Sports
ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷം; ബാബറിനെ എയറിലാക്കി ആരാധകര്‍
Sports

ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷം; ബാബറിനെ എയറിലാക്കി ആരാധകര്‍

Web Desk
|
3 Sep 2024 7:43 AM GMT

അവസാന 10 ടെസ്റ്റ് ഇന്നിങ്‌സുകളിൽ നിന്ന് ബാബർ ആകെ സ്‌കോർ ചെയ്തത് 190 റൺസാണ്

'ആരാണ് ബാബർ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നത്? എനിക്കിത് കേട്ടുകേട്ട് മടുത്തു. ബാബർ വിരാടിന്റെ അരികിൽ നിൽക്കാൻ പോലും അർഹതയില്ലാത്തൊരാളാണ്. ചാനലുകൾ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ഈ താരതമ്യങ്ങളൊക്കെ. നിലവിൽ അവരുടെ കരിയറും കണക്കുകളും പരിശോധിച്ചാൽ തന്നെ ബാബർ-കോഹ്ലി താരതമ്യം അസംബന്ധമാണെന്ന് മനസ്സിലാവും. ഇരുവരുടേയും കരിയർ അവസാനിക്കുന്ന കാലത്തും ഈ കണക്കുകൾ നിങ്ങൾ പരിശോധിക്കണം' മുൻ പാക് താരം ഡാനിഷ് കനേരിയയുടെ വാക്കുകളാണിത്. വർഷങ്ങളായി ക്രിക്കറ്റ് ലോകത്ത് നിലനിൽക്കുന്ന ബാബർ അസം- വിരാട് കോഹ്ലി താരതമ്യം അസംബന്ധമാണെന്ന് പറയുന്ന നിരവധി പേരുണ്ട് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത്. അവയിൽ മിക്കവരും മുൻ പാക് താരങ്ങളാണ് എന്ന് കൂടെയോർക്കണം.

തന്റെ കരിയറിലെ ഏറ്റവും മോശം കാലത്ത് കൂടിയാണ് മുൻ പാക് നായകൻ ബാബർ അസം കടന്ന് പോവുന്നത്. നിലവിൽ പാക് മണ്ണിലരങ്ങേറുന്ന ബംഗ്ലാദേശ് പാകിസ്താൻ ടെസ്റ്റ് സീരീസിലും അതിദയനീയമായിരുന്നു ബാബറിന്റെ പ്രകടനങ്ങൾ. റാവൽപിണ്ടിയിൽ അരങ്ങേറിയ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ സംപൂജ്യനായി മടങ്ങിയ ബാബർ രണ്ടാം ഇന്നിങ്‌സിൽ ആകെ നേടിയത് 22 റൺസ്. രണ്ടാം ടെസ്റ്റിലും കാര്യങ്ങൾക്ക് മാറ്റമൊന്നുമുണ്ടായില്ല. ആദ്യ ഇന്നിങ്‌സിൽ ബാബറിന്റെ സമ്പാദ്യം 31. രണ്ടാം ഇന്നിങ്‌സിൽ 11. ടെസ്റ്റ് ക്രിക്കറ്റിൽ ബാബർ ഒരു അർധ സെഞ്ച്വറി നേടിയിട്ട് 616 ദിവസം പിന്നിട്ടു കഴിഞ്ഞു. 2022 ഡിസംബറില്‍ കറാച്ചിയില്‍ കിവീസിനെതിരെയാണ് ബാബര്‍ അവസാനമായി ഫിഫ്റ്റി കുറിച്ചത്. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്‌സുകളിൽ നിന്ന് ബാബർ ആകെ സ്‌കോർ ചെയ്തത് 190 റൺസാണ്.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഏറെക്കുറേ ഇത് തന്നെയാണ് അവസ്ഥകൾ. കഴിഞ്ഞ ഏകദിന ലോകകപ്പിലെ പാകിസ്താന്റെ ദയനീയ പ്രകടനത്തെ തുടർന്ന് ക്യാപ്റ്റൻസി ഒഴിഞ്ഞ ബാബർ കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. ഏകദിന ഫോർമാറ്റില്‍ ബാബറിന്റെ ബാറ്റിങ് ആവറേജ് 34 ആയി കുറഞ്ഞു. മാസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങിൽ ബാബറിനെ ഒന്നാം സ്ഥാനത്ത് കണ്ട് അത്ഭുതം കൂറിയ മുൻ പാക് താരങ്ങൾ വരെയുണ്ടായിരുന്നു.

ബാബറിനെ ചൂണ്ടി ഐ.സി.സിയുടെ റാങ്കിങ് മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ആദ്യം രംഗത്തെത്തിയത് മുൻ പാക് താരം ബാസിത് അലിയാണ്. അവസാനമായി കഴിഞ്ഞ വർഷം നവംബറിൽ ഏകദിനം കളിച്ച ശേഷം ബാബർ ഇതുവരെ ഏകദിന ക്രിക്കറ്റിൽ പാക് ജഴ്‌സിയണിഞ്ഞിട്ടില്ല. എന്നാൽ ഇക്കുറിയും താരം തന്റെ ഒന്നാം റാങ്ക് നിലനിർത്തുകയായിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരാണ് രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ. ഐ.സി.സിക്ക് ഒന്നാം റാങ്ക് നൽകാൻ ബാബർ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് ബാസിത് പരിഹാസ സ്വരത്തിൽ പറഞ്ഞു.

