Sports
super league
Sports

വയനാടിനായി ഒറ്റക്കെട്ടായി; ​കപ്പടിച്ച് മുഹമ്മദൻ എസ്.സി.

Web Desk
|
31 Aug 2024 10:54 AM GMT

75ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദിന്റെ അബ്ദുൾ വിജയ​ഗോളിന് ഉടമയായി

മഞ്ചേരി: വയനാട് ദുരിത ബാധിതരെ സഹായിക്കാനായി സൂപ്പർ ലീ​ഗ് കേരള സംഘടിപ്പിച്ച ചാരിറ്റി മത്സരത്തിൽ മുഹമ്മദൻ എസ്.സി.ക്ക് വിജയം. 'ഒറ്റക്കെട്ടായി വയനാടിന് പന്ത് തട്ടാം' എന്ന പേരിൽ നടത്തിയ ചാരിറ്റി ഫുട്ബോൾ മത്സരത്തിൽ എസ്എൽകെ ഓൾസ്റ്റാർ ഇലവനെ 2-1ന് ആണ് മുഹമ്മദൻ എസ്.സി. തറപ്പറ്റിച്ചത്.

പയ്യനാട് സ്റ്റേഡിയത്തിൽ മഴയാണ് ആദ്യം കളിച്ചത്. കാലാവസ്ഥ പ്രതികൂലമായെങ്കിലും ​​ഗ്രൗണ്ടിൽ പന്തുരുണ്ട് തുടങ്ങിയപ്പോൾ ​ഗാലറി ആർത്തിരമ്പി. ശക്തരായ മുഹമ്മദ് എസ്.സി. ആദ്യപകുതിയിൽ തന്നെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ബിനോ ജോർജിന്റെ നേതൃത്വത്തിൽ എസ്.എൽ.കെ. ഓൾ സ്റ്റാർ ഇലവൻ വാശിയോടെ പോരാടി. മത്സരത്തിന്റെ 21-ാം മിനിറ്റിൽ നിലവിലെ ഐ ലീ​ഗ് ചാമ്പ്യന്മാർ രാംസന്യയിലൂടെ മുന്നിലെത്തിയെങ്കിലും നാലു മിനിറ്റുകൾക്കപ്പുറം ബെൽഫോർട്ട് പെനാൽറ്റിയിലൂടെ എസ്.എൽ.കെ. ഓൾ സ്റ്റാർ ഇലവിനായി തിരിച്ചുവരവ് നടത്തി. മുഹമ്മദന്റെ താരങ്ങൾ ഒരിക്കൽ കൂടി വലകുലുക്കാൻ പരിശ്രമിച്ചെങ്കിലും ​ഗോൾപോസ്റ്റ് കാത്ത സൂപ്പർലീ​ഗ് താരങ്ങൾക്ക് മുന്നിൽ മുട്ടുക്കുത്തേണ്ടി വന്നു.


മുഹമ്മദിന്റെ മുന്നേറ്റം തന്നെയായിരുന്നു രണ്ടാം പകുതിക്ക് ആവേശം കൂട്ടിയത്. മിനിറ്റുകൾ അതികരിക്കുന്നതിന് അനുസരിച്ച് ഇരുടീമുകളും ആക്രമത്തിന്റെ മൂർഛ കൂട്ടിക്കൊണ്ടിരിക്കുന്നത്.

​ഗോൾപോസ്റ്റിലേക്കുള്ള മുഹമ്മദൻസിന്റെ നിരന്തരമുള്ള ​ഗോൾ ശ്രമങ്ങൾ ​ഗെയിമിന്റെ രണ്ടാം പകുതി കണ്ണിമ ചിമ്മാതെ നോക്കി നിൽക്കാൻ കാരണമായി. ഒടുവിൽ 75ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദിന്റെ അബ്ദുൾ വിജയ​ഗോളിന് ഉടമയായി. മത്സരത്തിൻ ഇരട്ടി മധുരം പകർന്നുകൊണ്ട് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ എസ്എൽകെ ഓൾ സ്റ്റാർ ഇലവനിനായി 80ാം മിനിറ്റിൽ ഇറങ്ങിയെങ്കിലും മുഹമ്മദിന്റെ വിജയം അട്ടിമറിക്കാൻ സാധിച്ചില്ല.

കൈകോർത്ത്

വയനാടിനായി നടത്തിയ ചാരിറ്റി മത്സരത്തിൽ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാൺ ചൗവ്ബേയ്, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി പി അനിൽകുമാർ, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, എസ്.എൽ.കെ ഡയറക്ടർ ഫിരോസ് മീരാൻ, സി.ഇ.ഒ. മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു.

മത്സരത്തിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളിലെ താരങ്ങളായ സായി, ഷിയാസ് കരീം, ആർജ്യൂ, റെസ്മിൻ ഭായ് ഉൾപ്പെടെയുള്ള താരങ്ങളെ അണിനിരത്തിക്കൊണ്ട് സൗഹൃദമത്സരം എസ്.എൽ.കെ. സംഘടിപ്പിച്ചു.

മത്സരത്തിന്റെ ഹാഫ് ടൈമിൽ നടന്ന ചടങ്ങിൽ കല്യാൺ ചൗവ്ബേയ്, പയ്യനാട് സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി എഐഎഫ്എഫിന്റെ നേതൃത്വത്തിൽ വിദ​ഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് അറിയിച്ചു. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ഭാ​ഗത്ത് നിന്ന് 1 ലക്ഷം രൂപ വയനാടിനായി നൽകിയെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാൻ മീരാൻ പറഞ്ഞു. മത്സരത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയ്ക്ക് പുറമേ എസ്.എൽ.കെ.യുടെ ഭാ​ഗത്തു നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

Related Tags :
Similar Posts