'ആഹാ... സൂപ്പർമാൻ കോഹ്ലി'; നേപ്പാൾ താരം ആസിഫിനെ കൂടാരം കയറ്റിയ കിടിലൻ ക്യാച്ച്| വീഡിയോ
|ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കുന്ന പട്ടികയിൽ നാലാം സ്ഥാനത്തെത്തി വിരാട്
മഴ രസംകൊല്ലിയായ ഏഷ്യാകപ്പിലെ ഇന്ത്യ- നേപ്പാൾ മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ ഒരു ക്യാച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 30-ാം ഓവറിൽ അപകടകാരിയായ നേപ്പാളി ബാറ്റർ ആസിഫ് ഷെയ്ഖിനെയാണ് തന്റെ സൂപ്പർമാൻ ക്യാച്ചിലൂടെ വിരാട് കൂടാരം കയറ്റിയത്. മുഹമ്മദ് സിറാജിന്റെ പന്ത് നേരിടുകയായിരുന്നു ആസിഫ് എന്നാൽ ബോൾ ബാറ്റിന്റെ എഡ്ജിൽ തട്ടി ഉയർന്ന് പൊങ്ങി സ്ലിപ്പിൽ ഫീൽഡിലുണ്ടായിരുന്ന കൊഹ്ലിയുടെ തലക്ക് മുകളിലൂടെ ഒറ്റക്കാലിൽ പൊങ്ങി വലതുകൈമാത്രം മുകളിലേക്ക് ഉയർത്തി കോഹ്ലി ബോൾ തന്റെ കൈക്കുള്ളിലൊതുക്കി. സൂപ്പർമാൻ ആക്ഷൻ, ഈ ക്യാച്ചാണ് സോഷ്യൽ മീഡിയയൽ നിമിഷങ്ങൾക്കുള്ളിൽ വൈറലായത്.
മികച്ച ഫോമിലായിരുന്ന ആസിഫിനെ പുറത്താക്കിയത് ഇന്ത്യൻ ക്യാമ്പിൽ ഉണ്ടാക്കിയ ഓളം ചില്ലറയല്ല. നേപ്പാൾ നിരയിൽ ഏറ്റവും കൂടുതൽ റൺസടിച്ച് ക്രീസിൽ ഉറച്ചുനിന്നതും ആസിഫ് ഷെയ്ഖായിരുന്നു. 97 ബോളിൽ എട്ട് ഫോറിന്റെ അകമ്പടിയോടെ 58 റൺസായിരുന്നു ആസിഫ് അടിച്ചെടുത്തത്. ഇതോടെ ഇന്ത്യക്കെതിരെ അർധ സെഞ്ച്വുറി നേടുന്ന ആദ്യ നേപ്പാള്‍ താരമായി ആസിഫ് മാറി. നേപ്പാളിനായി 2021ല്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ച വലംകൈയനായ ആസിഫ് ഷെയ്ഖിന് 22 വയസ് മാത്രമാണ് ഇപ്പോള്‍ പ്രായം. ടീമിലെ ഓപ്പണറായ താരം വിക്കറ്റ് കീപ്പറുമാണ്.
ക്യാച്ചിലെ ഹീറോ
ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കുന്ന പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്തെത്തി വിരാട്. ആസിഫിന്റെ ക്യാച്ചെടുത്തതോടെയാണ് 143 ക്യാച്ചുമായി പട്ടികയിൽ നാലാം സ്ഥാനത്തെത്തിയത്. ഏറ്റവും കൂടുതൽ ക്യാച്ചുകളെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഫീൽഡർ ഇപ്പോൾ കോഹ്ലിയാണ്. 156 ക്യാച്ചുമായി മുഹമ്മദ് അസറുദ്ദീനാണ് മുന്നിൽ. 218 ക്യാച്ചുമായി മുൻ ശ്രീലങ്കൻ താരം മഹേല ജയവർധനയാണ് പട്ടികയിലെ രാജാവ്. മുൻ ആസത്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് 16 ക്യാച്ചുമായി രണ്ടാമതുണ്ട്. അസറുദ്ദീൻ മൂന്നാമതും 142 ക്യാച്ചുള്ള റോസ് ടെയിലറെ പിന്നിലാക്കിയാണ് കോഹ്ലി നാലാം സ്ഥാനത്തെത്തിയത്.
അതേസമയം, 37.5 ഓവർ പിന്നിടുമ്പോൾ മഴ തടസപ്പെടുത്തിയ ഇന്ത്യ- നേപ്പാള്‍ മത്സരം പുനരാരംഭിച്ചു. നിലവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 229 എന്ന നിലയിലാണ് നേപ്പാൾ.