ബ്രസീലിയൻ 'അത്ഭുതബാലനെ' സ്വന്തമാക്കി ബാഴ്‌സലോണ
|നെയ്മറിനെ പോലെ ബ്രസീലിയൻ ലീഗിൽ നിന്ന് നേരിട്ട് ബാഴ്സയിലെത്തുന്ന താരത്തിന്റെ അരങ്ങേറ്റം കാണാൻ സ്പാനിഷ് ടീമിന്റെ ആരാധകർ കുറച്ചധികം കാത്തിരിക്കേണ്ടി വരും
ബ്രസീലുകാരനായ യുവ ആക്രമണതാരം വിറ്റോർ റോക്കെയെ സ്വന്തമാക്കി സ്പാനിഷ് വന്മാരായ ബാഴ്‌സലോണ. ബ്രസീലിയൻ ക്ലബ്ബ് അത്‌ലറ്റികോ പരാനേൻസിൽ നിന്നാണ് 18 വയസ്സുള്ള താരത്തെ ബാഴ്‌സ വാങ്ങിയത്. ആഴ്‌സനൽ, ടോട്ടനം ഹോട്‌സ്പർ, ചെൽസി, ബയേൺ മ്യൂണിക്ക്തുടങ്ങിയ വൻതോക്കുകളിൽ നിന്നുള്ള കടുത്ത മത്സരം അതിജീവിച്ചാണ് ഈ ട്രാൻസ്ഫർ. 2023-24 സീസൺ കൂടി പരാനേൻസിൽ കളിച്ച ശേഷമായിരിക്കും താരം സ്പാനിഷ് ലീഗിലേക്ക് എത്തുക.
ബാഴ്‌സ ഓഫർ ചെയ്ത 40 മില്യൺ യൂറോ എന്ന തുകയ്‌ക്കൊപ്പം കാറ്റലൻ ക്ലബ്ബിൽ കളിക്കാനുള്ള റോക്കെയുടെ താൽപര്യം കൂടി ചേർന്നപ്പോഴാണ് ട്രാൻസ്ഫർ യാഥാർത്ഥ്യമായത്. 2024-ൽ താരം അഞ്ചുവർഷ കരാറിൽ ഒപ്പുവെക്കുമെന്നും 500 ദശലക്ഷം യൂറോ ആയിരിക്കും റിലീസ് വ്യവസ്ഥ എന്നും ബാഴ്‌സ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ബ്രസീലിൽ ടൈഗ്രിഞ്ഞോ എന്ന പേരിൽ അറിയപ്പെടുന്ന വിറ്റോർ റോക്കെ ബ്രസീൽ ദേശീയ യുവ ടീമുകൾക്കു വേണ്ടി നടത്തിയ മിന്നും പ്രകടനത്തോടെയാണ് യൂറോപ്യൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായത്. ലോകകപ്പിനു ശേഷം മൊറോക്കോയുമായി നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടിയ റോക്കെ, ഈ വർഷം നടന്ന ദക്ഷിണ അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. ടൂർണമെന്റിൽ ആറു ഗോൾ നേടിയ താരത്തിന്റെ മികവ് ബ്രസീലിന്റെ കിരീടധാരണത്തിൽ നിർണായകമായി.
വെറ്ററൻ താരം റോബർട്ട് ലെവൻഡവ്‌സ്‌കിക്കു പകരക്കാരനായി 'നമ്പർ 9' പൊസിഷനിലേക്കാണ് ബാഴ്‌സ റോക്കെയെ പരിഗണിക്കുന്നത് എന്നാണ് സൂചന. 34-കാരനായ ലെവൻഡവ്‌സ്‌കിക്ക് രണ്ട് സീസൺ കൂടി കരാറുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഇൽകേ ഗുണ്ടോഹൻ കൂടി ഈ സീസണിൽ ടീമിലെത്തിയതിനാൽ ആക്രമണത്തിൽ ആവശ്യത്തിനു കളിക്കാർ ബാഴ്‌സയുടെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് റോക്കെയെ ബ്രസീലിയൻ ലീഗിൽ തുടരാൻ അനുവദിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.