ട്രാൻസ്ഫർ വിന്‍ഡോയില്‍ മറിഞ്ഞത് 18,000 കോടി; കൂടുവിട്ട താരങ്ങള്‍ ഇവരൊക്കെ...
|ഇതിനുമുമ്പ് 2017-ലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെലവായ 1.4 ബില്യൺ പൗണ്ട് എന്ന റെക്കോര്‍ഡാണ് ഇന്നലത്തെ നേട്ടത്തോടെ പഴങ്കഥയായത്
757 കോടിക്ക് ബ്രസീലിയന്‍ വിങ്ങര്‍ ആന്റണി മാത്യൂസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയതുള്‍പ്പെടെ എക്കാലത്തെയും ചെലവേറിയ ഡെഡ്ലൈൻ ഡേ സൈനിംഗ് ആണ് ഫുട്ബോള്‍ ലോകത്ത് നടന്നത്. മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ റെക്കോര്‍ഡ് തുക വാരിയെറിഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയാണ് ഇന്നലെ സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചത്. ഇതിനുമുമ്പ് 2017-ലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെലവായ 1.4 ബില്യൺ പൗണ്ട് എന്ന റെക്കോര്‍ഡാണ് ഇന്നലത്തെ നേട്ടത്തോടെ പഴങ്കഥയായത്. 1.9 ബില്യണ്‍ പൌണ്ടാണ്(ഏകദേശം 18000 കോടി) സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിനമായ ഇന്നലെ വിവിധ ടീമുകള്‍ ചെലവഴിച്ചത്.
ഒന്‍പതോളം ക്ലബുകള്‍ 100 മില്യണിലധികം പൌണ്ട് അവസാന ട്രാന്‍സ്ഫര്‍ ദിവസമായ ഇന്നലെ ചെലവഴിച്ചിട്ടുണ്ട്. കോവിഡ് ഉയര്‍ത്തിയ രണ്ട് വര്‍ഷത്തെ വെല്ലുവിളികളെ അതിജീവിച്ച ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ കോടികളാണ് ഒറ്റ ദിവസം കൊണ്ട് ചെലവഴിച്ചത്.
- ലാ ലിഗയെയും സീരി എയെയും ബുണ്ടസ്ലിഗയെക്കാളുെ ഏറ്റവുമധികം തുക ഇത്തവണ ചെലവഴിച്ചത് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ്
- പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡിട്ട് നോട്ടിങ്ഹാം ഫോറസ്റ്റ്. ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഏറ്റവും കൂടുതല്‍ സൈനിങ്ങുകള്‍ എന്ന റെക്കോര്‍ഡ് ആണ് നോട്ടിങ്ഹാം തങ്ങളുടെ പേരില്‍ കുറിച്ചത്. സെപ്തംബര്‍ ഒന്നിന് അവസാനിച്ച സിംഗിള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 21 കളിക്കാരെയാണ് നോട്ടിങ്ഹാം സ്വന്തമാക്കിയത്
- പ്രീമിയർ ലീഗ് ചരിത്രത്തില്‍ ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മറ്റേതൊരു ക്ലബിനേക്കാളും തുക ചെലവഴിക്കുന്ന ടീമെന്ന റെക്കോര്‍ഡ് ചെല്‍സി സ്വന്തമാക്കി.
- മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ തന്നെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ചെലവഴിക്കലിന്റെ റെക്കോർഡ് തകർത്തു
ട്രാൻസ്ഫർ വിന്‍ഡോയുടെ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സർപ്രൈസ് നീക്കവുമായി പല ക്ലബുകളും ഞെട്ടിച്ചു. പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി സ്വിറ്റ്സർലൻഡിന്റെ മധ്യനിരതാരം ഡെന്നീസ് സക്കരിയെ ഇത്തവണ ടീമിലെത്തിച്ചിട്ടുണ്ട്.
ഗാബോൺ സ്ട്രൈക്കർ പിയറി എമ്റിക് ഔബമെയാങിനെയും ചെൽസി സ്വന്തം തട്ടകത്തിലേക്കെത്തിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ് ബാഴ്സയിൽ നിന്നാണ് ഔബ ചെൽസിയിലേക്ക് വരുന്നത്. പ്രീമിയർ ലീഗിൽ മുമ്പ് ആഴ്സനലിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് ഔബ.14 ദശലക്ഷം യൂറോ എന്ന ട്രാൻസ്ഫർ തുകയ്ക്കാണ് ചെൽസി ഔബമെയാങ്ങാനിനെ സ്വന്തമാക്കാനുന്നത്.
