Sports
ഇത്തവണ പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തും; എങ്ങനെയെന്നറിയേണ്ടേ? ഇതാ കണക്കുകള്‍...
Sports

ഇത്തവണ പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തും; എങ്ങനെയെന്നറിയേണ്ടേ? ഇതാ കണക്കുകള്‍...

Web Desk
|
17 Nov 2022 11:52 AM GMT

കണക്കുകളുടേയും ചരിത്രത്തിന്‍റേയും പശ്ചാത്തലത്തിലാണ് ആരാധകര്‍ ഈ പ്രവചനം മുന്നോട്ടുവെക്കുന്നത്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംഭവം സത്യമാണുതാനും.

ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്‍റുകള്‍ നടക്കുമ്പോള്‍ ചരിത്രത്തിലെ ആവര്‍ത്തനങ്ങളും കണക്കിലെ പല കളികളും ആരാധകര്‍ കുത്തപ്പൊക്കുക പതിവാണ്. അതുപോലെയൊന്നാണ് ഇത്തവണ ഖത്തര്‍ ലോകകപ്പിന് ആദ്യ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രചരിക്കുന്ന പ്രവചനം. കണക്കുകളുടേയും ചരിത്രത്തിന്‍റേയും പശ്ചാത്തലത്തിലാണ് ആരാധകര്‍ ഈ പ്രവചനം മുന്നോട്ടുവെക്കുന്നത്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംഭവം സത്യമാണുതാനും. ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ആ പ്രവചനം ഇങ്ങനെയാണ്.

കണക്കുകള്‍ സത്യമാണെങ്കില്‍, ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തവണ പോര്‍ച്ചുഗല്‍ കപ്പടിക്കും, കാരണം ഇങ്ങനെ...

ഓരോ ഫുട്ബോള്‍ ലോകകപ്പിനും കൃത്യം രണ്ട് വര്‍ഷം മുന്‍പാണ് യൂറോ കപ്പ് നടക്കാറ്. ആ യൂറോ കപ്പിലെ ടോപ് ഗോള്‍ സ്കോററുടെ ടീം ആയിരിക്കും അടുത്ത തവണ ലോകകപ്പുയര്‍ത്തുന്നത്. 2008 മുതലുള്ള ഫുട്ബോള്‍ ലോകത്തെ പരസ്യമായ ഒരു രഹസ്യമാണിത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും അങ്ങനെയാണ് സംഭവിച്ചത്. യൂറോ കപ്പിലെ ടോപ് ഗോള്‍ സ്കോറേഴ്സിന്‍‌റെ ടീം ലോകകപ്പുയര്‍ത്തുന്ന ചരിത്രം ആവര്‍ത്തിച്ചാല്‍ ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ലോകകപ്പുയര്‍ത്തും. കാരണം കഴിഞ്ഞ യൂറോ കപ്പില്‍ ഏറ്റവുമധികം ഗോള്‍ സ്കോര്‍ ചെയ്തത് ക്രിസ്റ്റ്യാനോയാണ്.

ചരിത്രം

  • 2008 യൂറോ കപ്പിലെ ടോപ് ഗോള്‍ സ്കോററര്‍ ഡേവിഡ് വിയ്യയാണ്(നാല് ഗോളുകള്‍). 2010ലെ ലോകകപ്പില്‍ കിരീടം നേടിയത് ഡേവിഡ് വിയ്യയുടെ സ്പെയിന്‍ ടീമും.
  • 2012 യൂറോ കപ്പിലെ ടോപ് ഗോള്‍ സ്കോററര്‍ മരിയോ ഗോമെസ് (മൂന്ന് ഗോളുകള്‍) ആണ്. 2014 ലെ ലോകകപ്പ് ജേതാക്കള്‍ മരിയോ ഗോമസിന്‍റെ ജര്‍മനിയും.
  • 2016 യൂറോ കപ്പിലെ ടോപ് ഗോള്‍ സ്കോററര്‍ ഗ്രീസ്മെന്‍ (ആറ് ഗോളുകള്‍) ആയിരുന്നു. 2018 ല്‍ ലോകകിരീടമുയര്‍ത്തിയത് ഗ്രീസ്മെന്‍റെ ഫ്രാന്‍സ് ടീമും.

