നിലയുറപ്പിച്ച് ഓസീസ്; 47 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്
|രവീന്ദ്ര ജഡേജക്ക് നാല് വിക്കറ്റ്
ഇൻഡോർ: ഇന്ത്യന്‍ ബാറ്റര്‍മാര്‍ കറങ്ങി വീണ പിച്ചില്‍ നിലയുറപ്പിച്ച് ആസ്ത്രേലിയ. ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ ഒന്നാം ദിനം അവസാനിക്കുമ്പോല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ഓസീസിന് 47 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. ആസ്ത്രേലിയക്കായി ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ അര്‍ധ സെഞ്ച്വറി (60) നേടി പുറത്തായി. ഓസീസിന്‍റെ നാല് വിക്കറ്റും വീഴ്ത്തിയത് രവീന്ദ്ര ജഡേജയാണ്.
മാത്യു കുന്‍മാന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ മറുപടി ബാറ്റിങ്ങില്‍ കരുതലോടെയാണ് ഓസീസ് ബാറ്റര്‍മാര്‍ നേരിട്ടത്. എന്നാല്‍ 12 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ട്രാവിസ് ഹെഡിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ പിന്നീടെത്തിയ ലബൂഷെയിനേയും കൂട്ടുപിടിച്ച് ഉസ്മാന്‍ ഖ്വാജ ഓസീസ് സ്കോര്‍ ഉയര്‍ത്തി. സ്കോര്‍ ബോര്‍ഡില്‍ സന്ദര്‍ശകര്‍ നൂറ് കടന്നതിന് ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 31 റണ്‍സെടുത്ത ലബൂഷെയിന്‍റെ കുറ്റി രവീന്ദ്ര ജഡേജ തെറിപ്പിച്ചു.
പിന്നീടെത്തിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ കൂട്ടുപിടിച്ച് ഖ്വാജ സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തി. ഒടുക്കം 60 റണ്‍സെടുത്ത ഖ്വാജയുടെ പോരാട്ട വീര്യം ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളില്‍ അവസാനിച്ചു. 48 ാം ഓവറില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തിനെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്‍റെ കൈകളിലെത്തിച്ച് ജഡേജ തന്‍റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാത്യു കുനെമാന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ തകര്‍ന്നടിയുകയായിരുന്നു. വെറും 109 റണ്‍സിന് പേരു കേട്ട ഇന്ത്യന്‍ ബാറ്റിങ് നിര കൂടാരം കയറി. 16 റൺസ് മാത്രം വഴങ്ങിയാണ് കുനെമാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. നതാന്‍ ലിയോൺ മൂന്ന് വിക്കറ്റുമായി കുന്‍മാന് മികച്ച പിന്തുണയാണ് നല്‍കിയത്. 22 റൺസെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
കോഹ്‌ലിക്ക് പുറമെ ശുഭ്മാൻ ഗിൽ (21), രോഹിത് ശർമ (12), ശ്രീകർ ഭരത് (17), അക്‌സർ പട്ടേൽ (പുറത്താകാതെ 12) ഉമേഷ് യാദവ് (17) എന്നിവർ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. രോഹിതിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. കുനെമാൻ എറിഞ്ഞ ആറാം ഓവറിൽ രോഹിതിനെ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ ഗില്ലും മടങ്ങി. കെ.എൽ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാൻ സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു.
ഒരു റൺ മാത്രമെടുത്ത ചേതേശ്വർ പൂജാര ലിയോണിന്റെ പന്തിൽ ബൗൾഡായി. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (4) ലിയോണിന്റെ പന്തിൽ ഷോർട്ട് കവറിൽ കുനെമാന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ (0) രണ്ടാം പന്തിൽ തന്നെ മടങ്ങി.
ഉച്ചഭക്ഷണത്തിന് ശേഷം ആർ. അശ്വിനാണ് (3) രണ്ടാം സെഷനിൽ ആദ്യം പുറത്തായത്. പിന്നാലെ ഇറങ്ങിയ ഉമേഷ് യാദവ് 13 പന്തിൽ 17 റൺസ് അടിച്ചതോടെയാണ് ഇന്ത്യൻ സ്‌കോർ 100 കടന്നത്. അക്‌സർ പട്ടേലുമായുണ്ടായ ധാരണപ്പിശകിൽ മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ 24 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടിയിട്ടുണ്ട്. ഒമ്പത് റൺസ് നേടിയ ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ട്രാവിസിനെ രവീന്ദ്ര ജഡേജ എൽ.ബി.ഡബ്ല്യൂവിൽ കുടുക്കുകയായിരുന്നു. 44 റൺസുമായി ഉസ്മാൻ ഖ്വാജയും 20 റൺസുമായി മാർനസ് ലബുഷൈനുമാണ് ക്രീസിലുള്ളത്.