ലിവർപൂളും ട്രാൻസ്ഫർ വിന്‍ഡോയുടെ സമയപരിധി അവസാനിക്കാനിരിക്കെ മികച്ച നീക്കവുമായി മുന്നോട്ടെത്തി. ബ്രസീലിൽ നിന്നുള്ള മധ്യനിരതാരം ആർതർ മെലോയെ ലിവർപൂൾ ടീമിലെത്തിച്ചു. 26-കാരനായ ആർതർ നിലവിൽ ഇറ്റാലിയൻ സൂപ്പർക്ലബ് യുവന്റ്സിനായി ആണ് കളിക്കുന്നത്.
ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ സ്വിസ് പ്രതിരോധതാരം മാനുവല്‍ അകാഞ്ജിയെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഏകദേശം 157 കോടി രൂപയാണ് അകാഞ്ജിയ്ക്ക് വേണ്ടി സിറ്റി മുടക്കിയത്. 27 കാരനായ സ്വിസ് താരവുമായി അഞ്ചുവര്‍ഷത്തെ കരാറാണ് സിറ്റിയ്ക്കുള്ളത്.
ഫ്രാന്‍സിന്റെ പ്രതിരോധതാരം വെസ്ലി ഫോഫാനയെ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സി സ്വന്തമാക്കി. ലെസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ഫോഫാന ചെല്‍സിയിലെത്തുന്നത്. ഏകദേശം 646 കോടി രൂപ മുടക്കിയാണ് ചെല്‍സി ഫോഫാനയെ റാഞ്ചിയത്.
പി.എസ്.ജിയില്‍ നിന്ന് എവര്ട്ടണ് ഇദ്രിസ ഗാന ഗുയെയെ എവര്ട്ടണ് തിരികെ ടീമിലെത്തിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തെ കരാറിലാണ് സെനഗല്‍ മിഡ്ഫീല്‍ഡര്‍ വീണ്ടും എവര്ട്ടണിലേക്കെത്തിയത്.
ബ്രസീലിയൻ താരം ആന്റണി മാത്യുസ് സാന്റോസിനെ റെക്കോര്‍ഡ് തുകക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അജാക്സില്‍ നിന്ന് റാഞ്ചിയത്. ഡെഡ്ലൈന് ഡേ സൈനിങില്‍ 82 മില്യണ്‍ പൌണ്ടാണ് ആന്റണിക്ക് വേണ്ടി മാഞ്ചസറ്റര്‍ മുടക്കിയത്. അജാക്സിന് വേണ്ടി 31 ഗോളുകൾ നേടിയിട്ടുള്ള താരത്തിന്റെ പേരില്‍ 27 അസിസ്റ്റുകളും ഉണ്ട്.
ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഏറ്റവും കൂടുതല്‍ സൈനിങ്ങുകള്‍ നടത്തിയ ക്ലബെന്ന റെക്കോര്‍ഡ് ഇനി മുതല്‍ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ പേരിലാകും. കഴിഞ്ഞ ദിവസം അവസാനിച്ച ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 21 കളിക്കാരെയാണ് നോട്ടിങ്ഹാം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 23 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗിലേക്ക് നോട്ടിങ്ഹാം തിരിച്ചെത്തുകയാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ലിങ്കാര്‍ഡ്, അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് റെനാന്‍ ലോഡി എന്നിവരാണ് നോട്ടിങ്ഹാമിലേക്ക് എത്തിയ പ്രധാന താരങ്ങള്‍. മോര്ഗന് ഗിബ്ബ്സിനായാണ് നോട്ടിങ്ഹം ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയത്. 26.5 മില്യണ്‍ പൗണ്ട്സ് ആണ് ഗിബ്സിനായി നോട്ടിങ്ഹാം ചെലവഴിച്ചത്. ഇതിനുമുമ്പ് ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 17 കളിക്കാരെ സ്വന്തമാക്കിയ ക്രിസ്റ്റല്‍ പാലസിന്റെ റെക്കോര്‍ഡാണ് നോട്ടിങ്ഹാം പഴങ്കഥയാക്കിയത്..