റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ അതിശയക്കുതിപ്പ്; മൂക്കത്ത് വിരല്‍ വച്ച് ക്രിക്കറ്റ് ലോകം
|ടി20 ബാറ്റിങ് റാങ്കിങ്ങിൽ മൂന്ന് ഇന്ത്യക്കാരാണ് ആദ്യ പത്തിലുള്ളത്
പ്രോട്ടീസ് മണ്ണിലരങ്ങേറിയ ടി20 പരമ്പര ഇന്ത്യൻ ക്രിക്കറ്റിൽ ഒരു തലമുറമാറ്റത്തിന്റെ കാഹളം മുഴക്കിയാണ് കൊടിയിറങ്ങിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നും ജയിച്ച് സൂര്യകുമാർ യാദവും സംഘവും രാജകീയമായി തന്നെ ദക്ഷിണാഫ്രിക്കൻ പര്യടനം അവസാനിപ്പിച്ചു. ജൊഹാനാസ്ബർഗിലടക്കം കടപുഴകിയ റെക്കോർഡുകൾ പലതും ലോക ക്രിക്കറ്റിലെ വൻശക്തികൾക്ക് മുന്നിൽ വലിയ മുന്നറിയിപ്പായിക്കിടപ്പുണ്ട്. തിലക് വർമ മതൽ വരുൺ ചക്രവർത്തി വരെ ലോക ക്രിക്കറ്റിനെ അടക്കി വാഴാൻ പോവുന്ന പേരുകൾ പലതും ക്രിക്കറ്റ് ലോകത്തവതരിച്ച പരമ്പര.
കഴിഞ്ഞ ദിവസമാണ് ഐ.സി.സി യുടെ ടി20 റാങ്കിങ് പുറത്ത് വന്നത്. സകലരേയും ഞെട്ടിച്ച് തിലക് വർമയെന്ന 22 കാരൻ റാങ്കിങ്ങിൽ നടത്തിയ അതിശയക്കുതിപ്പ് കണ്ട് മൂക്കത്ത് വിരൽവച്ച് നിൽക്കുകയാണിപ്പോൾ ക്രിക്കറ്റ് ലോകം. നേരമൊന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും മൂന്ന് ദിവസം മുമ്പ് വരെ 72ാം റാങ്കിലുണ്ടായിരുന്ന തിലക് വർമ പറന്നത്തെിയത് മൂന്നാം റാങ്കിലേക്കാണ്. മെച്ചപ്പെടുത്തിയത് 69 സ്ഥാനങ്ങൾ. സെഞ്ചൂറിയനിലും ജൊഹാനസ്ബർഗിലും തുടരെ പിറന്ന രണ്ട് സെഞ്ച്വറികൾ തിലകിനെ കൊണ്ടെത്തിച്ചത് ലോക ക്രിക്കറ്റിന്റെ നെറുകെയിലാണ്.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ നാല് മത്സരങ്ങളിൽ നിന്ന് 140 ശരാശരിയിൽ 280 റൺസാണ് തിലക് അടിച്ചെടുത്തത്. സെഞ്ച്വറി നേടിയ രണ്ട് കളികളിലും പുറത്താവാതെ അവസാന പന്ത് വരെ ക്രീസിൽ. ടൂർണമെന്റിൽ ഉടനീളം ബാറ്റ് വീശിയത് 198 സ്ട്രൈക്ക് റൈറ്റിൽ. സെഞ്ചൂറിയനിൽ മൂന്നാം ടി20 അരങ്ങേറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബാറ്റിങ് ഓർഡറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പൊസിഷൻ ചോദിച്ച് വാങ്ങി കളത്തിലിറങ്ങിയ തിലകിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഐ.പി.എല്ലിന് ഇനി മാസങ്ങൾ മാത്രം അവശേഷിക്കേ തിലകിന്റെ ഫോം മുംബൈ ഇന്ത്യൻസ് ആരാധകർക്ക് നൽകുന്ന ആവേശം ചെറുതാവില്ല.
