ഇന്ത്യന്‍ വോളിബോളിനു പുതു ഉണര്‍വുമായി പ്രൈം വോളിബാള്‍ ലീഗ് വീണ്ടുമെത്തുന്നു
|എന്‍.ബി.എയുടെയും മറ്റ് യു.എസ് സ്പോർട്ടിംഗ് ലീഗുകളുടെയും പ്രവര്‍ത്തനഘടനയാണ് പ്രൈം വോളിബോള്‍ ലീഗിനുള്ളത്.
രാജ്യത്തെ മികച്ച വോളിബോള്‍ കളിക്കാരും നിരവധി അന്താരാഷ്ട്ര താരങ്ങളും പ്രൈം വോളിബോള്‍ ലീഗില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മാറ്റുരക്കും. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ തോമസ് മുത്തൂത്ത്, അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സിന്റെ ശ്രീ പ്രവീൺ ചൌധരി, കാലിക്കറ്റ് ഹീറോസിന്റെ സഫീര്‍ പിടി എന്നീ മൂന്നു ഫ്രാഞ്ചൈസി ഉടമകള്‍, സംഘാടകരായ ബേസ്ലൈന് വെന്ചേഴ്സിനൊപ്പം ഈ ലീഗില്‍ മടങ്ങിയെത്തും.
എന്‍.ബി.എയുടെയും മറ്റ് യു.എസ് സ്പോർട്ടിംഗ് ലീഗുകളുടെയും പ്രവര്‍ത്തനഘടനയാണ് പ്രൈം വോളിബോള്‍ ലീഗിനുള്ളത്. ടീം ഉടമകള്‍ ഹോള്‍ഡിംഗ് ഓര്‍ഗനൈസേഷന്റെ പങ്കാളികളായിട്ടുള്ള ഈ രീതി ലീഗിന് സ്ഥിരമായ സാമ്പത്തിക സ്ഥിതിയും സുഗമമായ സംഘാടനവും ഉറപ്പാക്കുന്നു. ടീം ഉടമകളെന്ന രീതിയിലും, കായികരംഗത്തെ നിക്ഷേപകര്‍ എന്ന രീതിയിലും ഇത് ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ മൂല്യം വാഗ്ദാനം ചെയ്യുകയും ദീര്‍ഘകാല സഹകരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.