Sports
ജയിക്കണോ... ഇന്ത്യക്കാരെ ടീമിലെടുത്തോ; ഇംഗ്ലണ്ടിനെ ട്രോളി രവി ശാസ്ത്രി
Sports

'ജയിക്കണോ... ഇന്ത്യക്കാരെ ടീമിലെടുത്തോ'; ഇംഗ്ലണ്ടിനെ ട്രോളി രവി ശാസ്ത്രി

Web Desk
|
8 March 2024 4:15 PM GMT

'യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയുമൊക്കെ ഇംഗ്ലീഷ് ടീമില്‍ ഉണ്ടെങ്കില്‍.....'

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യന്‍ സമഗ്രാധിപത്യമാണ്. പരമ്പര നേരത്തേ തന്നെ സ്വന്തമാക്കി കഴിഞ്ഞ അതിഥേയർ അവസാന ടെസ്റ്റിലും മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലീഷ് സംഘത്തെ 218 റൺസിന് കൂടാരം കയറ്റിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റണ്‍സ് എന്ന നിലയിലാണ്.

ഇതിനിടെ ഇംഗ്ലണ്ടിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോൽപ്പിക്കണമെങ്കിൽ ഇന്ത്യൻ താരങ്ങളെ ടീമിലെടുക്കൂ എന്നായിരുന്നു ശാസ്ത്രിയുടെ കമന്റ്.

''ഇന്ത്യയെ ഇന്ത്യയിൽ വച്ച് തകർക്കണമെങ്കിൽ ഇന്ത്യയുടെ മുഴുവൻ ബോളിങ്ങ് നിരയേയും ടീമിൽ എടുക്കേണ്ടി വരും. അവർക്ക് ഒരു യശസ്വി ജയ്‌സ്വാളും രോഹിത് ശർമയും മറ്റ് കുറേ താരങ്ങളേയും ടീമിൽ വേണം''; കമന്ററി ബോക്‌സിൽ ഉണ്ടായിരുന്ന സഞ്ജയ് മഞജരേക്കറോടായിരുന്നു ശാസ്ത്രിയുടെ കമന്‍റ്.

ധരംശാലയില്‍ പിടിമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിലാണ്. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ എട്ട് വിക്കറ്റ് നഷ്ടത്തിസ്‍ 473 റണ്‍സെടുത്തിട്ടുണ്ട്. കുൽദീപ് യാദവ് (27),ജസ്പ്രീത് ബുംറ(19) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീർ നാല് വിക്കറ്റും ടോം ഹാർട്‌ലി രണ്ടുവിക്കറ്റും വീഴ്ത്തി. 135-1 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ നിര്‍ത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമ്മയും (103) ശുഭ്മാൻ ഗിലും (110) സെഞ്ചുറി നേടി. ആദ്യ സെഷനിൽതന്നെ ലീഡ് സ്വന്തമാക്കിയ രോഹിതും സംഘവും ഏകദിന ശൈലിയിലാണ് പിന്നീട് കളിച്ചത്. ഇംഗ്ലീഷ് പേസ്ബൗളർമാരായ മാർക്ക് വുഡിനേയും ജെയിസ് ആൻഡേഴ്‌സനേയും കണക്കിന് പ്രഹരിച്ചു. ഒടുവിൽ 275ൽ നിൽക്കെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. രോഹിതാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ ഗിലും മടങ്ങിയെങ്കിലും അർധ സെഞ്ചുറി നേടിയ സർഫറാസ് ഖാനും(56),ദേവ്ദത്ത് പടിക്കലും(65)ചേർന്ന് ഇന്ത്യൻ സ്‌കോർ 300 കടത്തി. ആദ്യ ടെസ്റ്റ് കളിക്കുന്ന മലയാളിതാരം പടിക്കൽ 103 പന്തിൽ പത്തു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് അര്‍ധ ശതകം കുറിച്ചത്.

60 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് പരമ്പരയിൽ ഒരിക്കൽകൂടി യുവതാരത്തിന്‍റെ മിന്നും പ്രകടനം. രവീന്ദ്ര ജഡേജ(15),ധ്രുവ് ജുറേൽ(15), ആർ അശ്വിൻ(0) എന്നിവര്‍ വേഗത്തിൽ മടങ്ങിയെങ്കിലും കുൽദീപും ബുംറയും ചേർന്നുള്ള പത്താംവിക്കറ്റ് കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. അർധസെഞ്ചുറി തികച്ച യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ്(57) ആദ്യദിനം നഷ്ടമായിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യൻ സ്പിൻ കെണിയിൽ വീഴുകയായിരുന്നു. കുൽദീപ് യാദവ് അഞ്ചുവിക്കറ്റും നൂറാം ടെസ്റ്റ് കളിക്കുന്ന ആർ അശ്വിൻ നാല് വിക്കറ്റും സ്വന്തമാക്കി. 71 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോലിക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ (3-1) ഇന്ത്യ സ്വന്തമാക്കിയിരുന്നു

Similar Posts