''കോഹ്ലിയെ ഞാൻ പ്രകോപിപ്പിക്കാറില്ല, അത് വലിയ ദുരന്തമാകും''; തുറന്ന് പറഞ്ഞ് ബംഗ്ലാദേശ് താരം
|''ബോളർമാരോട് കോഹ്ലിയുടെ വിക്കറ്റ് പെട്ടെന്ന് വീഴ്ത്താൻ ഞാൻ ആവശ്യപ്പെടാറുണ്ട്''
ഇന്ത്യൻ താരം വിരാട് കോഹ്ലിയെ താൻ ഒരിക്കലും കളിക്കിടെ പ്രകോപിപ്പിക്കാറില്ലെന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുശ്ഫിഖു റഹീം. കോഹ്ലി താൻ ബാറ്റ് ചെയ്യാൻ എത്തുമ്പോഴൊക്കെ സ്ലെഡ്ജ് ചെയ്യാറുണ്ടെന്നും എന്നാൽ താൻ അങ്ങനെ തിരിച്ച് ചെയ്താൽ അത് വലിയ ദുരന്തമായിപ്പോകുമെന്നും മുഷ്ഫിഖ് സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
''ചില ബാറ്റർമാർ സ്ലെഡ്ജ് ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നു. അതിൽ അവർ ആവേശം കണ്ടെത്തുന്നു. കോഹ്ലി അങ്ങനെയൊരാളാണ്. അദ്ദേഹത്തെ ഞാന്‍ തിരിച്ച് പ്രകോപിപ്പിക്കാറില്ല. കാരണം അയാള്‍ കൂടുതൽ പ്രകോപിതനായി ഫോമിലെത്താനാണ് ഇത് വഴിവക്കുക. അതിനാൽ ബോളർമാരോട് കോഹ്ലിയുടെ വിക്കറ്റ് പെട്ടെന്ന് വീഴ്ത്താൻ ഞാൻ ആവശ്യപ്പെടും''- മുഷ്ഫിഖ് പറഞ്ഞു.
കോഹ്‍ലിക്കെതിരെ കളിക്കുമ്പോഴൊക്കെ തന്നെ അദ്ദേഹം സ്ലെഡ്ജ് ചെയ്യാറുണ്ടെന്നും ഏറെ മത്സരബുദ്ധിയുള്ള താരമാണ് കോഹ്‍ലി എന്നും മുഷ്ഫിഖ് പറഞ്ഞു . ഒരു മത്സരത്തിലും തോൽക്കരുത് എന്നതാണ് കോഹ്‍ലിയുടെ പോളിസി. കോഹ്‍ലിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യയെ നേരിടുമ്പോഴും കോഹ്ലിയെ നേരിടുമ്പോഴും വലിയ വെല്ലുവിളിയാണ് എപ്പോഴും ഞങ്ങളുടെ മുന്നിലുണ്ടാവുക. മുഷ്ഫിക് കൂട്ടിച്ചേർത്തു.