എക്‌സ്‌പൈർ ആയി 'പണികിട്ടിയ' ഹോട്സ്റ്റാറും 'പണി പോയ' ചേതൻ ശർമയും വരെ; ട്വിറ്റർ ട്രെൻഡ്‌സ് അറിയാം
|കെ.എല്‍ രാഹുലിന്‍റെ സൂപ്പര്‍മാന്‍ ക്യാച്ച് മുതല്‍ ഷെഹ്സാദ റിലീസ് വരെ ഇന്ന് ട്വിറ്റര്‍ ട്രെന്‍ഡിങില്‍ എത്തി.
ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിനിടെ പണിമുടക്കിയ ഹോട്സ്റ്റാര്‍ മുതല്‍ ബി.സി.സി.ഐ സെലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ചേതന്‍ ശര്‍മയുടെ രാജിവരെ നീളുന്നു ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍ഡിങ്സ്.
ഹോട്സ്റ്റാര്‍
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ആണ് ഹോട്സ്റ്റാറിന് 'പണികൊടുത്തത്'. മത്സരത്തിന്‍റെ ലൈവ് സ്ട്രീമിന്‍റെ സംപ്രേഷണാവകാശം ഉള്ള ഹോട്സ്റ്റാറില്‍ ഇടക്ക് സ്ട്രീമിങ് പണിമുടക്കി. ഇതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. കളി കാണാന്‍ കഴിയാത്ത ദേഷ്യം ആരാധകര്‍ ഇതോടെ ട്വിറ്ററില്‍ പ്രകടിപ്പിക്കുകയായിരുന്നു.
ഡിസ്നി+ഹോട്സ്റ്റാർ തങ്ങളുടെ ആപ്പുകളിലും വെബിലും സേവനം അപ്രതീക്ഷിതമായ സാങ്കേതിക തടസ്സം നേരിടുന്നതായും ഉടന്‍ പരിഹരിക്കുമെന്നും അവര്‍ കുറിപ്പിറക്കി.
ഇതോടെ കാരണമന്വേഷിച്ചെത്തിയവര്‍ കണ്ടെത്തിയത് ഹോട്സ്റ്റാര്‍ ഡൊമൈന്‍ എക്സ്പൈര്‍ ആയിപ്പോയി എന്നാണ്. അങ്ങനെ കുറച്ച് വൈകിയെങ്കിലും ഹോട്സ്റ്റാര്‍ ഡൊമൈന്‍ പുതുക്കിയതോടെയാണ് പ്രശ്ന്ങ്ങള്‍ക്ക് പരിഹാരമായത്.
ചേതന്‍ ശര്‍മയുടെ രാജി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചേതന്‍ ശര്‍മയുടെ രാജിയാണ് പിന്നീട് ട്രെന്‍ഡ് ലിസ്റ്റില്‍ ഇടംപിടിച്ച മറ്റൊരു പ്രധാന സംഭവം. ഒരു ദേശീയ മാധ്യമം നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ചേതന്‍ ശര്‍മ കുടുങ്ങിയത്. ഇന്ത്യന്‍ സെലക്ടറുടെ വീട്ടില്‍ നിത്യസന്ദര്‍ശകരായി എത്തുന്ന താരങ്ങളെയും ഫിറ്റ്നസ് ഇല്ലാത്ത താരങ്ങളുടെ മരുന്നടിയേയുമെല്ലാം കുറിച്ച് ചേതന്‍ ശര്‍മയുടെ പുറത്തുവന്ന വീഡിയോയിലുണ്ട്.
ഇതോടെ ഇന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് ചേതന്‍ ശര്‍മ ബി.സി.സി.ഐക്ക് കത്തയക്കുകയായിരുന്നു.
കെ.എല്‍ രാഹുലിന്‍റെ സൂപ്പര്‍മാന്‍ ക്യാച്ച്
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ കെ.എല്‍ രാഹുലെടുത്ത ഒരു സൂപ്പര്‍മാന്‍ ക്യാച്ചാണ് ട്വിറ്ററിലെ അടുത്ത ചര്‍ച്ചാവിഷയം. ഓസീസിന്‍റെ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് രാഹുല്‍ ഒരു മുഴുനീള ഡൈവിലൂടെ കൈപ്പിടിയിലൊതുക്കിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ തകര്‍ത്ത് കളിച്ച താരം ഓസീസ് ഇന്നിങ്സിനെ മുന്നോട്ട് നയിക്കുമ്പോഴായിരുന്നു ജഡേജയുടെ പന്തില്‍ രാഹുലിന്‍റെ വണ്ടര്‍ ക്യാച്ചില്‍ പുറത്തായത്.
ഷെഹ്സാദ റിലീസ്
ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ ഏറ്റവും പുതിയ ചിത്രമായ ഷെഹ്‌സാദയുടെ റിലീസാണ് ഇന്ന് ട്വിറ്റര്‍ ഏറ്റെടുത്ത ട്രെന്‍ഡിങ്ങുകളിലൊന്ന്. ആദ്യം ഫെബ്രുവരി 10ന് റിലീസ് പ്രഖ്യാപിച്ച സിനിമ പിന്നീട് ഫെബ്രുവരി 17ലേക്ക് റിലീസ് മാറ്റുകയായിരുന്നു. തെലുങ്കില്‍ വമ്പന്‍ ഹിറ്റായ അല്ലു അര്‍ജുന്‍ ചിത്രം 'അല വൈകുണ്ഠപുരമുലോ'യുടെ ഹിന്ദി പതിപ്പാണ് ഷെഹ്‌സാദ. ആദ്യ ദിവസം ഏഴ് കോടി രൂപയാണ് ഷെഹ്സാദ ബോക്സോഫീസില്‍ നിന്ന് വാരിയത്.
യൂട്യൂബ് സി.ഇ.ഒയായി നീൽ മോഹൻ
യൂട്യൂബിന് പുതിയ അമരക്കാരന്‍ വരുന്നു എന്ന വാര്‍ത്തയാണ് ട്വിറ്ററിലെ മറ്റൊരു ട്രെന്‍ഡിങ് ഹാഷ്‍ടാഗ്. നിലവിലെ യൂട്യൂബ് സി.ഇ.ഒ സൂസൻ വോജിക്കി സ്ഥാനമൊഴിഞ്ഞതോടെയാണ് യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്ന നീൽ മോഹൻ സ്ഥാനമേറ്റെടുക്കുന്നത്.