റാങ്കിങ്ങിൽ മറ്റൊരു കുതിപ്പ് മലയാളി താരം സഞ്ജു സാംസന്റേതാണ്. പ്രോട്ടീസ് മണ്ണിൽ രണ്ട് സെഞ്ച്വറി കുറിച്ച സഞ്ജു 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുതിച്ചെത്തിയത് 22ാം റാങ്കിലേക്കാണ്. രണ്ട് മത്സരങ്ങളിൽ സംപൂജ്യനായി മടങ്ങിയത് ആദ്യ പത്തിലെത്തുന്നതിൽ സഞ്ജുവിന് തിരിച്ചടിയായി. അതേ സമയം 2024, ടി20 ക്രിക്കറ്റിൽ സഞ്ജുവിന്റെ വർഷമാണ്. കഴിഞ്ഞ അഞ്ച് കളികളിൽ സഞ്ജു സ്‌കോർ ചെയ്തത് മൂന്ന് സെഞ്ച്വറികൾ. ഈ വർഷം ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്ത താരം സഞ്ജുവാണ്. 12 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ മലയാളി താരം അടിച്ചെടുത്തത് 436 റൺസ്. 43 ശരാശരിയിൽ ബാറ്റ് വീശിയ സഞ്ജുവിന്റെ സ്ട്രൈക്ക് റൈറ്റ് 180 ആണ്.
ടി20 ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാതെയാണ് സഞ്ജുവിന്റെ ഈ പടയോട്ടം എന്നതാണ് ഏറെ ശ്രദ്ധേയം. ലോകകപ്പ് ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും ഇന്ത്യൻ ജഴ്സിയിൽ താരത്തിന് കളത്തിലിറങ്ങാനായിരുന്നില്ല. ലോകകപ്പിലും കളത്തിലിറങ്ങാനായിരുന്നെങ്കിൽ ഇതിലും വലിയ ഉയരങ്ങൾ മലയാളി താരം കീഴടക്കിയേനെ എന്നാണിപ്പോൾ ആരാധകർ പറയുന്നത്. ടി20 ക്രിക്കറ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോർഡിൽ സഞ്ജു തൊട്ടത് വെറും രണ്ട് പരമ്പരകൾ കൊണ്ടാണ്.
അതേസമയം ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ടി20 ലോകകപ്പിലടക്കം ഇന്ത്യക്കായി മിന്നും പ്രകടനങ്ങൾ പുറത്തെടുത്ത ഹർദിക് പ്രോട്ടീസ് മണ്ണിലും അതാവർത്തിച്ചാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ബോളർമാരുടെ പട്ടികയിൽ പേസർ അർഷ്ദീപ് സിങ് ആദ്യ പത്തിലെത്തി. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ അർഷ്ദീപ് ഒമ്പതാം സ്ഥാനത്താണിപ്പോൾ.
ബാറ്റിങ് റാങ്കിങ്ങിൽ മൂന്ന് ഇന്ത്യക്കാരാണ് ആദ്യ പത്തിലുള്ളത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തിലക് വർമക്ക് തൊട്ട് പിന്നിൽ നാലാമനായുണ്ട്. യുവതാരം യശസ്വി ജയ്സ്വാൾ എട്ടാം സ്ഥാനത്താണ്. ആസ്ത്രേലിയൻ താരം ട്രാവിസ് ഹെഡ്ഡാണ് ഒന്നാം സ്ഥാനത്ത്.
ബോളിങ്ങിൽ രവി ബിഷ്ണോയും അർഷ്ദീപ് സിങ്ങുമാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാർ. 666 റേറ്റിങ്ങുള്ള ബിഷ്ണോയി എട്ടാം സ്ഥാനത്താണ്. ഇംഗ്ലീഷ് താരം ആദിൽ റാഷിദാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ടീം റാങ്കിങ്ങിൽ ഏകദിനത്തിലും ടി20 യിലും ഇന്ത്യ തന്നെയാണ് തലപ്പത്ത്. ടെസ്റ്റിൽ 111 പോയിന്റുമായി ആസ്ത്രേലിയക്ക് താഴെ രണ്ടാമതാണ് ഇന്ത്യ.