'ഖിച്ച്ടി' മാത്രം കഴിച്ചാല്‍ ലോകകപ്പ് നേടാം...!; ധോണിയുടെ ലോകകപ്പ് കാലത്തെ അന്ധവിശ്വാസത്തെക്കുറിച്ച് സെവാഗ്
|2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പല താരങ്ങളും പല തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ അന്ന് വെച്ചുപുലര്‍ത്തിയിരുന്നതായാണ് സെവാഗ് പറയുന്നത്.
ക്രിക്കറ്റ് ലോകത്ത് ഭാഗ്യത്തിനും വിശ്വാസത്തിനും ഒക്കെ സ്ഥാനമുള്ളതുപോലെ അന്ധവിശ്വാസങ്ങള്‍ക്കും സ്ഥാനമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. പല ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ കരിയറിലുടനീളം അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നതായി സെവാഗ് വ്യക്തമാക്കി. ക്യാപ്റ്റന്‍ കൂള്‍ എന്ന് ലോകം മുഴുവന്‍ വിളിക്കുന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ മഹേന്ദ്ര സിങ് ധോണിയും ചില അന്ധവിശ്വാസങ്ങളുടെ ഭാഗമായിരുന്നുവെന്നും സെവാഗ് പറയുന്നു.
2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പല താരങ്ങളും പല തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ അന്ന് വെച്ചുപുലര്‍ത്തിയിരുന്നതായാണ് സെവാഗ് പറയുന്നത്. ടീം ക്യാപ്റ്റന്‍ ധോണിക്കുള്‍പ്പെടെ ഇത്തരം അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നതായും താരം തുറന്നുപറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു വേണ്ടി മുത്തയ്യ മുരളീധരനുമായി നടത്തിയ ടോക് ഷോയിലാണ് സെവാഗ് 2011 ലോകകപ്പ് ഓര്‍മകള്‍ പങ്കുവെച്ചത്. 2023 ലോകകപ്പ് ക്രിക്കറ്റിന്റെ ഫിക്‌സ്ചര്‍ പുറത്തിങ്ങുന്ന ചടങ്ങിലായിരുന്നു സെവാഗിന്‍റെ വെളിപ്പെടുത്തല്‍
ലോകകപ്പ് സമയത്ത് ടീമിന്‍റെ വിജയത്തിന് വേണ്ടി ധോണി പ്രത്യേക ഭക്ഷണക്രമമാണ് പിന്തുടർന്നിരുന്നതെന്ന് സെവാഗ് പറഞ്ഞു. അരിയും പയറും കൊണ്ടുണ്ടാക്കിയ 'ഖിച്ച്ടി' എന്ന ഭക്ഷണമായിരുന്നു ധോണി കഴിച്ചിരുന്നതെന്ന് സെവാഗ് വെളിപ്പെടുത്തി."ധോണിക്ക് മാത്രമല്ല ലോകകപ്പ് സമയത്ത് പലര്‍ക്കും പല തരത്തിലുള്ള വിശ്വാസങ്ങൾ ഉണ്ടായിരുന്നു. ഭക്ഷണ കാര്യത്തില്‍ ധോണി പ്രത്യേക വിശ്വാസം സൂക്ഷിച്ചിരുന്നു. അരിയും പയറും കൊണ്ടുണ്ടാക്കിയ 'ഖിച്ച്ടി' മാത്രമാണ് ധോണി ലോകകപ്പ് സമയത്ത് ഭക്ഷിച്ചിരുന്നത്. ഖിച്ച്ടി കഴിക്കുന്നതുകൊണ്ട് ടീം വിജയിക്കുമെന്നൊരു വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു''. സെവാഗ് പറഞ്ഞു