'ശ്വാസം വിടാൻ സമയം കൊടുക്കാമോ?' കളിക്കിടെ ജഡേജയോട് കയര്‍ത്ത് കോഹ്ലി
|ബംഗളൂരു ഇന്നിങ്‌സിലെ 11ാം ഓവറിലായിരുന്നു സംഭവം
ഐ.പി.എൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ തകർപ്പൻ ജയമാണ് ചെന്നൈ ഇന്നലെ കുറിച്ചത്. ആർ.സി.ബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കേ ചെന്നൈ മറികടന്നു. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. നേരത്തേ നാല് വിക്കറ്റുമായി കളംനിറഞ്ഞ മുസ്തഫ്‌സുറഹ്മാനാണ് സി.എസ്.കെയുടെ വിജയ ശിൽപി.
മത്സരത്തിൽ ബംഗളൂരു ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി 20 പന്തിൽ 21 റൺസാണ് എടുത്തത്. ഇപ്പോഴിതാ മത്സരത്തിനിടെ വിരാട് കോഹ്ലിക്കും ചെന്നൈ താരം രവീന്ദ്ര ജഡേജക്കുമിടയിൽ നടന്ന രസകരമായൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബംഗളൂരു ഇന്നിങ്‌സിലെ 11ാം ഓവറിലായിരുന്നു സംഭവം.
സ്‌ട്രൈക്കേഴ്‌സ് എന്റിൽ കാമറൂൺ ഗ്രീൻ. പന്തെറിയാനെത്തിയത് രവീന്ദ്ര ജഡേജ. ഒരു പന്തെറിഞ്ഞ ജഡേജ അടുത്ത പന്തെറിയാനായി പെട്ടെന്ന് തന്നെ തയ്യാറെടുത്തു. എന്നാൽ ഗ്രീൻ പന്ത് നേരിടാൻ ഒരുങ്ങിയിരുന്നില്ല. ഇന്ത് കണ്ട് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍റില്‍ നില്‍ക്കുകയായിരുന്ന കോഹ്ലി ജഡേജയോട് 'അയാൾക്കൊന്ന് ശ്വാസം വിടാൻ സമയം നൽകാമോ?' എന്ന് ചോദിച്ചു. കോഹ്ലിയുടെ സംസാരം സ്റ്റംബ് മൈക്ക് പിടിച്ചതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോഹ്ലിയുടെ ചോദ്യം കേട്ട് പുഞ്ചിരിക്കുന്ന ജഡേജയെയും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.
സ്വന്തം തട്ടകമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ബാറ്റിങിലും ബൗളിങിലും ആധിപത്യം പുലർത്തിയാണ് സിഎസ്‌കെ 17ാം സീസണിൽ വരവറിയിച്ചത്. ശിവം ദുബെ 28 പന്തിൽ 34 റൺസും രവീന്ദ്ര ജഡേജ 17 പന്തിൽ 25 റൺസുമെടുത്ത് ചെന്നൈയെ വിജയതീരമണച്ചു. ആദ്യ ഐപിഎൽ സീസൺ കളിക്കുന്ന ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര 15 പന്തിൽ 37 റൺസെടുത്ത് ടോപ് സ്‌കോററായി. അജിൻക്യ രഹാനെ (27), ഡാരൻ മിച്ചൽ(22), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്(15) എന്നിവരും മികച്ച പിന്തുണ നൽകി. ബെഗളൂരുവിനായി ഓസീസ് താരം കാമറൂൺ ഗ്രീൻ രണ്ടുവിക്കറ്റ് വീഴ്ത്തി.