Sports
ഒളിമ്പിക്സ് നടക്കില്ലേ? ലോകകായിക മാമാങ്കത്തിന്‍റെ ഭാവി തുലാസില്‍
Sports

ഒളിമ്പിക്സ് നടക്കില്ലേ? ലോകകായിക മാമാങ്കത്തിന്‍റെ ഭാവി തുലാസില്‍

Shefi Shajahan
|
15 April 2021 11:48 AM GMT

കോവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ഒളിമ്പിക്സിന്‍റെ ഭാവി വീണ്ടും അനശ്ചിതത്വത്തില്‍

കോവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ഒളിമ്പിക്സിന്‍റെ ഭാവി വീണ്ടും അനശ്ചിതത്വത്തില്‍. ആഗോളതലത്തിൽ കൊറോണ തരംഗം വീണ്ടും വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഒളിമ്പിക്സ് റദ്ദ് ചെയ്തേക്കാം എന്ന ആശങ്കയുണരുന്നത്. ജപ്പാൻ ഭരണകക്ഷി നേതാവാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. ഒളിമ്പിക്​സിന് തിരശ്ശീലയുയരാൻ​ ആഴ്​ചകൾ മാത്രം ബാക്കിനിൽക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.‌

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ട് ലിബറൽ ഡെമോക്രാറ്റിക്​ പാർട്ടി സെക്രട്ടറി ജനറൽ തോഷിഹിറോ നികായ്​ ആണ് രംഗത്ത് വന്നത്​. 'ഈ സാഹചര്യത്തില്‍ ഒളിമ്പിക്​സിന്​ ആതിഥേയത്വം വഹിക്കുക അസാധ്യമാണെന്ന്​ തോന്നുന്നു. ഒളിമ്പിക്​സ്​ കോവിഡ്​ വ്യാപനത്തിന്​ സഹായിക്കുമെങ്കിൽ പിന്നെ എന്തിന്​ അത് നടത്ത​ണം? ഇനിയും സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ ഒളിമ്പിക്സ് പൂർണമായി ഒഴിവാക്കുക എന്ന തീരുമാനത്തിലെത്തേണ്ടി വരും'- ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറ‍ഞ്ഞത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒളിമ്പിക്​സ്​ നിർത്തിവെക്കണമെന്ന ചർച്ചകൾ ജപ്പാനില്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ മാറ്റിവെച്ച ഒളിമ്പിക്സ് നടത്തുന്നതിലാണ്​ അടിയന്തര ശ്ര​ദ്ധയെന്നായിരുന്നു അന്ന് ദേശീയ ഒളിമ്പിക്​ കമ്മിറ്റിയുടെ പ്രതികരണം.ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയുടെ വിശ്വസ്​തനാണ്​​ തോഷിഹിറോ നികായ്​. അതിനാൽ, നികായിയുടെ വാക്കുകൾ പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തല്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ഒളിമ്പിക്‌സ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്. അതിന്‍റെ ഭാഗമായി ദീപശിഖാപ്രയാണം അടക്കമുള്ളവ പുന:രാരംഭിക്കുകയും ചെയ്തിരുന്നു.

Similar Posts