'ഞാന്‍ കൊക്കെയിന്‍ അടിമയായിരുന്നു': വെളിപ്പെടുത്തലുമായി വസിം അക്രം
|പുറത്തിറങ്ങാൻ പോകുന്ന ആത്മകഥയിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്ന് വസിം അക്രം
താന്‍ കൊക്കെയിന്‍ അടിമയായിരുന്നുവെന്ന് പാക് മുന്‍ ക്രിക്കറ്റ് താരം വസിം അക്രം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ടെലിവിഷൻ അവതാരകനായതോടെയാണ് കൊക്കെയ്ൻ ഉപയോഗം തുടങ്ങിയതെന്ന് താരം വെളിപ്പെടുത്തി. 'ദ ടൈംസി'ന് നല്കിയ അഭിമുഖത്തിലാണ് അക്രത്തിന്റെ വെളിപ്പെടുത്തല്‍. പുറത്തിറങ്ങാൻ പോകുന്ന ആത്മകഥയിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നും അക്രം പറഞ്ഞു.
"ദക്ഷിണേഷ്യയിലെ പ്രശസ്തിയുടെ സംസ്കാരം വഴിതെറ്റിക്കുന്നതും അഴിമതി നിറഞ്ഞതുമാണ്. നിങ്ങൾക്ക് ഒരു രാത്രി 10 പാർട്ടികളിൽ പോകാം. ചിലർ പോകുന്നുണ്ട്. അത് എന്നെയും ബാധിച്ചു. അതെന്നെ അസ്ഥിരനാക്കി. എന്റെ ഭാര്യ ഹുമ ഈ സമയത്ത് പലപ്പോഴും തനിച്ചായിരുന്നുവെന്ന് എനിക്കറിയാം. കറാച്ചിയിലേക്ക് പോകാനും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അരികെ താമസിക്കാനുമുള്ള ആഗ്രഹത്തെക്കുറിച്ച് അവൾ സംസാരിച്ചിരുന്നു. ഞാൻ മടിച്ചു"- വസിം അക്രം പറഞ്ഞു.
ഇംഗ്ലണ്ടിലായിരുന്നപ്പോൾ ആദ്യമെല്ലാം ലഹരി ഉപയോഗം രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്ന് അക്രം പറഞ്ഞു. പിന്നീട് കാര്യങ്ങൾ കൈവിട്ടു. തന്നെ ലഹരിയുടെ ലോകത്തുനിന്ന് മോചിപ്പിക്കുക എന്നതായിരുന്നു ഹുമയുടെ അവസാന നാളുകളിലെ വെല്ലുവിളിയെന്നും അത് സംഭവിച്ചുവെന്നും അക്രം പറഞ്ഞു. പിന്നീട് താൻ തിരിഞ്ഞുനോക്കിയിട്ടില്ല. 2009ല്‍ തന്റെ ആദ്യ ഭാര്യ ഹുമയുടെ മരണത്തിനു ശേഷം ലഹരി ഉപയോഗം നിര്‍ത്തിയെന്നും വസിം അക്രം വെളിപ്പെടുത്തി.
പാകിസ്താൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് വസിം അക്രം. പാകിസ്താന്റെ 1992ലെ ഏകദിന ലോകകപ്പ് വിജയത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 1999ലെ ലോകകപ്പിൽ പാകിസ്താന് ഫൈനലിലെത്തുമ്പോള്‍ അക്രമായിരുന്നു ക്യാപ്റ്റന്‍. 104 ടെസ്റ്റുകളില്‍ നിന്നായി 414 വിക്കറ്റും 356 ഏകദിനങ്ങളിൽ നിന്നായി 502 വിക്കറ്റും നേടിയിട്ടുണ്ട്. 2003ലാണ് വിരമിച്ചത്.