Sports
വരാനിരിക്കുന്നത് നല്ല ദിനങ്ങള്‍; കോഹ്‍ലിക്ക് ജേഴ്സി സമ്മാനിച്ച് ഹോങ്കോങ് ടീം
Sports

'വരാനിരിക്കുന്നത് നല്ല ദിനങ്ങള്‍'; കോഹ്‍ലിക്ക് ജേഴ്സി സമ്മാനിച്ച് ഹോങ്കോങ് ടീം

Web Desk
|
1 Sep 2022 3:22 PM GMT

സ്നേഹത്തോടെ ഹോങ്കോങ് ടീം സമ്മാനിച്ച ജേഴ്‌സിയുടെ ചിത്രം പിന്നീട് കോഹ്‍ലി തന്‍റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കുകയായിരുന്നു

ഏഷ്യാ കപ്പില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‍ലിക്ക് ഹൃദ്യമായ സമ്മാനവുമായി ഹോങ്കോങ് ടീം. മത്സരശേഷം തങ്ങളുടെ ജേഴ്സി വിരാടിന് സമ്മാനിച്ചാണ് ഹോങ്കോങ് ടീം മടങ്ങിയത്. കോഹ്‍ലിയെ പ്രശംസിച്ചും പ്രത്യാശ പകരുന്ന സന്ദേം പകര്‍ന്നുമാണ് ഹോങ്കോങ് ജഴ്സി സമ്മാനിച്ചത്. മത്സരത്തില്‍ ഇന്ത്യ ഹോങ്കോങിനെ 40 റണ്‍സിന് കീഴടക്കിയിരുന്നു.

ഏറെക്കാലത്തിന് ശേഷം വിരാട് ഫോമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഹോങ്കോങിനെതിരെ നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ഇന്നിങ്സില്‍ കോഹ്‍ലി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. അവസാന ഓവറുകളിലെ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് കൂടിയായതോടെ ഇന്ത്യ മികച്ച ടോട്ടലിലേക്ക് എത്തുകയായിരുന്നു. ഫോം കണ്ടെത്താതെ ഉഴറിയിരുന്ന കോഹ്‍ലി അര്‍ധസെഞ്ച്വറിയോടെയാണ് മത്സരം മുന്നില്‍ നിന്നു നയിച്ചത്. ഒപ്പം 'സ്കൈ' കൂടി ആരാധകരുടെ പ്രതീക്ഷക്കൊപ്പം ഉയര്‍ന്നതോടെ കളി ഇന്ത്യക്ക് അനുകൂലമാകുകയായിരുന്നു.

ബീസ്റ്റ് മോഡില്‍ ബാറ്റുവീശിയ സൂര്യകുമാര്‍ യാദവ് 26 പന്തില്‍ ആറ് ബൌണ്ടറികളും ആറ് സിക്സറുകളുമുള്‍പ്പെടെ 68 റണ്‍സെടുത്തപ്പോള്‍ 44 പന്തില്‍ ഒരു ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പെടെ 59 റണ്‍സുമായി കോഹ്‍ലി സെന്‍സിബിള്‍ ഇന്നിങ്സാണ് കളിച്ചത്. ഫിഫ്റ്റി നേടിയതോടെ ഏറ്റവും കൂടുതല്‍ ടി20 അര്‍ധസെഞ്ച്വറികളുടെ കാര്യത്തില്‍ കോഹ്‍ലി ഇതോടെ രോഹിതിനൊപ്പം ഒന്നാം സ്ഥാനത്തെത്തി. 31 അര്‍ധസെഞ്ച്വറികളാണ് കോഹ്‍ലിയുടെയും രോഹിതിന്‍റെയും പേരിലുള്ളത്. ഇവരിരുവരുമാണ് അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറി നേടിയ താരങ്ങള്‍.

അതേസമയം ഈ വര്‍ഷം ടി20 മത്സരങ്ങളില്‍ നിന്നായി കോഹ്‍ലി നേടുന്ന രണ്ടാമത്തെ മാത്രം അര്‍ധസെഞ്ച്വറിയാണ്. ഏകദിനങ്ങളിലും രണ്ട് അര്‍ധസെഞ്ച്വറി മാത്രമാണ് താരത്തിന് ഈ വര്‍ഷം കണ്ടെത്താന്‍ കഴിഞ്ഞത്.

ഏറെ നാളിന് ശേഷം മികച്ച ഇന്നിങ്സുമായ കളംനിറഞ്ഞ കോഹ്‍ലിക്ക് മത്സരശേഷം ആശംസകള്‍ പകര്‍ന്നുകൊണ്ടാണ് ഹോങ്കോങ് ടീം ജേഴ്സി സമ്മാനിച്ചത്. ഹോങ്കോങ് ടീമിലെ എല്ലാ താരങ്ങളും ഒപ്പിട്ട ജേഴ്‌സിയാണ് അവര്‍ സമ്മാനിച്ചത്. അതില്‍ എഴുതിയ വരികള്‍ ഇങ്ങനെയാണ്. ''ഒരു തലമുറയെ മുഴുവന്‍ പ്രചോദിപ്പിച്ചതിന് നന്ദി വിരാട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഒരുപാട് നല്ല ദിവസങ്ങള്‍ ഇനിയും നിങ്ങള്‍ക്കായി വരാനുണ്ട്.'' ടീം ഹോങ്കോങ്.

സ്നേഹത്തോടെ ഹോങ്കോങ് ടീം സമ്മാനിച്ച ജേഴ്‌സിയുടെ ചിത്രം പിന്നീട് കോഹ്‍ലി തന്‍റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കുകയായിരുന്നു. ഒത്തിരി മധുരമുള്ള സമ്മാനമാണിതെന്നും ടീമിനോട് കടപ്പെട്ടിരിക്കുന്നുവെന്നും കുറിച്ചാണ് ചിത്രം കോഹ്‍ലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്.

Similar Posts