''ആരാണ് ഈ റാങ്കിങ് തയ്യാറാക്കുന്നത്. ബാബർ അസമും ശുഭ്മാൻ ഗില്ലും ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ എങ്ങനെ വന്നു. രചിൻ രവീന്ദ്ര, ട്രാവിസ് ഹെഡ് തുടങ്ങിയവരെയൊന്നും ഈ പട്ടികയിൽ കാണാനാവാത്തത് എന്ത് കൊണ്ടാണ്. ബാബറിന് ഒന്നാം റാങ്ക് നൽകാൻ അയാൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ആവശ്യമൊന്നും ഇല്ലെന്ന് തോന്നുന്നു.

ലോകകപ്പിലാണ് ബാബർ അവസാനമായി ഒരു ഏകദിനം കളിച്ചത്. രചിൻ രവീന്ദ്ര, ട്രാവിസ് ഹെഡ്, വിരാട് കോഹ്ലി, ഡീക്കോക്ക് എന്നിവരൊക്കെ ലോകകപ്പിലുണ്ടായിരുന്നു. മൂന്നോ നാലോ സെഞ്ച്വറികള്‍ വീതം അവർ കുറിച്ചു. പാകിസ്താനായി മുഹമ്മദ് രിസ്വാനും ഫഖർ സമാനുമാണ് സെഞ്ചുറി കുറിച്ചത്. അവർക്കൊക്കെ റാങ്കിങ്ങിൽ എവിടെയാണ് സ്ഥാനം''- ബാസിത് ചോദിച്ചു. കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ കളിച്ചാണ് ബാബര്‍ റാങ്കിങ്ങില്‍ ഒന്നാമത്തെത്തുന്നത് എന്ന് നേരത്തേ മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിറും വിമര്‍ശിച്ചിരുന്നു.

ടി 20 ലോകകപ്പില്‍ അമേരിക്കയോട് അടക്കം തോല്‍വി വഴങ്ങി ഗ്രൂപ്പ് ഘട്ടം കാണാതെ പാക് ടീം പുറത്തായതോടെ ബാബറിനെതിരായ മുന്‍ പാക് താരങ്ങളുടെ വിമര്‍ശനങ്ങള്‍ ഉച്ചസ്ഥായിയിലായി. ബാബറിനെതിരെ ഗുരുതരാരോപണങ്ങളുമായി മുൻ താരം അഹ്‌മദ് ഷഹ്‌സാദ് രംഗത്തെത്തി. ബാബർ തന്റെ ഇഷ്ടക്കാരെ ടീമിൽ കുത്തിനിറക്കുന്നുവെന്ന് പറഞ്ഞ ഷഹസാദ് പാക് ടീമിൽ നിരവധി ഗ്യാങ്ങുകളുണ്ടെന്ന് വെളിപ്പെടുത്തി. ബാബർ വെറുമൊരു സോഷ്യൽ മീഡിയാ കിങ് മാത്രമാണെന്ന് ഷഹസാദ് തുറന്നടിച്ചു.

'കഴിഞ്ഞ അഞ്ച് വർഷമായി അഞ്ച് താരങ്ങൾ പാക് ടീമിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. ബാബർ അസം, ഷഹീൻ അഫ്രീദി, ഫകർ സമാൻ, മുഹമ്മദ് രിസ്വാൻ, ഹാരിസ് റഊഫ്... ഇവരുടെ ഫോം മാനേജ്‌മെന്റിന് പ്രശ്‌നമേയല്ല. തോൽക്കുമ്പോഴൊക്കെ ഞങ്ങൾ പിഴവുകളിൽ നിന്ന് പാഠം പഠിക്കും എന്നിക്കൂട്ടര്‍ ആവർത്തിച്ച് പറയുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവർ പഠിച്ചതെന്താണ് എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി ഇവർ പാക് ക്രിക്കറ്റിനെ നശിപ്പിച്ച് കളഞ്ഞു. ടീമിൽ കുറേ സോഷ്യൽ മീഡിയാ കിങ്ങുകളുണ്ട്. നാലോ അഞ്ചോ വർഷം ഇക്കൂട്ടർ തെറ്റു തിരുത്തും എന്ന് പറയുന്നു എന്നല്ലാതെ ടീമിന് നേട്ടങ്ങളൊന്നുമുണ്ടാക്കി തന്നിട്ടില്ല. ടീമില്‍ രാഷ്ട്രീയം കളിക്കുകയാണിവര്‍'- ഷഹസാദ് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിലെ ചീഫ് സെലക്ടറായിരുന്ന മുഹമ്മദ് വസീമും ബാബറിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ബാബർ വലിയ പിടിവാശിക്കാരനാണെന്നായിരുന്നു വസീമിന്റെ വിമർശനം. 'ചില മാറ്റങ്ങൾ ടീമിന് നല്ലതായിരിക്കുമെന്ന് ബാബറിന് മനസ്സിലാക്കി കൊടുക്കൽ വളരെ പ്രയാസമായിരുന്നു. അയാൾ വലിയ പിടിവാശിക്കാരനാണ്. അയാളെ ടീമിനൊപ്പം ചേർക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ടീമിലെ മാറ്റങ്ങൾ അംഗീകരിക്കാൻ ബാബര്‍ ഒരിക്കലും തയ്യാറായിരുന്നില്ല'- വസീം പറഞ്ഞു.

ഏതായാലും മുന്‍ പാക് നായകനിത് അത്ര നല്ല കാലമല്ല എന്ന് തന്നെ പറയേണ്ടി വരും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിവെ ദയനീയ പ്രകടനങ്ങള്‍ക്ക് പിറകേ ബാബര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു എന്ന തരത്തില്‍ താരത്തെ ട്രോളി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വ്യാപക പ്രചരണങ്ങള്‍ നടത്തിയിരുന്നു. ബാബറിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെ പാക് കോച്ച് ജേസന്‍ ഗില്ലസ്പി താരത്തിന് പിന്തുണയുമായി അടുത്തിടെ രംഗത്തെത്തിയിരുന്നു.

Similar Posts