Sports
സച്ചിനോട് ബഹുമാനം, പക്ഷേ സഞ്ജുവിനെതിരായ വിമര്‍ശനം അനവസരത്തില്‍; സഞ്ജുവിനെ പിന്തുണച്ച് മന്ത്രി വി.ശിവൻകുട്ടി
Sports

'സച്ചിനോട് ബഹുമാനം, പക്ഷേ സഞ്ജുവിനെതിരായ വിമര്‍ശനം അനവസരത്തില്‍'; സഞ്ജുവിനെ പിന്തുണച്ച് മന്ത്രി വി.ശിവൻകുട്ടി

Web Desk
|
29 May 2022 8:01 AM GMT

സഞ്ജുവിനെതിരായ ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ വിമർശനം അനുചിതമാണെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ സഞ്ജുവിനെ വിമര്‍ശിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിനെതിരായ ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ വിമർശനം അനുചിതമാണെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലിൽ എത്തിയ ടീമാണ് സഞ്ജു നേതൃത്വം കൊടുക്കുന്ന രാജസ്ഥാന്‍ റോയല്‍സെന്നും എന്നിട്ടും ഇങ്ങനെയൊരു അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള കളിക്കാരനിൽ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നും ശിവന്‍കുട്ടി തുറന്നടിച്ചു.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ഷോയ്ക്കിടെ ആയിരുന്നു സഞ്ജുവിന്‍റെ ക്വാളിഫയറിലെ പുറത്താകലിനെക്കുറിച്ച് സച്ചിന്‍ വിമര്‍ശിച്ചത്. 'മികച്ച രീതിയില്‍ ബാറ്റ് വീശിക്കൊണ്ടിരിക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. അദ്ദേഹം ആവശ്യമില്ലാത്ത ഷോട്ടായിരുന്നു അപ്പോള്‍ കളിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് ആ സ്‌ട്രോക്ക് ഒഴിവാക്കി കളി നേരത്തെ തന്നെ പൂർത്തിയാക്കാമായിരുന്നു. ഹസരങ്കയുടെ പന്തിലാണ് സഞ്ജു വീണ്ടും പുറത്തായത്. ഇത് ആറാം തവണയാണ് ഹസരങ്ക സഞ്ജുവിന്‍റെ വിക്കറ്റ് നേടുന്നത്'. സച്ചിന്‍ പറഞ്ഞു.

മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഐ.പി.എൽ ഫൈനൽ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. നടത്തിയ സഞ്ജു വിമർശനം അനുചിതമാണെന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലിൽ എത്തിയിരിക്കുകയാണ്. സഞ്ജു സാംസൺ നേതൃത്വം നൽകുന്ന രാജസ്ഥാൻ റോയൽസ്. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നു.

Similar Posts