Sports
David Warner, Rishabh Pant,workout video

ഋഷഭ് പന്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വർക്കൗട്ട്‌ വീഡിയോ

Sports

'വിട്ടുകൊടുക്കാന്‍ തയ്യാറല്ല...' വർക്കൗട്ട്‌ വീഡിയോ പങ്കുവെച്ച് പന്ത്; സന്തോഷമെന്ന് വാര്‍ണര്‍

Web Desk
|
28 Aug 2023 12:27 PM GMT

ഋഷഭ് പന്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത് ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല, വിദേശത്തും താരത്തിന് നിരവധി ആരാധകരുണ്ട്.

ഋഷഭ് പന്തിന്‍റെ തിരിച്ചുവരവ് എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്. അപകടത്തിന് ശേഷം പതിയെ ആരോഗ്യം വീണ്ടെടുത്ത താരം ഫിറ്റ്നസ് കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ്. ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് മടങ്ങിവരാനുള്ള തന്‍റെ പരിശ്രമങ്ങളെല്ലാം തന്നെ പന്ത് സമൂഹമാധ്യമങ്ങളില്‍ക്കൂടി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ വർക്കൗട്ട്‌ വീഡിയോ കൂടി താരം തന്‍റ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇന്‍ഡോര്‍ സൈക്ലിങ് വർക്കൗട്ട്‌ ചെയ്യുന്ന വീഡിയോ ആണ് ഋഷഭ് പന്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

'ഗുഡ് വൈബ്സ്' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത് ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല, വിദേശത്തും പന്തിന് നിരവധി ആരാധകരുണ്ട്. ഒപ്പം കളിച്ചിട്ടുള്ള വിദേശ താരങ്ങളും മറ്റുമെല്ലാം പന്തിന്‍റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നുണ്ട്.

ഋഷഭ് പന്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറും താരത്തിന്‍റെ തിരിച്ചുവരവ് ആഗ്രഹിച്ച് കമന്‍റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നുവെന്നും പുഞ്ചിരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നുമായിരുന്നു വാര്‍ണറുടെ കമന്‍റ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കുമ്പോള്‍ ഡല്‍ഹിയുടെ ഓപ്പണര്‍ ആയിരുന്നു ഡേവിഡ് വാര്‍ണര്‍.


അപകടത്തിന് ശേഷം കഴിഞ്ഞ മാസമാണ് ആദ്യമായി പന്ത് ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് മടങ്ങിയെത്തുന്നത്. അന്ന് ഗ്രൌണ്ടിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പന്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ചൊരു മത്സരത്തിലാണ് പന്ത് വീണ്ടും ബാറ്റെടുത്തത്. ഐ.പി.എല്‍ ടീം ഡൽഹി ക്യാപിറ്റൽ സഹ ഉടമ പാർഥ് ജിൻഡാലാണ് മത്സരം സംഘടിപ്പിച്ചത്.

താരം ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് വരുന്നതിന്റെയും ബാറ്റ് ചെയ്യുന്നതിന്റെയും വീഡിയോ ആരാധകർ ആവേശത്തോടെ അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ബാറ്റ് ചെയ്യാനായി ഋഷഭ് പന്ത് ഗ്രൗണ്ടിലേക്ക് വരുമ്പോൾ കാണികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ആശുപത്രി വാസത്തിനും വീട്ടിലെ ചികിത്സകള്‍ക്കും ശേഷം താരം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക്(എന്‍.സി.എ) എത്തിയിരുന്നു.

എന്‍.സി.എയില്‍ ആയിരുന്നു താരത്തിന്റെ തുടർ പരിശോധനകൾ. ബി.സി.സി.ഐയും പന്തിന്റെ സുഖ വിവരങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടായിരുന്നു. ഏകദിന ലോകകപ്പിൽ പന്തിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ലോകകപ്പിന് ശേഷം ഇംഗ്ലണ്ടുമായി നടക്കുന്ന പരമ്പരയിൽ താരത്തെ കാണാമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഏതായാലും താരം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് അറിയുന്നതോടെ ആരാധകരും ഹാപ്പിയാണ്. ഇനി പുതിയ പരമ്പരകള്‍ക്കുള്ള ടീം പ്രഖ്യാപിക്കുമ്പോൾ പന്തിനെയാകും ആരാധകർ ആദ്യം നോക്കുക.

പന്തിനെ വീഴ്ത്തിയ അപകടം

2022 ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു ഋഷഭ് പന്ത്. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്. എന്നാൽ ശരീരത്തിൽ വലിയ പൊള്ളലും മുറിവുകളുമുണ്ടായിരുന്നു.

അപകടസമയത്ത് അതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.

Similar Posts