Sports
Twitter ,500 Advertisers,Elon Musk, musk,ട്വിറ്റര്‍, മസ്ക്, ഇലോണ്‍ മസ്ക്ഇലോണ്‍ മസ്ക്
Sports

മസ്കിന്‍റെ വരവ്; ട്വിറ്ററിന് നഷ്ടപ്പെട്ടത് അഞ്ഞൂറിലധികം പരസ്യദാതാക്കളെ

Web Desk
|
18 Jan 2023 9:34 AM GMT

പ്രതിദിന വരുമാനത്തില്‍ 40% ശതമാനത്തിന്‍റെ ഇടിവാണ് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ട്വിറ്ററിന് സംഭവിച്ചിരിക്കുന്നത്.

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് നഷ്ടപ്പെട്ടത് അഞ്ഞൂറിലധികം പരസ്യദാതാക്കളെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ട്വിറ്ററിന്‍റെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

2022 ജനുവരി 17ലെ ട്വിറ്റര്‍ വരുമാനവും ഈ വര്‍ഷം അതേ ദിവസത്തെ വരുമാനവും പരിശോധിക്കുമ്പോള്‍ പ്രതിദിനം 40% ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കമ്പനിയുടെ വരുമാനത്തിലെ ഇടിവിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് ടെക്‌നോളജി ന്യൂസ്‌ലെറ്റർ പ്ലാറ്റ്‌ഫോര്‍മര്‍ ആണ്. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ട്വിറ്ററിനോട് ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ ട്വിറ്ററിന്‍റെ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നാണ് ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ ഷെയറുകള്‍ വാങ്ങിക്കൂട്ടുന്നത്. 4400 കോടി ഡോളറാണ് (ഏകദേശം 3.67 ലക്ഷം കോടി രൂപ) ലോക സമ്പന്നൻ ഇലോൺ മസ്ക് ട്വിറ്ററിനായി ഓഹരിവിപണിയില്‍ മുടക്കിയത്. ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിലാണ് മസ്ക് ഷെയറുകള്‍ സ്വന്തമാക്കിയത്. ഇതോടെ ട്വിറ്റര്‍ ഏറ്റെടുക്കാമെന്നുള്ള ഇലോൺ മസ്കിന്റെ വാഗ്ദാനം ട്വിറ്റർ ബോർഡ് അംഗീകരിക്കുകയായിരുന്നു.

ട്വിറ്ററിനെ എക്കാലത്തെയും മികച്ചതാക്കുമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നുമായിരുന്നു അന്ന് മസ്ക് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് കണ്ടത് ഇതിനെല്ലാം കടകവിരുദ്ധമായ അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെ ആയിരുന്നു.

തലപ്പത്തെ അഴിച്ചുപണിയോടെയാണ് മസ്ക് ട്വിറ്ററില്‍ തുടക്കം കുറിച്ചത്. സി.ഇ.ഒ. പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെയുള്ള ട്വിറ്ററിന്‍‌റെ താക്കോല്‍സ്ഥാനത്തിരിക്കുന്ന പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെത്തന്നെ മസ്ക് ആദ്യം പുറത്താക്കി. അധികസമയം ജോലിയെടുക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ട മസ്ക് പുതിയ വര്‍ക്ക് കള്‍ച്ചര്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തി. ഇതോടെ സമ്മര്‍ദത്തലായ ജീവനക്കാരില്‍ പലരും സ്വമേധയാ രാജിവെച്ചു. പിന്നീട് പകുതിയോളം തൊഴിലാളികളെ ട്വിറ്ററില്‍ നിന്ന് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയും മസ്ക് വിവാദനായകനായി.

ഏറ്റവുമൊടുവിലായി ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയുണ്ടായ മാറ്റങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ അഭിപ്രായ വോട്ടെടുപ്പുമായു ഇലോണ്‍ മസ്ക് എത്തിയിരുന്നു. ട്വിറ്റര്‍ മേധാവി സ്ഥാനത്തു നിന്നു താന്‍ ഒഴിയണോ എന്നായിരുന്നു ട്വിറ്ററിലൂടെ മസ്കിന്‍റെ ചോദ്യം. അഭിപ്രായ വോട്ടെടുപ്പിന്‍റെ ഫലം താന്‍ അംഗീകരിക്കുമെന്നും മസ്ക് പറഞ്ഞു. വോട്ടെടുപ്പില്‍ മസ്കിന് കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ആകെ ഒരു കോടി 75 ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 57.5 ശതമാനം പേർ ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്‌ക്കിനെതിരായി വോട്ട് ചെയ്തു. 43 ശതമാനം പേർ മാത്രമാണ് മസ്‌കിനെ പിന്തുണച്ചത്. ട്വിറ്ററിൽ സ്വന്തം പ്രൊഫൈലിലാണ് മസ്‌ക് പോൾ പങ്കുവച്ചത്.

ഇതിനുപിന്നാലെ ട്വിറ്ററിന്‍റെ സി.ഇ.ഒ സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സി.ഇ.ഒ സ്ഥാനത്തേക്ക് മികച്ച പകരക്കാരനെ കണ്ടെത്തിയാലുടന്‍ രാജിവെക്കുമെന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞത്.

Similar Posts