ഇനി 2022 ലോകകപ്പിലേക്ക് വരുമ്പോള്‍ ഇതിനുമുമ്പ് നടന്ന യൂറോ കപ്പ് പരിശോധിക്കേണ്ടി വരും, യൂറോ കപ്പിലെ ഗോള്‍ സ്കോറേഴ്സിന്‍റെ പട്ടികയെടുക്കുമ്പോള്‍ പോര്‍ച്ചുഗല്‍ നായകന്‍ റൊണാള്‍ഡോയാണ് മുന്നില്‍. അഞ്ച് ഗോളുകള്‍. അങ്ങനെയെങ്കില്‍ ചരിത്രത്തിലെ ഈ സമാനത ആവര്‍ത്തിച്ചാല്‍ ഇത്തവണത്തെ ലോകകപ്പ് ഉയര്‍ത്തുക പോര്‍ച്ചുഗല്‍ ആയിരിക്കും.

ഫേവറൈറ്റ്സുകളുടെ കണക്കുകള്‍ വെച്ചാണ് ആരാധകര്‍ ഇങ്ങനെയൊരു വാദം ഉന്നയിക്കുന്നത്. റൊണാള്‍ഡോയോടൊപ്പം ചെക് റിപബ്ലിക്കിന്‍റെ പാട്രിക് ഷിക്കും (അഞ്ച് ഗോളുകള്‍) കഴിഞ്ഞ കോപ്പയിലെ ടോപ് സ്കോററായിരുന്നു. അങ്ങനെയെങ്കില്‍ ചെക് റിപബ്ലിക്കും ഇത്തവണ കപ്പടിക്കില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

അതേസമയം ലോകകപ്പിന് തൊട്ടുമുമ്പ് നടക്കാനിരിക്കുന്ന നൈജീരിയക്കെതിരായ സൌഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ലെന്ന് ഉറപ്പായി. പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെർണാണ്ടോ സാന്‍റോസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താരത്തിന് നിര്‍ജലീകരണമാണെന്നും ഗ്യാസ്ട്രോ എൻറൈറ്റിസിന്‍റെ പ്രശ്നം അലട്ടുന്നുണ്ടെന്നും ലിസ്ബണിൽ നടന്ന പത്രസമ്മേളനത്തിൽ സാന്‍റോസ് പറഞ്ഞു.ഫെർണാണ്ടോ സാന്‍റോസ് പറഞ്ഞത്- 'റൊണാള്‍ഡോ നൈജീരിയക്കെതിരായ മത്സരത്തില്‍ ഉണ്ടാകില്ല. ധാരാളം ജലാംശം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. റൊണാള്‍ഡോക്ക് ഗ്യാസ്ട്രോ എൻറൈറ്റിസാണ്. അദ്ദേഹത്തിന് ഇപ്പോള്‍ പരിശീലിക്കാന്‍ കഴിയില്ല. റോണോക്ക് ഇപ്പോള്‍ വിശ്രമമാണ് ആവശ്യം. ഉടന്‍ തന്നെ സുഖം പ്രാപിക്കും'

അതേസമയം നവംബർ 24ന് ഘാനക്കെതിരായി നടക്കുന്ന പോർച്ചുഗലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ റൊണാൾഡോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഘാനയെ കൂടാതെ ദക്ഷിണ കൊറിയയും ഉറുഗ്വേയും ആണ് പോർച്ചുഗലിന്റെ ഗ്രൂപ്പിൽ ഉള്ളത്.അതേസമയം ക്രിസ്റ്റ്യാനോയും ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അതിനുപിന്നാലെ സൂപ്പർ താരത്തിന്‍റെ ഭീമൻ ചുമർചിത്രം മാഞ്ചസ്റ്റർ യുനൈറ്റഡ് നീക്കംചെയ്തിരുന്നു. ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫിഡിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ചുമർചിത്രമാണ് നീക്കിയിരിക്കുന്നത്. എന്നാൽ, ക്ലബിനും കോച്ച് എറിക് ടെൻ ഹാഗിനും എതിരായ കടുത്ത പരാമർശങ്ങളെ തുടർന്നല്ല നടപടിയെന്നാണ് അറിയുന്നത്.ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലായിരുന്നു ക്രിസ്റ്റിയാനോ ക്ലബിനും ടെൻഹാഗിനും എതിരെ തുറന്നടിച്ചത്. മകൾക്ക് അസുഖം ബാധിച്ച സമയത്തുപോലും യുനൈറ്റഡ് മാനേജ്‌മെന്റ് തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ വേണ്ട പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും അഭിമുഖത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ടെൻ ഹാഗ് തന്നെ ക്ലബിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും താരം ആരോപിച്ചു

Similar Posts