ഒരോവറിൽ 46 റൺസ് ! വൈറലായി ഒരു ടി20 മത്സരം
|ഒരോവറില്‍ പിറന്നത് ആറ് സിക്‌സുകളും രണ്ട് ഫോറുകളും!!
ഒരു ക്രിക്കറ്റ് മത്സരത്തിലെ ഒരോവറിൽ പരമാവധി പിറവിയെടുക്കാവുന്ന റൺസെത്രയാണ്? ഓവറിലെ മുഴുവൻ പന്തുകളും സിക്‌സർ പറത്തിയാൽ പിറവിയെടുക്കുന്ന 36 റൺസാണ് ഒരു ക്രിക്കറ്റ് മത്സരത്തിലെ ഒരോവറിൽ പിറവിയെടുക്കാവുന്ന പരമാവധി റൺസ്.
ഏകദിന ക്രിക്കറ്റിൽ രണ്ട് തവണ ഒരോവറിലെ മുഴുവൻ പന്തുകളും സിക്‌സറായിട്ടുണ്ട്. 2006 ൽ നെതർലാന്റ്‌സിനെതിരെ ഹെർഷൽ ഗിബ്‌സും 2021 ൽ പപ്പുവ ന്യൂഗിനിയക്കെതിരെ അമേരിക്കയുടെ ജസ്‌കരൻ മൽഹോത്രയുമാണ് കൂറ്റനടികളുമായി കളംനിറഞ്ഞത്.
ടി 20 ക്രിക്കറ്റിലും ഒരോവറിലെ മുഴുവൻ പന്തുകളും അതിർത്തിക്ക് മുകളിലൂടെ പറന്നിട്ടുണ്ട്. 2007ൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങും 2021ൽ ശ്രീലങ്കക്കെതിരെ കീറോൺ പൊള്ളാർഡുമാണ് ഈ അപൂർവ റെക്കോർഡ് കുറിച്ചത്. എന്നാൽ ഒരു മത്സരത്തിലെ ഒരോവറിൽ 46 റൺസ് പിറവിയെടുത്താൽ എങ്ങനെയുണ്ടാവും. അങ്ങനെയൊരു മത്സരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
കുവൈത്തിൽ വച്ച് നടന്ന കെ.സി.സി ഫ്രണ്ട്‌സ് മൊബൈൽ ടി20 ചാമ്പ്യൻസ് ട്രോഫിയിലാണ് ഈ അപൂർവ റെക്കോർഡ് പിറവിയെടുത്തത്. ഒരോവറിൽ രണ്ട് നോബോൾ എറിഞ്ഞ ഹർമൻ എന്ന ബോളറെ ക്രീസിലുണ്ടായിരുന്ന ബാറ്റർ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഓവറിൽ ആറ് സിക്‌സുകളും രണ്ട് ഫോറുകളും രണ്ട് നോബോളുകളുമാണ് പിറവിയെടുത്തത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.