Sports
മത്സരം തോറ്റു, ആരാധകർക്ക് ടിക്കറ്റ് കാശ് തിരിച്ചു നൽകാനൊരുങ്ങി ടോട്ടൻഹാം താരങ്ങൾ
Sports

മത്സരം തോറ്റു, ആരാധകർക്ക് ടിക്കറ്റ് കാശ് തിരിച്ചു നൽകാനൊരുങ്ങി ടോട്ടൻഹാം താരങ്ങൾ

Web Desk
|
25 April 2023 4:00 PM GMT

വ്യാഴാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് ടോട്ടൻഹാമിന്റെ അടുത്ത മത്സരം



ഞായറാഴ്ച്ച ന്യൂകാസ്റ്റിൽ യുണൈറ്റഡിനെതിരായ മത്സരം തോറ്റതോടെ ആരാധകർക്ക് ടിക്കറ്റ് കാശ് തിരിച്ചു നൽകാനൊരുങ്ങി ടോട്ടൻഹാം താരങ്ങൾ. മത്സരത്തിൽ ഒന്നിനെതിരെ ആറു ​ഗോൾക്കായിരുന്നു ടീമിന്റെ നാണംകെട്ട പരാജയം. കളി തുടങ്ങി 21- മിനുറ്റ് പിന്നിട്ടപ്പോൾ തന്നെ സ്പർസ് 5-0-ന് പിന്നിലായിരുന്നു.

"അത് മതിയായിരുന്നില്ല. ഇതുപോലുള്ള സന്ദർഭങ്ങളിൽ വാക്കുകൾ മതിയാകില്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഇത്തരമൊരു തോൽവി വേദനിപ്പിക്കുന്നു. സ്വന്തം മൈതാനത്തും പുറത്തും നിങ്ങളുടെ പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇത് മനസ്സിൽ വെച്ചുകൊണ്ട് ന്യൂകാസ്റ്റിൽ യുണൈറ്റ‍ഡിന്റെ മൈതാനമായ സെന്റ് ജെയിംസ് പാർക്കിൽ നിന്നുള്ള മത്സര ടിക്കറ്റുകളുടെ വില ആരാധകർക്ക് തിരികെ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." ക്ലബിലെ താരങ്ങൾ ഔദ്യോ​ഗിക പ്രസ്താവനയിലൂടെ പറ‍ഞ്ഞു. ഞായറാഴ്ച സംഭവിച്ചതിൽ ഇനി മാറ്റമില്ലെന്ന് ഞങ്ങൾക്കറിയാം, വ്യാഴാഴ്ച വൈകുന്നേരം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കാര്യങ്ങൾ ശരിയാക്കാൻ ഞങ്ങൾ എല്ലാം വീണ്ടും നൽകും. നിങ്ങളുടെ പിന്തുണ ഞങ്ങൾക്കൊപ്പം ഉണ്ടാകണം പ്രസ്താവനയിലൂടെ താരങ്ങൾ കൂട്ടി ചേർത്തു.

വ്യാഴാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് ടോട്ടൻഹാമിന്റെ അടുത്ത മത്സരം. ന്യൂകാസ്റ്റിൽ യുണൈറ്റഡിനെതിരായ മത്സരത്തിലെ പരാജയത്തിനു ശേഷം ഇടക്കാല മാനേജർ ക്രിസ്റ്റ്യൻ സ്റ്റെല്ലിനിയെ സ്പർസ് പുറത്താക്കിയിരുന്നു. സ്റ്റെല്ലിനിയുടെയും മുൻ മാനേജർ അന്റോണിയോ കോണ്ടെയുടെയും കീഴിൽ പ്രവർത്തിച്ചിരുന്ന റയാൻ മേസൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിനു മുമ്പ് ചുമതലയേൽക്കും.

മൂന്നാം സ്ഥാനക്കാരായ ന്യൂകാസിൽ യുണൈറ്റഡിനേക്കാളും നാലാമതുളള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാളും ആറ് പോയിന്റ് പിന്നിൽ അഞ്ചാം സ്ഥാനത്താണ് പ്രീമിയർ ലീഗ് പട്ടികയിൽ ടോട്ടൻഹാം. ലീ​ഗ് അവസാനത്തോട് അടുക്കുകയായിരിക്കെ, ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത ലക്ഷ്യമാക്കുന്ന ടീമിന് തുടർന്നുളള മത്സരങ്ങൾ നിർണായകമാണ്. ഒരു മാസം മുമ്പായിരുന്നു ടോട്ടൻഹാം മാനേജ്മെന്റുമായി ഉടക്കി അന്റോണിയോ കോണ്ടെ ടീം വിട്ടത്.

Similar Posts