥാൻ എല്ലിസിന്‍റെ പന്തില്‍ റിട്ടേൺ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. സഹ ഓപണറായ യശ്വസി ജയ്‌സ്വാൾ എട്ട് പന്തിൽ 11 റൺസെടുത്ത് പുറത്തായപ്പോൾ നാലാമനായെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തി കൂറ്റനടികളോടെ മുന്നോട്ടുനീങ്ങി. ബൗണ്ടറികൾ ആവർത്തിച്ച കളിയിൽ ഒരവസരത്തിൽ വിജയം ആവർത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഫലമുണ്ടായില്ല. 25 പന്തിൽ 42 എടുത്ത് നിൽക്കെ നഥാൻ എല്ലിസിന്റെ പന്തിൽ മികച്ചൊരു ഷോട്ടിന് ശ്രമിച്ച നായകൻ മാത്യു ഷോർട്ടിന്റെ കൈയിൽ കുരുങ്ങി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലും ടീമിനെ വിജയ തീരത്തേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും 26 പന്തിൽ 21 റൺസെടുത്ത് നിൽക്കെ നഥാൻ എല്ലിസിന്റെ തന്നെ പന്തിൽ ബൗൾഡായി.

പിന്നീട് റിയാൻ പരാഗ് 12 പന്തിൽ 20 റൺസെടുത്ത് പുറത്തായപ്പോൾ ഷിംറോൺ ഹെറ്റ്മീറും ധ്രുവ് ജുറെലുമാണ് വീണ്ടും രാജസ്ഥാനെ ആശ്വാസ തീരത്തേക്കെത്തിച്ചത്. എന്നാൽ സ്‌കോർബോർഡ് ഉയർത്തി നീങ്ങവെ റണ്ണിനായി ഓടുന്നതിനിടെ തിരികെ ക്രീസിൽ കയറാനാവാതെ പരുങ്ങിയതോടെ കൈയിൽകിട്ടിയ പന്ത് പിടിച്ച് ഷാരൂഖ് ഖാൻ കുറ്റിയിളക്കി. ഇതോടെ രാജസ്ഥാൻ വീണ്ടും നിരാശയിലേക്ക് വീണെങ്കിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജുറെൽ മുന്നോട്ടുനയിച്ചു. എന്നാൽ വിജയത്തിന്റെ അഞ്ച് റൺസകലെ ആ പോരാട്ടം അവസാനിച്ചു. പഞ്ചാബിന് അഞ്ച് റൺസ് ജയം. പഞ്ചാബിനു വേണ്ടി 30 റൺസ് വഴങ്ങി നഥാൻ എല്ലിസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ്ങിനാണ് രണ്ടെണ്ണം. 47 റൺസാണ് അർഷ്ദീപ് വിട്ടുകൊടുത്തത്. സാം കരൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചഹാർ, സിക്കന്ദർ റാസ എന്നിവർക്ക് വിക്കറ്റുകളൊന്നുമില്ല.

നേരത്തെ, ക്യാപ്റ്റൻ ശിഖർ ധവാന്റെ ചിറകിലേറിയാണ് പഞ്ചാബ് നിര 197 റൺസെന്ന കൂറ്റൻ സ്‌കോയുർത്തിയത്. 56 ബോൾ നേരിട്ട കപ്പിത്താൻ പുറത്താവാതെ 86 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. സഹ ഓപണറായ പ്രഭ്സിമ്രൻ സിങ്ങും ഫിഫ്റ്റിയോടെ മികച്ച പ്രകടനം കാഴ്ച വച്ചു. 34 പന്തിൽ 60 റൺസെടുത്താണ് സിങ് പുറത്തായത്. ജിതേശ് ശർമ 16 പന്തിൽ 27 റൺസെടുത്തപ്പോൾ രണ്ട് പന്ത് നേരിട്ടെങ്കിലും ഒരു റൺസെടുക്കാനേ സിക്കന്ദർ റാസയ്ക്ക് സാധിച്ചുള്ളൂ. തുടർന്നെത്തിയ ഷാരൂഖ് ഖാൻ പത്ത് പന്തിൽ 11 റൺസെടുത്ത് മടങ്ങി.ഹോൾഡറുടെ പന്തിൽ ബട്ട്ലറുടെ കൈയിലാണ് ഷാരൂഖും കുടുങ്ങിയത്. തുടർന്നെത്തിയ സാം കരന് പ്രകടനം പുറത്തെടുക്കാൻ പന്തുകൾ ലഭിച്ചില്ല. രണ്ട് പന്തുകൾ നേരിട്ട കരൺ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാൻ നിരയിൽ ജേസൺ ഹോൾഡർ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവിചന്ദ്ര അശ്വിനാണ് ഒരു വിക്കറ്റ്.

Similar Posts