Sports
Virat Kohli ,Hugging ,Rohit Sharma ,Catch , India vs Sri Lanka, Asia Cup ,stunning catch,friendship

രോഹിത്തിനെ ചേര്‍ത്തുപിടിക്കുന്ന കോഹ്ലി

Sports

പറന്നെടുത്ത ക്യാച്ച്, രോഹിത്തിനെ ചേര്‍ത്തുപിടിച്ച് കോഹ്ലി; വൈകാരികം... സൗഹൃദം

Web Desk
|
13 Sep 2023 12:32 PM GMT

രോഹിത്തും കോഹ്ലിയും തമ്മില്‍ ഭിന്നതയുണ്ടെന്ന കുപ്രചാരണങ്ങളെയെല്ലാം അടിച്ച് ബൗണ്ടറിക്ക് പുറത്തിടുന്ന രംഗങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം ഇന്നലെ സാക്ഷിയായത്.

വിരാട് കോഹ്ലിയും രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല എന്ന ഊഹാപോഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പ് സമയത്തൊക്കെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു 'രോഹിത്-കോഹ്ലി ഭിന്നത'. പിന്നീട് വിരാട് കോഹ്ലി ബാറ്റിങ്ങില്‍ ഫോം ഔട്ടാകുകയും ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ ഇത്തരം പ്രചാരണങ്ങള്‍ കൊടുമ്പിരി കൊണ്ടു. ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍സിയിലേക്ക് രോഹിത് എത്തിയതോടുകൂടി സംഭവം സത്യമാണെന്ന തരത്തില്‍ പല സിദ്ധാന്തങ്ങളും ഉണ്ടായി.

എന്നാല്‍ കളിക്കളത്തിലെ ഇരുവരുടേയും പ്രകടനങ്ങളും സന്തോഷങ്ങള്‍ പങ്കിടുന്ന രംഗങ്ങളുമെല്ലാം ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് പല തവണ തെളിയിച്ചു. ഇരുവര്‍ക്കുമിടയിലെ ഭിന്നതാ തിയറികളെല്ലാം സ്നേഹപ്രകടനങ്ങള്‍ കൊണ്ട് പലപ്പോഴും ബൗണ്ടറി കടക്കുന്നത് കാണാനുമായി. ഇന്നലെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിലും കോഹ്ലിയും രോഹിത്തും തമ്മിലുള്ള സൌഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്ന ഒരു വൈകാരിക സംഭവമുണ്ടായി. സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയും ചെയ്തു. ഇരുവരും പരസ്പരം എത്രത്തോളം മനസിലാക്കുന്നു എന്നതിന്‍റെ തെളിവാണിതെന്നും കണ്ണു നിറക്കുന്ന കാഴ്ചയാണിതെന്നുമായിരുന്നു ആരാധകരുടെ കമന്‍റുകള്‍.


ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയെ രോഹിത് സ്ലിപ്പില്‍ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കിയപ്പോഴാണ് വൈകാരികമായ സെലിബ്രേഷന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം സാക്ഷിയായത്. പന്ത് പറന്നുപിടിച്ച രോഹിത്തിനെ ഓടിയെത്തിയ കോഹ്ലി മാറോടണച്ച് അഭിനന്ദിക്കുകയായിരുന്നു.




ലങ്കന്‍ ഇന്നിങ്സന്‍റെ 26-ാം ഓവറിലായിരുന്നു സംഭവം. ജഡേജയുടെ പന്ത് ഷനക പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ടേൺ ചെയ്തുവന്ന പന്ത് ഷനകയുടെ ബാറ്റിന്‍റെ എഡ്ജിൽ കൊള്ളുകയും, പന്ത് സ്ലിപ്പിലേക്ക് നീങ്ങുകയുമായിരുന്നു. ഒരു തകർപ്പൻ ഫുള്‍ലെങ്ത് ഡൈവിലൂടെയാണ് രോഹിത് ആ ക്യാച്ച് സ്വന്തമാക്കിയത്. ഇതോടെ ശ്രീലങ്ക 99ന് ആറെന്ന നിലയിലേക്ക് വീഴുകയും ചെയ്തു.

ക്യാച്ചെടുത്ത രോഹിത് മുട്ടുകുത്തി ഗ്രൌണ്ടില്‍ ഇരിക്കുമ്പോള്‍ ഓടിയെത്തിയ വിരാട് കോഹ്ലി രോഹിത്തിനെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ആഹ്ലാദപ്രകടനമായിരുന്നു അത്. മിനുട്ടുകള്‍ക്കുള്ളില്‍ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.


നേരത്തെ കുല്‍ദീപ് യാദവ് സമീര സമരവിക്രമയുടെ വിക്കറ്റെടുത്തപ്പോഴും കോഹ്ലി രോഹിത്തിനെ ഓടിവന്ന് ചേര്‍ത്തുപിടിച്ചിരുന്നു. എന്തായാലും ഇരുവരും തമ്മില്‍ ഭിന്നതയുണ്ടെന്ന കുപ്രചാരണങ്ങളെയെല്ലാം അടിച്ച് ബൗണ്ടറിക്ക് പുറത്തിടുന്ന രംഗങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം ഇന്നലെ സാക്ഷിയായത്. ഏകദിന ലോകകപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുന്ന കാര്യം കൂടിയാണിത്.

അതേസമയം ഏഷ്യാകപ്പിൽ ചിരവൈരികളായ പാകിസ്താനെതിരെ നേടിയ കൂറ്റൻ ജയത്തിന്റെ വീര്യത്തിൽ ഇന്നലെ ഇറങ്ങിയ ഇന്ത്യ ശ്രീലങ്കയെയും നിലംതൊടാതെ പറപ്പിച്ചു. 41 റൺസിന് ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യ ഏഷ്യാ കപ്പിന്‍റെ ഫൈനല്‍ ടിക്കറ്റുമെടുത്തു. ഇന്ത്യ ഉയർത്തിയ 214 റൺസിന്‍റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ദസുൻ ഷനകെയെയും സംഘത്തെയും 172 റൺസിൽ ഇന്ത്യന്‍ ബൌളര്‍മാര്‍ കൂടാരം കയറ്റി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ലങ്കയുടെ നടുവൊടിച്ചത്

Similar Posts