ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയേറ്റം
|ഇന്ത്യന്‍ സമയം വൈകീട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്
ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയേറും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. കോവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍.
കായിക ലോകം ടോക്യോയിൽ ഒത്തുചേരുകയാണ്. മഹാമാരിക്കാലത്ത് പ്രതീക്ഷയുടേയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി മുപ്പത്തിരണ്ടാമത് ഒളിമ്പിക്സ് . കാണികളില്ല.. ഗ്യാലറിയിൽ ആരവങ്ങളില്ല.. എങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. കാത്തുവെച്ച വിസ്‍മയങ്ങള്‍ ആളെ കാണിക്കാനാകാത്ത നിരാശയില്‍ ജപ്പാന്‍. കടുത്ത നിയന്ത്രണങ്ങളോടെയാകും ഉദ്ഘാടന ചടങ്ങുകൾ. ടീമുകളുടെ അംഗബലവും പ്രമുഖരുടെ സാന്നിധ്യവും കുറയും. സജൻ പ്രകാശാകും ഉദ്ഘാടന ചടങ്ങിലെ മലയാളി സാന്നിധ്യം. 22 താരങ്ങളും 6 ഒഫീഷ്യല്‍സുമാകും ഇന്ത്യയെ പ്രതിനിധീകരിക്കുക.
മന്‍പ്രീത് സിംഗും മേരി കോമും പതാകയേന്തും. പതിനൊന്നായിരത്തിലേറെ കായിക താരങ്ങൾ കൂടുതൽ വേഗവും ദൂരവും ഉയരവും കുറിക്കാൻ കച്ച കെട്ടുന്നു. 18 ഇനങ്ങളിലായി 127 ഇന്ത്യൻ അത്‍ലറ്റുകളും മാറ്റുരയ്ക്കും. ഇതിൽ ഒൻപത് മലയാളികൾ. ഇനിയുള്ള രണ്ടാഴ്ച കാലം ലോകത്തിന്‍റെ കണ്ണുകള്‍ ഇനി ടോക്കിയോയിൽ.