
അടപടലം സിറ്റി, നാണംകെട്ട് ബയേൺ; റയലിന് വമ്പന്‍ ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടിപതറി വമ്പന്മാര്‍
യുവേഫ ചാമ്പ്യൻസ് ലീഗിൽ അടിപതറി വമ്പന്മാർ. മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ഫെയ്‌നൂദ് എഫ്.സി എതിരില്ലാത്ത മൂന്ന് ഗോളിന് നാണംകെടുത്തിയപ്പോൾ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം പി.എസ്.ജി മാഞ്ചസ്റ്റർ സിറ്റിയെ തറപറ്റിച്ചു. മറ്റു പ്രധാന മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ആർ.ബി സാൽസ്ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തപ്പോൾ ഡൈനാമോ സാഗ്രബിനെ ആഴ്‌സണൽ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. ഇറ്റാലിയൻ കരുത്തരായ ഇന്റർമിലാനും എ.സി മിലാനും വിജയം കുറിച്ചു.
മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ പിറന്ന രണ്ട് ഗോളിൽ മുന്നിലെത്തിയ ശേഷമാണ് ഗാർഡിയോളയും സംഘവും പി.എസ്.ജിക്ക് മുന്നിൽ വീണത്. 50ാം മിനിറ്റിൽ ജാക് ഗ്രീലിഷും 53ാം മിനിറ്റിൽ എർലിങ് ഹാളണ്ടുമാണ് സിറ്റിക്കായി വലുകുലുക്കിയത്. 56ാം മിനിറ്റിൽ ഡെംബെലെയിലൂടെ പി.എസ്.ജിയുടെ ആദ്യ തിരിച്ചടി. 60ാം മിനിറ്റിൽ ബർകോള പി.എസ്.ജിയെ ഒപ്പത്തിനൊപ്പമെത്തിച്ചു. 78ാം മിനിറ്റിൽ ജാവോ നേവസ് പി.എസ്.ജിക്കായി ലീഡെടുത്തു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഗോൺസാലോ റാമോസ് കൂടി വലകുലുക്കിയതോടെ പി.എസ്.ജിയുടെ കംബാക്ക് പൂർണമായി.
80 ശതമാനം നേരം പന്ത് കൈവശം വച്ചിട്ടും 30 ഷോട്ടുകൾ ഉതിർത്തിട്ടും തോൽക്കാനായിരുന്നു ബയേൺ മ്യൂണിക്കിന്റെ വിധി. ഫെയ്‌നൂദിന്റെ തട്ടകത്തിൽ വച്ചരങ്ങേറിയ പോരിൽ കളിയിലും കണക്കിലുമൊക്കെ ബയേണായിരുന്നു മുന്നിൽ. പക്ഷെ വലകുലുക്കിയത് എതിരാളികളാണെന്ന് മാത്രം. സാന്റിയാഗോ ജിമിനെസിന്റെ ഇരട്ട ഗോൾ മികവിലാണ് ഫെയ്‌നൂദിന്റെ ജയം. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ അയാസെ ഉയേദയും ഡച്ച് ക്ലബ്ബിനായി വലകുലുക്കി. ഓൺ ടാർജറ്റിൽ ബയേൺ ആറ് ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നു പോലും വലയിലെത്തിയില്ല. ഫെയ്‌നൂദാവട്ടെ ഓൺ ടാർജറ്റിൽ ആകെ അടിച്ച മൂന്ന് ഷോട്ടും വലയിലാക്കി.
സാന്റിയാഗോ ബെർണബ്യൂവിൽ ഇന്നലെ ബ്രസീലിയൻ നൈറ്റായിരുന്നു. വിനീഷ്യസും റോഡ്രിഗോയും ഇരട്ട ഗോളുമായി കളംനിറഞ്ഞ മത്സരത്തിൽ കിലിയൻ എംബാപ്പെയും വലകുലുക്കി. 71 ശതമാനം നേരവും പന്ത് കൈവശം വച്ച റയലിന്റെ സർവാധിപത്യമായിരുന്നു കളിയിൽ കണ്ടത്. കൂറ്റൻ ജയത്തോടെ ചാമ്പ്യൻസ് ലീഗില്‍ റയലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകൾ സജീവമായി.
എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സണൽ ഡൈനാമോ സാഗ്രബിനെ തകർത്തത്. ഡെക്ലാൻ റൈസും കായ് ഹാവർട്ട്‌സും ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡുമാണ് ഗണ്ണേഴ്‌സിനായി വലകുലുക്കിയത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ അർട്ടേറ്റയും സംഘവും.
മറ്റു മത്സരങ്ങളിൽ എതിരില്ലാത്ത ഒരു ഗോളിന് എ.സി മിലാൻ ജിറോണയേയും ഇന്റർമിലാൻ സ്പാർട്ടയേയും തകർത്തു. റഫേൽ ലിയാവോ എ.സി മിലാനായി വലകുലുക്കിയപ്പോൾ ലൗതാരോ മാർട്ടിനസാണ് ഇന്റർമിലാന്റെ സ്‌കോറർ